ന്യൂഡൽഹി: 'ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്' എഴുതാനുണ്ടായ പ്രധാന കാരണം വെളിപ്പെടുത്തി മുൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. തന്റെ കുടുംബത്തിനെതിരെ വർഷങ്ങളായി തുടരുന്ന വ്യാജവും വേദനാജനകവുമായ പ്രചാരണങ്ങൾക്ക് മറുപടി നൽകുകയും സത്യം വെളിപ്പെടുത്തുകയുമായിരുന്നു ലക്ഷ്യം. പുസ്തകം എഴുതാൻ തയ്യാറാവാതിരുന്ന തന്നെ സുഹൃത്തുക്കളും അടുപ്പക്കാരും നിർബന്ധിക്കുകയായിരുന്നുവെന്നും സോണിയ പറഞ്ഞു. ന്യൂഡൽഹിയിൽ നടന്ന പുസ്തകപ്രകാശന ചടങ്ങിൽ വെച്ചാണ് അവർ ഇക്കാര്യം തുറന്നുപറഞ്ഞത്.
ഭർതൃമാതാവ് ഇന്ദിരാഗാന്ധി, ഭർത്താവ് രാജീവ് ഗാന്ധി, മക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെക്കുറിച്ചും തനിക്കെതിരെയും പ്രചരിക്കുന്ന പല കഥകളും തികച്ചും അവിശ്വസനീയവും യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്തതുമാണ്. വേദനാജനകമായ ഇത്തരം വ്യാജപ്രചാരണങ്ങൾക്കെതിരെ ശബ്ദിക്കേണ്ടതുണ്ടെന്നും സ്വന്തം കഥ തുറന്നുപറയാൻ ഏറ്റവും അനുയോജ്യമായ വഴി ഈ പുസ്തകമാണെന്നും ചിന്തിച്ചു.
ആദ്യമൊന്നും പുസ്തകം എഴുതാൻ തനിക്ക് താല്പര്യമില്ലായിരുന്നുവെന്ന് സോണിയാ ഗാന്ധി വ്യക്തമാക്കി. എന്നാൽ മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടുത്ത സുഹൃത്തായ മഞ്ജുളികയും നൽകിയ നിരന്തരമായ പ്രോത്സാഹനവും നിർബന്ധവുമാണ് ഒടുവിൽ പുസ്തകം എഴുതാൻ പ്രേരിപ്പിച്ചത്.
ഇറ്റലിയിൽ നിന്ന് ഇന്ത്യയിലെത്തിയ താൻ ഒരു 'അപരിചിത' എന്ന നിലയിൽ നിന്ന് ഇവിടുത്തെ സംസ്കാരവുമായും പുതിയ കുടുംബവുമായും പൊരുത്തപ്പെടാൻ നടത്തിയ അതിജീവനത്തിന്റെ പോരാട്ടത്തെയാണ് 'ബിലോങ്ങിങ്' (Belonging - സ്വന്തമെന്ന തോന്നൽ) എന്ന വാക്ക് സൂചിപ്പിക്കുന്നത്. വിവാഹശേഷം പുതിയൊരു അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ കഠിനാധ്വാനം ചെയ്യേണ്ടിവരുന്ന ഇന്ത്യയിലെ കോടിക്കണക്കിന് സാധാരണ പെൺകുട്ടികളുടെ ജീവിതപോരാട്ടത്തിന് സമാനമായിരുന്നു തന്റെയും അനുഭവങ്ങളെന്ന് അവർ കൂട്ടിച്ചേർത്തു.
പ്രതികരണം ‘അതിശയിപ്പിക്കുന്നത്’; ‘ബിലോങ്ങിംഗ്’ എന്ന പുസ്തകം എഴുതാനുണ്ടായ കാരണം വെളിപ്പെടുത്തി സോണിയ ഗാന്ധി
