അര്‍ജുന്റെ ലോറി പുഴയിലേക്കു വീഴുന്നത് കണ്ടെന്ന് ദൃക്‌സാക്ഷി; എട്ടുദിവസം തിരഞ്ഞിട്ടും മാറാതെ ദുരൂഹത

അര്‍ജുന്റെ ലോറി പുഴയിലേക്കു വീഴുന്നത് കണ്ടെന്ന് ദൃക്‌സാക്ഷി; എട്ടുദിവസം തിരഞ്ഞിട്ടും മാറാതെ ദുരൂഹത


ഷിരൂര്‍(കര്‍ണാടക) : അര്‍ജുന്റെ ലോറി ഷിരൂര്‍ കുന്നിനു സമീപത്തെ ദേശീയപാതയില്‍നിന്നു പുഴയിലേക്കു വീഴുന്നത് കണ്ടെന്ന് ദൃക്‌സാക്ഷി. പുഴയുടെ അരികില്‍തന്നെ ലോറി ഉണ്ടാകാമെന്ന് ദൃക്‌സാക്ഷി നാഗേഷ് ഗൗഡ പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മരത്തടി കയറ്റിയ ഒരു ലോറി പുഴയോരത്തേക്ക് നീങ്ങി വരുന്നതു കണ്ടു. പിന്നാലെയാണ് തടി കയറ്റിയ ഒരു ലോറി പുഴയിലേക്ക് വീഴുന്നത് കണ്ടതെന്ന് നാഗേഷ് പറഞ്ഞു.

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ ഒന്‍പതാം ദിവസവും തുടരുന്നുണ്ട്. സോണാര്‍ സിഗ്‌നല്‍ കിട്ടിയ ഭാഗത്ത് ആധുനിക ഉപകരണം ഉപയോഗിച്ചുള്ള പരിശോധനയാണ് ഇന്നു നടക്കുന്നത്. ഗംഗാവലിപ്പുഴയില്‍ റഡാര്‍ സിഗ്‌നല്‍ ലഭിച്ച അതേ ഇടത്തുനിന്നാണ് സോണാര്‍ സിഗ്‌നലും ലഭിച്ചത്.

ആകാശത്തുനിന്ന് നിരീക്ഷിച്ച് ചെളിക്കടിയില്‍ പൂഴ്ന്നുപോയ വസ്തുക്കളുടെ സിഗ്‌നലുകള്‍ കണ്ടെത്തുന്ന ഉപകരണമായ ഐബോഡ് ഇന്ന് തിരച്ചിലിനായി ഉപയോഗിക്കും. കര, നാവിക സേനകള്‍ ഒത്തുചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. വിരമിച്ച മലയാളി കരസേന ഉദ്യോഗസ്ഥന്‍ എം.ഇന്ദ്രബാല്‍ രക്ഷാദൗത്യത്തിന്റെ ഭാഗമാകും. അപകടത്തില്‍പ്പെട്ട അര്‍ജുന്‍ അടക്കം മൂന്നുപേരെയാണ് കണ്ടെത്താനുള്ളത്.

ജൂലൈ 16 നാണ് ഷിരൂര്‍ ദേശീയപാതയില്‍ അപകടമുണ്ടായത്. കന്യാകുമാരിപനവേല്‍ ദേശീയപാത 66ല്‍ മംഗളൂരുഗോവ റൂട്ടില്‍ അങ്കോളയ്ക്കു സമീപം ഷിരൂരിലാണ് അര്‍ജുന്‍ ഓടിച്ച ലോറി മണ്ണിടിച്ചിലില്‍ പെട്ടത്. ദേശീയപാതയിലെ മണ്ണ് പൂര്‍ണമായി നീക്കിയിട്ടും അര്‍ജുനെ കണ്ടെത്താന്‍ കഴിഞ്ഞില്ല, തുടര്‍ന്നാണ് തിരച്ചില്‍ പുഴയിലേക്ക് കൂടി വ്യാപിപ്പിച്ചത്. റഡാര്‍ പരിശോധനയില്‍ പുഴയില്‍ നിന്ന് ചില സിഗ്‌നലുകള്‍ ലഭിച്ചതാണ് പുഴയില്‍തന്നെ തിരച്ചില്‍ തുടരാന്‍ രക്ഷാദൗത്യ സംഘം തീരുമാനിച്ചത്.