അമേരിക്കന്‍ പാര്‍ട്ടി യു എസ് രാഷ്ട്രീയത്തെ മാറ്റുമെന്ന് എലോണ്‍ മസ്‌ക്; വിയോജിച്ച് വിദഗ്ദ്ധര്‍

അമേരിക്കന്‍ പാര്‍ട്ടി യു എസ് രാഷ്ട്രീയത്തെ മാറ്റുമെന്ന് എലോണ്‍ മസ്‌ക്; വിയോജിച്ച് വിദഗ്ദ്ധര്‍


വാഷിംഗ്ടണ്‍: ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ പാര്‍ട്ടികള്‍ക്ക് പ്രായോഗിക ബദലായിരിക്കും തന്റെ അമേരിക്കന്‍ പാര്‍ട്ടിയെന്ന് എലോണ്‍ മസ്‌ക് പ്രതീക്ഷിക്കുന്നുണ്ട്. യു എസ് രാഷ്ട്രീയത്തിന്റെ ഭാവിയെ സ്വാധീനിക്കുന്ന രാഷ്ട്രീയ സംഘടനയുടെ രണ്ടോ മൂന്നോ സെനറ്റ് സീറ്റുകളിലേക്കും 10 ഹൗസ് ഡിസ്ട്രിക്റ്റുകള്‍ വരെയും മത്സരിക്കുന്ന സ്ഥാനാര്‍ഥികളെയും അദ്ദേഹം നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ റിപ്പബ്ലിക്കന്‍മാരും ഡെമോക്രാറ്റുകളും തമ്മിലുള്ള കടുത്ത ഭിന്നത കണക്കിലെടുക്കുമ്പോള്‍ ചെറിയ സീറ്റുകള്‍ പിടിച്ചെടുക്കുന്നത് 'വിവാദ നിയമങ്ങളില്‍ നിര്‍ണായക വോട്ടായി മാറാന്‍ മതിയാകുമെന്ന്' മസ്‌ക് വിശ്വസിക്കുന്നു.

അതുകൊണ്ടാണ് ജൂലൈ ആദ്യത്തില്‍ നിങ്ങള്‍ക്ക് ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടി വേണമെന്നും നിങ്ങള്‍ക്ക് അത് ലഭിക്കുമെന്നും എലോണ്‍ മസ്‌ക് പ്രഖ്യാപിച്ചത്. നിങ്ങളുടെ സ്വാതന്ത്ര്യം നിങ്ങള്‍ക്ക് തിരികെ നല്‍കാനാണ് അമേരിക്ക പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

എന്നാല്‍ മസ്‌കിന്റെ ധാരണകള്‍ തെറ്റാണെന്നാണ് വാല്‍ഡോസ്റ്റ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസറും ദി ഡെമിസ് ആന്‍ഡ് റീബര്‍ത്ത് ഓഫ് അമേരിക്കന്‍ തേര്‍ഡ് പാര്‍ട്ടിസിന്റെ രചയിതാവുമായ ബെര്‍ണാഡ് തമാസ് പറയുന്നത്. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ മറ്റൊരു പാര്‍ട്ടി കോണ്‍ഗ്രസില്‍ സീറ്റുകള്‍ നേടുകയും സര്‍ക്കാരില്‍ സ്വാധീനം ചെലുത്താന്‍ കഴിയുകയും ചെയ്യുമെന്നതിന് ഒരു തെളിവും തനിക്കു മുമ്പിലില്ലെന്നും അദ്ദേഹം പറയുന്നു. 

ഡെമോക്രാറ്റുകളുടെയും റിപ്പബ്ലിക്കന്‍മാരുടെയും കൈവശം പണം മാത്രമല്ലെന്നും എല്ലാതരം വിഭവങ്ങലുമുണ്ടെന്നും അദ്ദേഹം പറയുന്നു. 150 വര്‍ഷത്തെ ഘടന, പ്രൊഫഷണല്‍ രാഷ്ട്രീയക്കാര്‍, കണ്‍സള്‍ട്ടന്റുമാര്‍, ഇതുകൂടാതെ കൂടാതെ എല്ലാ മാഡിസണ്‍ അവന്യൂ പരസ്യ കമ്പനികളും അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. 

മസ്‌കും ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് അമേരിക്ക പാര്‍ട്ടിയുടെ മുഴുവന്‍ ആശയവും ആഴ്ചകള്‍ക്കുള്ളിലാണ് രൂപപ്പെട്ടത്. വെറുപ്പിലും കോപത്തിലും ജനിച്ച നിരവധി ആശയങ്ങളിലെന്നപോലെ അമേരിക്ക പാര്‍ട്ടിയിലും ചില ഘടകങ്ങള്‍ പൂര്‍ണ്ണമായി ചിന്തിച്ചിട്ടില്ലെന്ന് വ്യക്തമാകുന്നുണ്ട്. ഉദാഹരണത്തിന്, അമേരിക്കപാര്‍ട്ടി ഡോട്ട് കോം ഇതിനകം മറ്റൊരാള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അവര്‍ ഇപ്പോള്‍ ഡൊമെയ്ന്‍ നാമം 6.9 മില്യണ്‍ ഡോളറിനാണ് വില്‍ക്കാന്‍ ശ്രമിക്കുന്നത്. മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്സില്‍ @AmericaParty ഇതിനകം തന്നെ മറ്റൊരാള്‍ ഏറ്റെടുത്തിരുന്നതിനാല്‍ അവര്‍ക്ക് പുതിയ സംരംഭത്തിന് @AmericaPartyX തെരഞ്ഞെടുക്കേണ്ടി വന്നു.

