ഇനി ശരണമന്ത്രങ്ങളുടെ കാലം; ശബരിമലയിൽ മണ്ഡല - മകരവിളക്ക് പൂജകൾക്കായി നട തുറന്നു

ഇനി ശരണമന്ത്രങ്ങളുടെ കാലം; ശബരിമലയിൽ മണ്ഡല - മകരവിളക്ക് പൂജകൾക്കായി നട തുറന്നു


പത്തനംതിട്ട: മണ്ഡല – മകര വിളക്ക് തീർത്ഥാടനത്തിന് ഒരുങ്ങി ശബരിമല. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി ഇ.ഡി. പ്രസാദാണ് നമ്പൂതിരി ശബരിമല നട തുറന്നത്. വൈകിട്ട് നാലിന് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിദ്ധ്യത്തിൽ മേൽശാന്തി ഇഡി പ്രസാദ് നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിയിച്ചു. തുടർന്ന് മേൽശാന്തി പതിനെട്ടാംപടി ഇറങ്ങി ഹോമകുണ്ഡത്തിൽ അഗ്നി പകർന്നതോടെ സന്നിധാനം ശരണാരവത്തിൽ മുഴങ്ങി
 
ഇരുമുടിക്കെട്ടുമായി വന്ന നിയുക്ത മേൽശാന്തി സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെയും നിയുക്ത മാളികപ്പുറം മേൽശാന്തി എ ദാമോദരൻ നമ്പൂതിരിയെയും കൈപിടിച്ച് പതിനെട്ടാംപടിയിലൂടെ മേൽശാന്തി പ്രസാദ് നമ്പൂതിരിയുടെ നേതൃത്വത്തിൽ സോപാനത്തേക്ക് ആനയിച്ചു. തുടർന്ന് മാളികപ്പുറം നട തുറക്കുന്നതിനായി മേൽശാന്തി മനു നമ്പൂതിരിക്ക് താക്കോൽ കൈമാറി. പതിനെട്ടാംപടിക്ക് മുന്നിലെ ആഴി തെളിയിച്ച ശേഷം പുതിയ മേൽശാന്തിമാരുടെ അവരോധിക്കൽ ചടങ്ങുകൾ നടന്നു. ശബരിമല പുതിയ മേൽശാന്തിയായി അരീക്കര സുബ്രഹ്‌മണ്യൻ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തിയായി ദാമോദരൻ നമ്പൂതിരിയും ചടങ്ങുകൾക്ക് ശേഷം ചുമതലയേറ്റു.

സുരക്ഷയ്ക്കായി ഒരേസമയം അയ്യായിരം പൊലീസുകാരെയാണ് സജ്ജമാക്കിയിരിക്കുന്നത്. ആറ് ഘട്ടങ്ങളിലായി ഡ്യൂട്ടി ക്രമീകരിച്ചിട്ടുണ്ട്. സന്നിധാനത്ത് പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെയാണ് നിയോ​ഗിച്ചിരിക്കുന്നത്. എഐ ക്യാമറകളുടെ സഹായത്തോടെ തിരക്ക് നിയന്ത്രിക്കും. മിനിറ്റിൽ 75 തീർഥാടകരെയെങ്കിലും പതിനെട്ടാംപടി കയറ്റുകയാണ് ലക്ഷ്യമെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയൻ വ്യക്തമാക്കി. ദിവസം 80,000 പേര്‍ക്കാണ് ദര്‍ശനത്തിന് സൗകര്യമൊരുക്കിയിരിക്കുന്നത്. ഇതില്‍ 66,000 പേര്‍ക്ക് വെര്‍ച്വല്‍ ക്യൂ വഴിയും 14,000 പേര്‍ക്ക് സ്‌പോട്ട് ബുക്കിങ് വഴിയും ദര്‍ശനം നടത്താം.

മണ്ഡല തീര്‍ഥാടനത്തിന്റെ ആദ്യ ദിനമായ ഇന്നലെ പമ്പയിലും സന്നിധാനത്തും തിരക്കുണ്ടായിരുന്നെങ്കിലും നിയന്ത്രണ വിധേയമായിരുന്നു. ദര്‍ശനത്തിനെത്തിയവരില്‍ ഭൂരിഭാഗവും ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരാണ്. വൃശ്ചിക പുലരിയായ നാളെ പുലര്‍ച്ചെ മൂന്നിന് മണ്ഡല തീര്‍ഥാടനം ഔദ്യോഗികമായി ആരംഭിക്കും. ഡിസംബര്‍ 27നാണ് മണ്ഡലപൂജ. 2027 ജനുവരി 14ന് മകരവിളക്ക് ഉത്സവവും നടക്കും.

മണ്ഡലകാലത്തേക്കായി 50 ലക്ഷം ടിന്‍ അരവണ തയ്യാറാക്കിയതായി ദേവസ്വം വകുപ്പ് അറിയിച്ചു. ഭക്തര്‍ ആവശ്യപ്പെട്ടാല്‍ തപാല്‍ വഴി അരവണ എത്തിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. അരവണ വിതരണത്തിനായി അഞ്ച് കൗണ്ടറുകള്‍ കൂടി തുറന്നതോടെ ആകെ കൗണ്ടറുകളുടെ എണ്ണം 22 ആയി ഉയര്‍ന്നു. ഇവിടങ്ങളില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് സൗകര്യവും ലഭ്യമാണ്.