കമലഹാരിസിന്റെ വിജയത്തിനായി പ്രാര്‍ത്ഥനകളോടെ തമിഴ്‌നാട്ടിലെ തുളസെന്തിരപുരം ഗ്രാമം

കമലഹാരിസിന്റെ വിജയത്തിനായി പ്രാര്‍ത്ഥനകളോടെ തമിഴ്‌നാട്ടിലെ തുളസെന്തിരപുരം ഗ്രാമം


ചെന്നൈ:  തമിഴ്നാട്ടിലെ തുളസെന്തിരപുരം എന്ന കൊച്ചുഗ്രാമം പ്രതീക്ഷകളും പ്രാര്‍ഥനകളുമായി നിര്‍ണായകമായ തിരഞ്ഞെടുപ്പിന് കാത്തിരിക്കുകയാണ്. അത് തദ്ദേശ തിരഞ്ഞെടുപ്പോ നിയമസഭാ തിരഞ്ഞെടുപ്പോ ഒന്നുമല്ല. ഈ വര്‍ഷം അവസാനം നടക്കുന്ന യു എസ് പ്രസിഡന്റ്തിരഞ്ഞെടുപ്പിനാണ് തുണസെന്തിരപുരം കാത്തിരിക്കുന്നത്. അതിന് കാരണമുണ്ട്.


യു എസ് വൈസ് പ്രസിഡന്റും ഡെമോക്രാറ്റ് പാര്‍ട്ടിയുടെ പ്രസിഡന്റ്സ്ഥാനാര്‍ഥിയുമായ കമലാ ഹാരിസിന്റെ അമ്മയുടെ മുത്തശ്ശിയുടെ തറവാട് ഈ ഗ്രാമത്തിലാണ്. പൂര്‍വികര്‍ വഴി കമലക്ക് ഈ ഗ്രാമവുമായുള്ള ബന്ധം ആഴത്തിലുള്ളതാണെന്ന് ഗ്രാമവാസികള്‍ വിശ്വസിക്കുന്നു. പ്രസിഡന്റായാല്‍ ഗ്രാമത്തിന്റെ വികസനത്തിന് മുതല്‍ക്കൂട്ടാകുമെന്ന് തുളസെന്തിരപുരം സ്വദേശിയായ പരിമള പറയുന്നു. ഗ്രാമീണര്‍ കമലയുടെ വിജയത്തിനായി പ്രാര്‍ഥിക്കാനെത്തുന്നുണ്ടെന്ന് പ്രദേശത്തെ ധര്‍മശാസ്താ ക്ഷേത്രത്തിലെ പൂജാരി നടരാജന്‍ പറയുന്നു.

തന്റെ വളര്‍ച്ചയില്‍ ഇന്ത്യക്കും തമിഴ്‌നാട്ടിലെ ഗ്രാമത്തിനും നിര്‍ണായക പങ്കുണ്ടെന്ന് നേരത്തേ കമലാ ഹാരിസ് പറഞ്ഞിരുന്നു. ഇന്ത്യയും ഇന്ത്യയുടെ ചരിത്രവും തന്നെ മാത്രമല്ല, ലോകത്തെ മുഴുവന്‍ സ്വാധീനിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. കമലാ ഹാരിസിന്റെ മാതാവ് ശ്യാമള ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടിയ ശേഷം ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് പോയതായിരുന്നു. അവിടെ വെച്ച് ഡൊണാള്‍ഡ് ഹാരിസിനെ പരിചയപ്പെടുകയും വിവാഹിതരാവുകയും ചെയ്തു. കാലിഫോര്‍ണിയയിലെ ഓക്ലാന്‍ഡില്‍ വളര്‍ന്ന കമല ഇന്ത്യന്‍ വംശജയായ ആദ്യ യു എസ് സെനറ്ററായി. പ്രസിഡന്റ്തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ആ പദവിയിലെത്തുന്ന ആദ്യ വനിതയും രണ്ടാമത്തെ ആഫ്രോ- അമേരിക്കന്‍ വംശജയും കമലാ ഹാരിസായിരിക്കും.