തഹാവൂര്‍ റാണയെ കോടതിയില്‍ ഹാജരാക്കി; 20 ദിവസം കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഐഎ

തഹാവൂര്‍ റാണയെ കോടതിയില്‍ ഹാജരാക്കി;  20 ദിവസം കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഐഎ


ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി പാകിസ്ഥാന്‍ വംശജനായ കനേഡിയന്‍ വ്യവസായി തഹാവൂര്‍ റാണ (64)യെ കോടതിയില്‍ ഹാജരാക്കി. ഡല്‍ഹി പട്യാല ഹൗസ് കോടതിയിലാണ് ഹാജരാക്കിയത്. എന്‍ഐഎ പ്രത്യേക കോടതി ജഡ്ജി ചന്ദര്‍ജിത് സിങിന്റെ കോടതിയാണ് കേസ് പരി?ഗണിക്കുന്നത്. റാണെയ്ക്കു വേണ്ടി അഭിഭാഷകനായ പിയൂഷ് സച്ച് ദേവ് ഹാജരായി. പ്രതിയെ 20 ദിവസം കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഐഎ കോടതിയില്‍ ആവശ്യപ്പെട്ടു.

മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂര്‍ റാണെയെ അമേരിക്കയില്‍ നിന്നും വ്യാഴാഴ്ച ഉച്ചയ്ക്ക് 2. 50 ഓടെയാണ് ഡല്‍ഹി പാലം വിമാനത്താവളത്തില്‍ എത്തിച്ചത്. പിന്നാലെ ദേശീയ അന്വേഷണ ഏജന്‍സി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതി തഹാവൂര്‍ റാണെയുടെ ചിത്രം എന്‍ഐഐ പുറത്തു വിട്ടിട്ടുണ്ട്. എന്‍എസ്‌ജെ കമാന്‍ഡോകളും മറ്റ് ഏജന്‍സികളും റാണയെ ഇന്ത്യയിലെത്തിക്കുന്നതില്‍ സഹകരിച്ചെന്ന് എന്‍ഐഎ വ്യക്തമാക്കി.

എന്‍ഐഎ ഉേദ്യാഗസ്ഥരുടെ കസ്റ്റഡിയിലുള്ള റാണയെ വിമാനത്താവളത്തില്‍വച്ചുതന്നെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. റാണെയെ ഹാജരാക്കുന്നത് കണക്കിലെടുത്ത് കോടതി പരിസരത്ത് വന്‍ സുരക്ഷയാണ് ഒരുക്കിയത്. പാക് വംശജനായ റാണയ്ക്ക് ലഷ്‌കര്‍ അടക്കം ഭീകര സംഘങ്ങളുമായി അടുത്ത ബന്ധമുണ്ട്. ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിക്ക് ഇന്ത്യയിലെത്താനും മുംബൈയിലെ ആക്രമണ സ്ഥാനങ്ങള്‍ കണ്ടെത്താനും വിസ സംഘടിപ്പിച്ച് നല്‍കിയത് റാണയുടെ സ്ഥാപനമാണെന്ന് കണ്ടെത്തിയിരുന്നു.
തഹാവൂര്‍ റാണെയുടെ ഇ മെയില്‍ സന്ദേശം അടക്കമുള്ളവ എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. 2018 ഓഗസ്റ്റില്‍ ഇന്ത്യ തഹാവൂര്‍ റാണയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 2008 നവംബര്‍ 26 നാണ് ഇന്ത്യയെ നടുക്കി, രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ ഭീകര ആക്രമണമുണ്ടായത്.