വ്യാപാര കരാറിൽ രണ്ടാംഘട്ട ചർച്ചക്കായി ഇന്ത്യൻ സംഘം വീണ്ടും വാഷിംഗ്ടണിലേക്ക്; അധികതീരുവ യുഎസ് ഒഴിവാക്കിയില്ലെങ്കിൽ പകരച്ചുങ്കത്തിന് നീക്കം

വ്യാപാര കരാറിൽ രണ്ടാംഘട്ട ചർച്ചക്കായി ഇന്ത്യൻ സംഘം വീണ്ടും വാഷിംഗ്ടണിലേക്ക്; അധികതീരുവ യുഎസ് ഒഴിവാക്കിയില്ലെങ്കിൽ പകരച്ചുങ്കത്തിന് നീക്കം


വാഷിംഗ്ടൺ: ട്രംപിന്റെ തീരുവയുദ്ധം തുടരുന്നതിനിടെ നിർദിഷ്ട ഉഭയകക്ഷി വ്യാപാര കരാറിൽ രണ്ടാംഘട്ട ചർച്ചക്കായി ഇന്ത്യൻ വാണിജ്യ മന്ത്രാലയ സംഘം വീണ്ടും വാഷിംഗ്ടണിലേക്ക്. ഇന്ത്യൻ പക്ഷത്തെ നയിക്കുന്ന വാണിജ്യവകുപ്പ് സ്‌പെഷൽ സെക്രട്ടറി രാജേഷ് അഗർവാൾ ബുധനാഴ്ച യു.എസിലെത്തും. ചർച്ച നാലു ദിവസം നീളും.

തർക്കം നിലനിൽക്കുന്ന കൃഷി, വാഹന മേഖലകളുമായി ബന്ധപ്പെട്ടാണ് ചർച്ച നടക്കുക. കാർഷിക, ക്ഷീര ഉൽപന്നങ്ങൾക്ക് തീരുവ ഇളവ് അനുവദിക്കണമെന്ന യു.എസ് ആവശ്യത്തിന് ഇന്ത്യ വഴങ്ങിയിട്ടില്ല. അധികമായി പ്രഖ്യാപിച്ച 26 ശതമാനം തീരുവ എടുത്തുകളയണമെന്നാണ് ഇന്ത്യൻ ആവശ്യം. ഉരുക്ക്, അലൂമിനിയം ഉൽപന്നങ്ങൾക്ക് 50 ശതമാനം അധിക തീരുവയും ഒഴിവാക്കണം. തീരുവ എടുത്തുകളഞ്ഞില്ലെങ്കിൽ പകരച്ചുങ്കം ചുമത്തുമെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. താൽക്കാലിക കരാറിനു പകരം സമഗ്ര ഉടമ്പടിക്കാണ് ശ്രമമെന്ന് പ്രമുഖ ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു.

നിരവധി രാജ്യങ്ങൾക്ക് ഏപ്രിൽ രണ്ടിനാണ് പ്രസിഡന്റ് ട്രംപ് വൻ തീരുവ പ്രഖ്യാപിച്ചത്. കനത്ത സമ്മർദത്തെ തുടർന്ന് ഇത് നടപ്പാക്കുന്നത് മൂന്നു മാസം നീട്ടി. ജൂലൈ ഒമ്പതിന് അവധി അവസാനിക്കാനിരിക്കെ മുൻനിര വ്യാപാര പങ്കാളികളായ ജപ്പാൻ, ദക്ഷിണ കൊറിയ, തായ്‌ലൻഡ് അടക്കം രാജ്യങ്ങൾക്ക് തീരുവക്കത്ത് അയച്ചിരുന്നു.

തീരുവ യുദ്ധം ഇന്ത്യക്ക് ഗുണമെന്ന് നിതി ആയോഗ്

ന്യൂഡൽഹി: ചൈന, കാനഡ, മെക്‌സികോ തുടങ്ങിയ രാജ്യങ്ങൾക്ക് ട്രംപ് ഭരണകൂടം ഉയർന്ന തീരുവ ഏർപ്പെടുത്തിയത് ഇന്ത്യക്ക് ഗുണമാകുമെന്ന് നിതി ആയോഗ് റിപ്പോർട്ട്. ഇതുവഴി ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അമേരിക്കയിൽ കൂടുതൽ വിപണി ലഭിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ധാതുക്കൾ, ഇന്ധനം, വസ്ത്രങ്ങൾ, പ്ലാസ്റ്റിക്, ഫർണിച്ചർ, സമുദ്ര വിഭവങ്ങൾ തുടങ്ങിയ മേഖലകളിൽ ഇന്ത്യക്ക് നേട്ടമുണ്ടാകും. 1,26,500 കോടി ഡോളറിെന്റ വിപണിയാണ് ഇത്.

അമേരിക്കയിലേക്ക് ഏറ്റവുമധികം കയറ്റുമതി നടക്കുന്ന മികച്ച 30 വിഭാഗങ്ങളിൽ 22 എണ്ണത്തിലും (എച്ച്.എസ് 2 ലെവൽ) ഇന്ത്യക്ക് കൂടുതൽ അവസരം ലഭിക്കും. 2,28,520 കോടി ഡോളറിെന്റ ഈ വിപണിയിൽ ചൈന, കാനഡ, മെക്‌സികോ എന്നിവക്കാണ് മേൽക്കൈ. ഈ രാജ്യങ്ങൾക്ക് യഥാക്രമം 30, 35, 25 ശതമാനം ഉയർന്ന തീരുവ ഏർപ്പെടുത്തുന്നത് മത്സരശേഷി വർധിപ്പിക്കും.