ന്യൂഡൽഹി: 2008ലെ മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയായ തഹാവുർ റാണയുമായി യു.എസിൽനിന്ന് പുറപ്പെട്ട പ്രത്യേക വിമാനം ഡൽഹി പാലം വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. റാണയെ ചോദ്യം ചെയ്യലിനായി എൻ.ഐ.എ ആസ്ഥാനത്ത് എത്തിക്കുമെന്നാണ് വിവരം. രണ്ട് ഐ.ജി, ഒരു ഡി.ഐ.ജി, എസ്.പി എന്നിവടങ്ങുന്ന പന്ത്രണ്ടംഗ സംഘമാകും റാണയെ ചോദ്യം ചെയ്യുക. റാണയെ കസ്റ്റഡിയിൽ ലഭിക്കാൻ മുംബൈ ക്രൈംബ്രാഞ്ചും നിയമനടപടികൾ സ്വീകരിച്ചുവരുന്നുണ്ട്.
ഡൽഹിയിലെയും മുംബൈയിലെയും രണ്ട് ജയിലുകളിൽ ഉയർന്ന സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഡൽഹി തിഹാർ ജയിലിലാണ് അതിസുരക്ഷാ ക്രമീകരണങ്ങളോടെ റാണയെ നിലവിൽ പാർപ്പിക്കാൻ ഉദ്ദേശിക്കുന്നത്. ഇവിടെനിന്ന് മുംബൈയിൽ എത്തിക്കുകയാണെങ്കിൽ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മൽ കസബിനെ പാർപ്പിച്ച ആർതർ റോഡിലെ സെൻട്രൽ ജയിലിലെ 12ാം നമ്പർ ബാരക്കിലായിരിക്കും റാണയേയും പാർപ്പിക്കുക.
നേരത്തെ ഇന്ത്യയിൽനിന്നുള്ള വിവിധ ഏജൻസികളുടെ അംഗങ്ങൾ അടങ്ങുന്ന സംഘം യു.എസിലെത്തിയിരുന്നു. കൈമാറ്റം സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാക്കിയ സംഘം റാണയുമായി ഇന്ത്യയിലെത്തുകയായിരുന്നു. ഇന്ത്യക്ക് കൈമാറുന്നത് തടയണമെന്ന റാണയുടെ അപേക്ഷ യു.എസ് സുപ്രീംകോടതി നിരസിച്ചതോടെയാണ് നടപടികൾ ഊർജിതമായത്. ലോസ് ആഞ്ജലസിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിൽ കഴിയവെയാണ് 64കാരനായ റാണയെ ഇന്ത്യക്ക് കൈമാറിയത്. കൈമാറ്റം തടയണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 27ന് റാണ അപേക്ഷ നൽകിയിരുന്നു. ഇത് കോടതി തള്ളി.
ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടൊപ്പം നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ റാണയുടെ കൈമാറ്റത്തിന് അംഗീകാരം നൽകിയതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. പാക് ഭീകരസംഘടനകൾക്കുവേണ്ടി മുംബൈയിൽ ഭീകരാക്രമണം നടത്താൻ സുഹൃത്തും യു.എസ് പൗരനുമായ ഡേവിഡ് കോൾമാൻ ഹെഡ്‌ലിക്കൊപ്പം ഗൂഢാലോചന നടത്തിയതിനാണ് റാണ ഇന്ത്യയിൽ നിയമനടപടി നേരിടുന്നത്. മുംബൈ ഭീകരാക്രമണക്കേസിൽ മുംബൈ പോലീസിന്റെ അന്വേഷണ റിപ്പോർട്ടിൽ തഹാവുർ റാണയെ പ്രതിയായി ഉൾപ്പെടുത്തിയിരുന്നില്ല. എൻ.ഐ.എ ചോദ്യം ചെയ്തതിന് ശേഷമാണ് പങ്ക് വ്യക്തമായത്.
തഹാവുർ റാണയെ യു.എസിൽനിന്ന് ഡൽഹിയിൽ എത്തിച്ചു: എൻ ഐ എ ആസ്ഥാനത്തു ചോദ്യം ചെയ്യും
