കൊല്ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപും കഴിഞ്ഞയാഴ്ച സംസാരിച്ചതിനു പിന്നാലെ ഇന്ത്യ-അമേരിക്ക ബന്ധത്തില് കൂടുതല് സുപ്രധാന നീക്കങ്ങളുണ്ടാകുമെന്ന സൂചന നല്കി ഇന്ത്യയിലെ യുഎസ് അംബാസഡര് സെര്ജിയോ ഗോര്. പ്രതിരോധം, സാങ്കേതികവിദ്യ, ആരോഗ്യരംഗം തുടങ്ങി വിവിധ മേഖലകളില് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാകുന്നതിനിടെയാണ് അംബാസഡറുടെ പരാമര്ശം. 'അടുത്തതായി എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണുക' എന്നായിരുന്നു ഗോറിന്റെ വാക്കുകള്.
അമേരിക്കയുടെ 250ാം സ്വാതന്ത്ര്യവാര്ഷികത്തോടനുബന്ധിച്ച് കൊല്ക്കത്തയില് സംഘടിപ്പിച്ച പരിപാടിയില് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയും അമേരിക്കയും തമ്മില് മികച്ച ബന്ധമാണുള്ളതെന്നും വിവിധ മേഖലകളില് വ്യാപകമായ സഹകരണം നടക്കുന്നുണ്ടെന്നും ഗോര് പറഞ്ഞു. പ്രതിരോധമേഖലയിലെ സഹകരണത്തിന്റെ ഭാഗമായി രാജസ്ഥാനിലെ ജോധ്പുര് വ്യോമസേനാ താവളത്തില് 500ലധികം സൈനികര് പങ്കെടുത്ത തരംഗ് ശക്തി സംയുക്ത സൈനികാഭ്യാസവും അദ്ദേഹം പരാമര്ശിച്ചു. രാജസ്ഥാനില് ആദ്യമായി അമേരിക്കയുടെ എഫ്35 യുദ്ധവിമാനങ്ങള് എത്തിയതും അദ്ദേഹം എടുത്തുപറഞ്ഞു.
സാങ്കേതികവിദ്യ, വിവരസാങ്കേതികവിദ്യ, നിര്മാണമേഖല എന്നിവയിലും ഇരു രാജ്യങ്ങളും പരസ്പര നിക്ഷേപം വര്ധിപ്പിക്കുന്നുണ്ടെന്ന് ഗോര് വ്യക്തമാക്കി. അമേരിക്കന് കമ്പനികള് ഇന്ത്യയില് വലിയ ഉല്പ്പാദന കേന്ദ്രങ്ങള് സ്ഥാപിക്കുന്നതും ഇന്ത്യന് കമ്പനികള് അമേരിക്കയില് നിക്ഷേപം നടത്തുന്നതും ഇരുരാജ്യങ്ങള്ക്കും പുതിയ അവസരങ്ങള് സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യരംഗത്ത് ഇന്ത്യയുടെ ഔഷധനിര്മാണ മേഖലയ്ക്കുള്ള പ്രാധാന്യവും അംബാസഡര് ചൂണ്ടിക്കാട്ടി. അമേരിക്കന് വിപണിയിലേക്ക് ജനറിക് മരുന്നുകള് വിതരണം ചെയ്യുന്നതില് ഇന്ത്യ നിര്ണായക പങ്കുവഹിക്കുന്നുണ്ടെന്നും ഇത് ഇന്ത്യയുടെ ഔഷധമേഖലയിലുള്ള അമേരിക്കയുടെ വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തില് കൊല്ക്കത്തയ്ക്കുള്ള സ്ഥാനവും പരിപാടിയില് പരാമര്ശിക്കപ്പെട്ടു. 1792ല് ജോര്ജ് വാഷിങ്ടണ് ബെഞ്ചമിന് ജോയിയെ കൊല്ക്കത്തയിലെ ആദ്യ അമേരിക്കന് കോണ്സലായി നിയമിച്ചതും ഗോര് അനുസ്മരിച്ചു. അമേരിക്കന് സ്വാതന്ത്ര്യത്തിന്റെ 250ാം വാര്ഷികാഘോഷങ്ങള് പങ്കുവയ്ക്കുന്ന മൂല്യങ്ങള് വീണ്ടും ഉറപ്പിക്കാനും ഉഭയകക്ഷി ബന്ധം കൂടുതല് ശക്തമാക്കാനുമുള്ള അവസരമാണെന്ന് യുഎസ് കോണ്സല് ജനറല് കാത്തി ഗൈല്സ്ഡയസ് പറഞ്ഞു.
പശ്ചിമ ബംഗാള് സര്ക്കാരുമായും വ്യാപാരമേഖലയുമായും പ്രാദേശിക പങ്കാളികളുമായും ബന്ധം ശക്തമാക്കാനുള്ള അമേരിക്കയുടെ താല്പര്യമാണ് പരിപാടി വ്യക്തമാക്കുന്നതെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി മനോജ് കുമാര് അഗര്വാളും അഭിപ്രായപ്പെട്ടു. നേരത്തേ കൊല്ക്കത്തയിലെ ദുര്ഗാപൂജ പന്തലുകള് സന്ദര്ശിച്ച ഗോര്, ആഘോഷങ്ങളുടെ സര്ഗാത്മകതയെയും കൂട്ടായ്മയെയും ഊഷ്മളതയെയും പ്രശംസിച്ചിരുന്നു.
മോഡി-ട്രംപ് ചര്ച്ചയ്ക്കു പിന്നാലെ ഇന്ത്യ-അമേരിക്ക ബന്ധത്തില് പുതിയ നീക്കങ്ങള്? സൂചന നല്കി യുഎസ് അംബാസഡര്
