മിനിറ്റില്‍ 700 ബുള്ളറ്റ് വരെ പായിക്കാന്‍ കഴിയുന്ന 250 എകെ 203 റൈഫിളുകള്‍ വാങ്ങാനൊരുങ്ങി കേരള പോലീസ്

മിനിറ്റില്‍ 700 ബുള്ളറ്റ് വരെ പായിക്കാന്‍ കഴിയുന്ന 250 എകെ 203 റൈഫിളുകള്‍ വാങ്ങാനൊരുങ്ങി കേരള പോലീസ്


തിരുവനന്തപുരം: അത്യാധുനിക എകെ 203 അസോള്‍ട്ട് റൈഫിളുകള്‍ വാങ്ങാന്‍ കേരള പോലീസ് ഒരുങ്ങുന്നു (Kerala Police AK 203 Rifle News). സേനയെ ആധുനികവല്‍കരിക്കുന്നതിന്റെ ഭാഗമായി 250 എകെ 203 റൈഫിളുകള്‍ കേരള പോലീസ് സ്വന്തമാക്കും. ഇതിനായി വകുപ്പ് ടെന്‍ഡര്‍ പുറപ്പെടുവിച്ചു. പോലീസ് ആധുനികവല്‍കരണ ഫണ്ടില്‍നിന്ന് 2.5 കോടി രൂപ ചെലവഴിച്ചാണ് പുതിയ തോക്കുകള്‍ സേനയുടെ ഭാഗമാക്കുക. വിവിധ ഘട്ടങ്ങളിലായി കൂടുതല്‍ തോക്കുകള്‍ സ്വന്തമാക്കാനാണ് കേരള പോലീസിന്റെ പദ്ധതി. 


നിലവില്‍ എകെ 47ന് പുറമേ, ഇന്‍സാസ് റൈഫിള്‍, എസ്എല്‍ആര്‍, ഘട്ടക് റൈഫിള്‍ തുടങ്ങിയ തോക്കുകളാണ് കേരള പോലീസിന്റെ പക്കലുള്ളത്. സബ്‌മെഷീന്‍ തോക്കായ ജര്‍മന്‍ നിര്‍മിത ഹെക്ലര്‍ ആന്‍ഡ് കോച്ച് എംപി 5 ആണ് പോലീസിന്റെ പക്കലുള്ള അത്യാധുനിക തോക്ക്. 2020ലാണ് 20 ഹെക്ലര്‍ ആന്‍ഡ് കോച്ച് എംപി 5 തോക്കുകള്‍ പോലീസ് സ്വന്തമാക്കിയത്. ഒരു കാലത്തെ പ്രധാനിയായിരുന്ന .303 റൈഫിളുകള്‍ നിലവില്‍ ആചാരവെടിക്കും മറ്റുമാണ് പോലീസ് ഉപയോഗിക്കുക. മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനുകള്‍ക്കായി വടക്കന്‍ ജില്ലകളില്‍ വിന്യസിച്ചിരിക്കുന്ന തണ്ട!ര്‍ ബോള്‍ട്ട് സംഘമാണ് അത്യാധുനിക തോക്കുകള്‍ ഉപയോഗിച്ചു വരുന്നത്.


വിവിധ സംസ്ഥാനങ്ങള്‍ പോലീസ്, കമാന്‍ഡോ സേനകള്‍ക്കായി എകെ 203 റൈഫിളുകള്‍ സ്വന്തമാക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് കേരള പോലീസിന്റെ നീക്കം. നിലവില്‍ കേരള പോലീസിന്റെ പക്കലുള്ള എകെ 47ന്റെ അപ്‌ഗ്രേഡഡ് പതിപ്പാണ് എകെ 203. തോക്ക് ഒന്നിന് ഒന്നുമുതല്‍ ഒന്നര ലക്ഷം രൂപ വരെയാണ് വില.

മികച്ച കൃത്യത, കൈകാര്യം ചെയ്യാന്‍ എളുപ്പം, ഭാരക്കുറവ് തുടങ്ങിയവയാണ് എകെ 203 റൈഫിളിന്റെ സവിശേഷത. ലോഡ് ചെയ്ത മാഗസിനില്ലാതെ ഏകദേശം നാല് കിലോ ആണ് ഭാരം. 800 മീറ്റര്‍ വരെ ദൂരത്തില്‍ വെടിയുണ്ട എത്തും. 940 മീറ്റര്‍ വരെയാണ് നീളം. 7.62×39 മില്ലിമീറ്റര്‍ ബുള്ളറ്റുകളാണ് ഇവയില്‍ ഉപയോഗിക്കുക. ഒരു മിനിറ്റില്‍ 700 ബുള്ളറ്റ് വരെ (റേറ്റ് ഓഫ് ഫയര്‍) ലക്ഷ്യസ്ഥാനത്ത് എത്തിക്കാനാകും. നൈറ്റ് വിഷന്‍ ഉപകരണങ്ങളടക്കം ഘടിപ്പിക്കാനുള്ള സൗകര്യം എകെ 203ല്‍ ഉണ്ട്.

ഇന്ത്യന്‍ ആര്‍മി വ്യാപകമായി ഉപയോഗിക്കുന്ന തോക്കുകളില്‍ ഒന്നാണ് എകെ 203. ഒരുലക്ഷത്തോളം എകെ 203 തോക്കുകള്‍ ഇന്ത്യന്‍ ആര്‍മി സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ, അരലക്ഷത്തിലധികം എകെ 203 തോക്കുകള്‍ക്ക് കൂടി ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യയും റഷ്യയും സംയുക്തമായി ഉത്തര്‍ പ്രദേശിലെ അമേഠിയിലാണ് എകെ 203 അസോള്‍ട്ട് റൈഫിളുകള്‍ നിര്‍മിക്കുന്നത്.