ന്യൂഡൽഹി: ബച്ചൻ കുടുംബത്തിന് വീണ്ടും വധഭീഷണി. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനുമാണ് വധഭീഷണി. എത്ര വലിയ ബുളളറ്റ് പ്രൂഫ് ഗ്ലാസിനകത്തായാലും കൊല്ലുമെന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്. ഗുണ്ടാ നേതാവ് ഗോൾഡി ദില്ലന്റെ പേരിലാണ് ഭീഷണി പോസ്റ്റ്. തന്റെ കൂട്ടാളികളാണ് പിടിയിലായതെന്നും ദില്ലൻ പറയുന്നു. മുംബൈയിൽ 200 ലധികം ഷൂട്ടർമാരുണ്ടെന്നും സന്ദേശത്തിലുണ്ട്. ലോറൻസ് ബിഷ്ണോയ് സംഘവുമായി ബന്ധമുളള പിടികിട്ടാപ്പുളളിയാണ് ഗോൾഡി ദില്ലൻ. ഡൽഹിയിൽ പിടിയിലായ ലോറൻസ് ബിഷ്ണോയി സംഘത്തിലെ രണ്ട് ഷൂട്ടർമാർ ഉന്നമിട്ടത് അമിതാഭ് ബച്ചനെയായിരുന്നന്ന് സ്പെഷ്യൽ സെൽ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. സൽമാൻ ഖാൻ, ആമിർ ഖാൻ, രൺവീർ സിങ്, കപിൽ ശർമ, ഗുരു രൺധാവ തുടങ്ങിയ താരങ്ങളെയും സംഘം ലക്ഷ്യമിട്ടിരുന്നുവെന്നാണ് കണ്ടെത്തൽ.
അമിതാഭ് ബച്ചന്റെ മുംബൈയിലെ വസതിക്ക് മുന്നിൽ വെടിവെപ്പ് നടത്താൻ പദ്ധതിയിട്ടെന്ന് അറസ്റ്റിലായ ഷൂട്ടർമാർ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയെന്നാണ് സ്പെഷ്യൽ സെൽ വൃത്തങ്ങൾ പറയുന്നത്. ഇതുസംബന്ധിച്ച് ഗൂഢോലോചനയ്ക്കായി സംഘം മുംബൈയിൽ എത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് വികാസ് താക്കൂർ, ദീപക് സിങ് എന്നിവരെ സെപ്ഷ്യൽ സെൽ പിടികൂടിയത്.മുംബൈ പൊലീസിന്റെ സഹായത്തോടെയാണ് ഇരുവരെയും ഡൽഹി പൊലീസ് പിടികൂടിയത്. മുംബൈയിൽ തുടരാനും ബച്ചന്റെ വസതിക്ക് മുന്നിൽ ആക്രമണം നടത്താനും ദീപക് സിങ്ങിന് നിർദ്ദേശം ലഭിച്ചിരുന്നുവെന്നാണ് വിവരം.
ഇതിനിടെ തന്റെ കൂട്ടാളികളാണ് പിടിയിലായതെന്ന് അവകാശവാദവുമായി ഗുണ്ടനേതാവ് ഗോൾഡി ദില്ലൻ രംഗത്ത് എത്തി. എത്ര വലിയ ബുളളറ്റ് പ്രൂഫ് ഗ്ലാസിനകത്തായാലും കൊല്ലുമെന്നാണ് ഭീഷണി. മുംബൈയിൽ 200 ലധികം ഷൂട്ടർമാരുണ്ടെന്നാണ് അവകാശവാദം. ഭീഷണി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ അമിതാഭ് ബച്ചൻ അതിജീവിച്ചു എന്ന് ഏക്സിൽ കുറിച്ചു. എന്നാൽ ആക്രമണവുമായി ബന്ധപ്പെട്ടാണോ പോസ്റ്റെന്ന് വ്യക്തമല്ല.
സൽമാൻ ഖാൻ, ആമിർ ഖാൻ, രൺവീർ സിങ്, കപിൽ ശർമ, ഗുരു രൺധാവ എന്നിവരും ഇവരുടെ ഹിറ്റ് ലിസ്റ്റിൽ ഉണ്ടായിരുന്നു. ഭീഷണി സാഹചര്യം കണക്കിലെടുത്ത് താരങ്ങളുടെ സുരക്ഷ നേരത്തെ മുംബൈ പൊലീസ് കൂട്ടിയിരുന്നു. അതിനിടെ, ഗുജറാത്തിലെ സബർമതി ജയിലിൽ ലോറൻസ് ബിഷ്ണോയിയെ സന്ദർശിച്ചവരുടെ പട്ടിക ദില്ലി പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ബിഷ്ണോയി ജയിലിൽ കഴിയുമ്പോഴും പുറത്തുള്ള സംഘത്തെ നിയന്ത്രിക്കുന്നുണ്ടോയെന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. സന്ദർശകരിലൂടെ നിർദ്ദേശങ്ങൾ കൈമാറുന്നുണ്ടോയെന്നും പരിശോധിക്കും.
'ബുള്ളറ്റ് പ്രൂഫ് ഗ്ലാസിനകത്തായാലും കൊല്ലും', അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ഗുണ്ടാ നേതാവ് ഗോൾഡി ദില്ലന്റെ പേരിൽ വധഭീഷണി
