സ്‌കാര്‍ബറോ സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ പള്ളിയില്‍ വിശുദ്ധ തോമാശ്ലീഹായുടെ ദുക്‌റാന തിരുനാള്‍ ജൂലൈ 4 മുതല്‍ 6 വരെ

സ്‌കാര്‍ബറോ സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ പള്ളിയില്‍ വിശുദ്ധ തോമാശ്ലീഹായുടെ ദുക്‌റാന തിരുനാള്‍ ജൂലൈ 4 മുതല്‍ 6 വരെ


സ്‌കാര്‍ബറോ:   കാനഡയിലെ ആദ്യ സിറോ മലബാര്‍ ഇടവകയായ സ്‌കാര്‍ബറോ സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ പള്ളിയില്‍ വിശുദ്ധ തോമാശ്ലീഹായുടെ ദുക്‌റാന തിരുനാള്‍ ജൂലൈ 4 മുതല്‍ 6 വരെ ആഘോഷിക്കപ്പെടും.  വിശ്വാസ സമൂഹത്തിന്റെ ആത്മീയവും, സാംസ്‌കാരികവും സാമൂഹികവുമായ  ഉണര്‍വിനും പങ്കാളിത്തത്തിനും  ഊന്നല്‍ നല്‍കി കൊണ്ട് വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് ഈവര്‍ഷത്തെ തിരുന്നാള്‍ ഒരുക്കിയിരിക്കുന്നത്.   സീറോ മലബാര്‍ സമൂഹത്തിന്റെ പാരമ്പര്യവും ആചാരങ്ങളും പ്രകടമാക്കുന്ന  വിവിധ കലാപരിപാടികളാല്‍ സമ്പന്നമാണ് ഈ വര്‍ഷത്തെ കലാ സാംസ്‌കാരിക പരിപാടികള്‍.

ജൂലൈ 4ന് വൈകുന്നേരം 4 .45 ന് പ്രസുദേന്തി വാഴ്ചയെ തുടര്‍ന്നു കൊടിയേറ്റത്തോടെ തിരുന്നാളിന്റെ മുഖ്യ പരിപാടികള്‍ക്ക് തുടക്കമാവും. തുടര്‍ന്ന്, ആഘോഷ പൂര്‍വ്വകമായ ദിവബലി.  ഫൊറോനാ വികാരി റവ.ഫാ. ബൈജു ചാക്കേരിയാണ് മുഖ്യകാര്‍മ്മികന്‍.  സ്‌നേഹവിരുന്നിനു ശേഷം ഇടവകയിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന ഫ്‌ലാഷ് മോബും, കലാവിരുന്നുമാണ് അന്നത്തെ പ്രത്യേകതകള്‍. വിശ്വാസപരിശീലന പരിപാടിയുടെ ഭാഗമായി വിവിധ കഌസ്സുകളില്‍ നിന്നും മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാര്‍ത്ഥികളെ ഇതോടൊപ്പം ആദരിക്കും.
  
തിരുനാളിന്റെ രണ്ടാം ദിവസമായ ജൂലൈ 5 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ജപമാലയും, തുടര്‍ന്ന്, ലണ്ടന്‍ ഇടവകവികാരി ഫാദര്‍ പ്ലോജന്‍ കണ്ണമ്പുഴയുടെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ റാസ കുര്‍ബാനയും നടക്കും. രൂപതാ ചാന്‍സിലര്‍ റവ.ഫാ.ടെന്‍സണ്‍ താന്നിക്കലും, റവ.ഫാ. സുനില്‍  ചെറുശ്ശേരിയും  സഹകാര്‍മ്മികരാകും.

 ഇതിനു ശേഷം, ഇടവകയിലെ വിവിധ കലാകാരന്മാരെ അണിനിരത്തിക്കൊണ്ട് സാംസ്‌കാരിക സായാഹ്നം നടക്കും. ഇടവകയിലെ 101 കലാകാരികള്‍ അണിനിരക്കുന്ന, സീറോ മലബാര്‍ സഭയുടെ 

പാരമ്പര്യം വിളിച്ചോതുന്ന 'മെഗാ മാര്‍ഗ്ഗംകളിയും', വിശുദ്ധ തോമാശ്ലീഹായുടെ ജീവിത മുഹൂര്‍ത്തങ്ങളും ഇടവകയുടെ ചരിത്രവും കോര്‍ത്തിണക്കി 'തീര്‍ത്ഥാടകന്‍' എന്ന ബൈബിള്‍ നാടകവുമാണ് ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുന്ന സാംസ്‌കാരിക പരിപാടികള്‍. രാത്രി 9.30 ന്  വര്‍ണാഭമായ വെടിക്കെട്ടും ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയും ഒരുക്കിയിരിക്കുന്നു.

തിരുനാളിന്റെ പ്രധാന ദിവസമായ ജൂലൈ 6 ഞായറാഴ്ച രാവിലെ  9  മണിക്ക് ജപമാലയെ തുടര്‍ന്ന് ആചാരപൂര്‍വ്വകമായ തിരുന്നാള്‍ കുര്‍ബാനക്ക് മാനന്തവാടി രൂപതയുടെ  അദ്ധ്യക്ഷന്‍ മാര്‍  ജോസ് പൊരുന്നേടം നേതൃത്വം നല്‍കും.തുടര്‍ന്ന്  ഇടവകയിലെ മുഴുവന്‍ വിശ്വാസികളുടെയും നേതൃത്വത്തില്‍  വിശുദ്ധന്റ്‌റെ തിരുസ്വരൂപം വഹിച്ചുകൊണ്ടു പട്ടണം ചുറ്റിയുള്ള പ്രദക്ഷിണമാണ് തിരുന്നാള്‍ ദിവസത്തെ മുഖ്യ ആകര്‍ഷണം. 
തിരുന്നാള്‍ ദിവസങ്ങളില്‍ വിശുദ്ധന്റെ തിരുസ്വരൂപം വണങ്ങുന്നതിനും അമ്പ്, അടിമ നേര്‍ച്ചകള്‍ക്കും സൗകര്യമൊരുക്കിയിട്ടുണ്ട്.

ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളും വിശ്വാസ സമൂഹവും ഒന്നുചേര്‍ന്ന് തിരുനാളിന്റെ വിജയത്തിനായി ദിവസങ്ങളായി തയ്യാറെടുപ്പുകള്‍ നടത്തിവരികയാണ്. മൂന്ന് ദിവസങ്ങളിലും സ്‌നേഹവിരുന്നും ഒരുക്കിയിട്ടുണ്ടെന്നും ട്രസ്റ്റിമാരായ  സിനോ നടുവിലേക്കൂറ്റും തോമസ് ആലുംമൂട്ടിലും അറിയിച്ചു. 
ഈ തിരുനാള്‍ ഇടവക ജനങ്ങളുടെ വിശ്വാസ  നവീകരണത്തിനും, ആചാരഅനുഷ്ഠാനങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കുന്നതിനും, കൂട്ടായ്മ ശക്തിപ്പെടുത്തുന്നതുനുമുള്ള  അവസരമാണെന്നും അതിലേക്ക് എല്ലാ വിശ്വാസികളെയും  സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി റവ. ഫാ. ബൈജു ചാക്കേരിയും, തിരുന്നാള്‍ സംഘടാക സമിതിയും അറിയിച്ചു.