റിപ്പബ്ലിക്കന്‍മാരുടെ ദേശീയ കടം കുതിച്ചുയരുന്നതിനെതിരായ എതിര്‍പ്പിനപ്പുറം പാര്‍ട്ടി എന്തിനുവേണ്ടി നിലകൊള്ളുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. രാഷ്ട്രീയക്കാര്‍ വെല്ലുവിളിക്കുന്ന 'വിവാദപരമായ നിയമങ്ങളെക്കുറിച്ച്' മസ്‌ക് ഇതുവരെ വിശദീകരിച്ചിട്ടില്ല, കൂടാതെ ഒരു പാര്‍ട്ടി പ്ലാറ്റ്ഫോമോ പ്രകടനപത്രികയോ ഇല്ല.

എന്തായാലും, മസ്‌ക് വിഭാവനം ചെയ്യുന്ന രീതിയില്‍ മൂന്നാം കക്ഷികള്‍ വളരെ അപൂര്‍വമായി മാത്രമേ വിജയിച്ചിട്ടുള്ളൂ. എന്നാല്‍ അവര്‍ക്ക് വ്യത്യാസം വരുത്താന്‍ കഴിയുന്നത് പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിലും പ്രധാന രണ്ട് പാര്‍ട്ടികളെ പ്രവര്‍ത്തിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിലുമാണ്.

വലിയ സ്വാധീനം ചെലുത്തിയ പാര്‍ട്ടികളുടെ കാര്യത്തില്‍ അവര്‍ സീറ്റുകള്‍ നേടുന്നില്ലെന്നും മൂന്നാം കക്ഷികളുടെ ജോലി തടസ്സപ്പെടുത്തലും തേനീച്ചയെപ്പോലെ കുത്തുകയും വേദനയുണ്ടാക്കലുമാണെന്നും  തമാസ് പറയുന്നു. 

വിസ്‌കോണ്‍സിനിലെ പ്രോഗ്രസീവ് പാര്‍ട്ടിയെയും തൊഴിലില്ലാത്തവര്‍ക്കുള്ള ദുരിതാശ്വാസത്തിനും ബാങ്കിംഗ് പരിഷ്‌കരണത്തിനും വേണ്ടി പ്രധാന വിജയങ്ങള്‍ നേടാന്‍ കഴിഞ്ഞ മിനസോട്ട ഫാര്‍മര്‍-ലേബര്‍ പാര്‍ട്ടിയെയും തമാസ് ചൂണ്ടിക്കാട്ടി. എന്നാല്‍ അവസരം ലഭിച്ചിട്ടും മസ്‌ക് അതിനായി ശ്രമിക്കുന്നതായി തോന്നുന്നില്ലെന്നും തമാസ് പറഞ്ഞു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി കൂടുതല്‍ വലതുവശത്തേക്ക് നീങ്ങുകയും ആരും ട്രംപിനോ അദ്ദേഹത്തിന്റെ മാഗ പ്രസ്ഥാനത്തിനോ എതിരെ നിലകൊള്ളാന്‍ തയ്യാറാകുന്നില്ലെന്നും തമാസ് പറഞ്ഞു.

മൂന്നാം കക്ഷിക്ക് അനുയോജ്യമായ അവസരമായിട്ടും  അവരെ മാറ്റിസ്ഥാപിക്കാന്‍ പോകുന്നില്ലെന്നും  ആക്രമിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. 

2022-ല്‍, ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനായി മത്സരിച്ച ആന്‍ഡ്രൂ യാങ് ഫോര്‍വേഡ് പാര്‍ട്ടി സ്ഥാപിക്കുകയും 'ഇടതല്ല. വലതല്ല. മുന്നോട്ട്' എന്ന ആഹ്വാനം ചെയ്യുന്ന ശൈലിയിലുള്ള മുദ്രാവാക്യത്തോടെ രംഗത്തെത്തുകുയം ചെയ്‌തെങ്കിലും ദേശീയ രാഷ്ട്രീയ രംഗത്ത് അധികം പ്രത്യക്ഷപ്പെട്ടില്ല. എങ്കിലും സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. 

മൂന്നാം കക്ഷിക്കായി ആളുകള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് പോളുകള്‍ ആവര്‍ത്തിച്ച് തെളിയിച്ചിട്ടുണ്ടെങ്കിലും അത് എങ്ങനെയായിരിക്കുമെന്ന് ഇനിയും കാണാനുണ്ട്. മസ്‌ക് പുതിയ പാര്‍ട്ടി തുടങ്ങാന്‍ ആളുകള്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് സോഷ്യല്‍ മീഡിയയില്‍ നടത്തിയ സര്‍വേയില്‍ 65 ശതമാനം പേര്‍ അതെ എന്നും 34 ശതമാനം ഇല്ല എന്നുമാണ് പറഞ്ഞത്. മസ്‌കിനെ കുറിച്ച് നടത്തിയ വോട്ടെടുപ്പില്‍ 60 ശതമാനം പേരും മസ്‌കിനെ ഇഷ്ടമല്ലെന്നാണ് അഭിപ്രായപ്പെട്ടത്. 32 ശതമാനം മാത്രമാണ് മസ്‌കിന് അനുകൂലമായി പ്രതികരണം നടത്തിയത്. 

അമേരിക്കന്‍ പാര്‍ട്ടി യു എസ് രാഷ്ട്രീയത്തെ മാറ്റുമെന്ന് എലോണ്‍ മസ്‌ക്; വിയോജിച്ച് വിദഗ്ദ്ധര്‍