ന്യൂഡല്‍ഹി: ജാപ്പനീസ് എംബസി ഉദ്യോഗസ്ഥയുടെ ലൈംഗികാതിക്രമ ആരോപണത്തെ തുടര്‍ന്ന് സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ ഒരു പ്രൊഫസറെ പിരിച്ചുവിടാന്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു) തീരുമാനിച്ചു. പ്രൊഫസര്‍ സ്വരണ്‍ സിങ്ങിനെയാണ് സര്‍വകലാശാല പുറത്താക്കിയത്.
സര്‍വകലാശാലയുടെ ആഭ്യന്തര പരാതി പരിഹാര സമിതി (ഐസിസി) നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ ബുധനാഴ്ച ചേര്‍ന്ന ജെഎന്‍യു എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് സ്വരണ്‍ സിങ് സേവനം അവസാനിപ്പിക്കാന്‍ സര്‍വകലാശാല തീരുമാനിച്ചത്.
സര്‍വ്വകലാശാലയില്‍ സംഘടിപ്പിക്കുന്ന കോണ്‍ഫറന്‍സുകള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടി പരാതിക്കാരിയാ ജാപ്പനീസ് ഉദ്യോഗസ്ഥ സ്വരണ്‍ സിങ്ങുമായി സ്ഥിരമായി ബന്ധപ്പെട്ടിരുന്നു. ഇവര്‍ സര്‍വകലാശാലയുടെ ഐസിസിയില്‍ പരാതി നല്‍കുകയും തെളിവായി സംഭാഷണങ്ങളുടെ റെക്കോര്‍ഡിംഗുകള്‍ സമര്‍പ്പിക്കുകയും ചെയ്തു. പുറത്താക്കപ്പെട്ട സ്വരണ്‍ സിങ്ങിന് വിരമിക്കാന്‍ ഒരു വര്‍ഷം മാത്രമാണ് ബാക്കിയുണ്ടായിരുന്നത്.
സമാനമായ ആരോപണങ്ങളെ തുടര്‍ന്ന് ജെഎന്‍യുവിലെ അസോസിയേറ്റ് പ്രൊഫസര്‍ സ്ഥാനത്ത് നിന്ന് സ്വരണ്‍ സിങ് മുമ്പ് രാജിവച്ചിരുന്നതായാണ് വിവരം. പിന്നീട് വീണ്ടും സര്‍വകലാശാലയില്‍ പ്രൊഫസറായി തുടര്‍ന്നു. ഇയാള്‍ക്കെതിരെ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് എട്ട് പരാതികള്‍ സര്‍വകലാശാലയ്ക്ക് ഇതിനോടകം ലഭിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഐസിസി ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ മറ്റ് മൂന്ന് അധ്യാപകര്‍ക്കെതിരെയും അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. ഇവരില്‍ രണ്ടുപേരുടെ മൂന്ന് വാര്‍ഷിക ഇന്‍ക്രിമെന്റുകള്‍ തടഞ്ഞുവെച്ചു. മൂന്നാമനോട് സെന്‍സിറ്റൈസേഷന്‍ പരിശീലനത്തിന് വിധേയനാകാന്‍ നിര്‍ദ്ദേശിച്ചു.
ജാപ്പനീസ് എംബസി ഉദ്യോഗസ്ഥയുടെ ലൈംഗിക അതിക്രമ ആരോപണം; ജെഎന്‍യു പ്രൊഫസറെ പിരിച്ചുവിട്ടു
