ബാലസോര്‍: അധ്യാപകന്റെ ലൈംഗിക പീഡനത്തെ തുടര്‍ന്ന് വിദ്യാര്‍ഥിനി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബാലസോര്‍ ജില്ലയിലെ സര്‍ക്കാര്‍ കോളേജില്‍ 20കാരിയാണ് തീകൊളുത്തിയത്.
വിദ്യാര്‍ഥിനിയെ രക്ഷിക്കാന്‍ ശ്രമിച്ച ഒരു വിദ്യാര്‍ഥിക്കും സംഭവത്തില്‍ പൊള്ളലേറ്റു. സംഭവത്തെ തുടര്‍ന്ന് അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. അധ്യാപകനേയും കോളേജ് പ്രിന്‍സിപ്പലിനെയും സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു.
പെണ്‍കുട്ടിക്ക് 90 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള വിദ്യാര്‍ഥിനിയെ എയിംസ് ഭുവനേശ്വറിലേക്ക് മാറ്റി.
വകുപ്പ് മേധാവിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ ഒന്നു മുതല്‍ കോളെജ് ഗേറ്റില്‍ സമാധാനപരമായ പ്രതിഷേധം നടക്കുന്നുണ്ടായിരുന്നു. അവിടെയാണ് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
മാനസിക പീഡനം, മോശം പെരുമാറ്റം, ലൈംഗിക ആവശ്യങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ ഇന്റേണല്‍ മാര്‍ക്ക് കുറച്ചുകൊണ്ട് അക്കാദമിക് പ്രകടനം മോശമാക്കുമെന്ന് ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി പെണ്‍കുട്ടി മുമ്പ് പരാതി നല്‍കിയിട്ടുണ്ടെന്ന് പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ അറിയിച്ചു.
'ഡിപ്പാര്‍ട്ട്മെന്റ് മേധാവി തന്നെ ഉപദ്രവിക്കുന്നതായി ആ്ത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി പലതവണ തങ്ങളോട് പറഞ്ഞതായും അയാള്‍ അനാവശ്യ ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ടുവെന്നും അനുസരിച്ചില്ലെങ്കില്‍ പരാജയപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആത്മഹത്യാ ശ്രമം കണ്ട സഹ വിദ്യാര്‍ഥി പറഞ്ഞു.
ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ഥിനിയേയും രക്ഷിക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിയേയും ആദ്യം ബാലസോര്‍ ജില്ലാ ആസ്ഥാന ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പെണ്‍കുട്ടിക്ക് 90 ശതമാനത്തിലധികം പൊള്ളലേറ്റതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി എയിംസ് ഭുവനേശ്വറിലേക്ക് മാറ്റുകയായിരുന്നു.
സംഭവം കാമ്പസില്‍ വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. കോളേജ് മാനേജ്മെന്റ് കടുത്ത അവഗണനയാണ് കാണിച്ചതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. സഹപാഠിയുടെ മുന്‍ പരാതികള്‍ അവഗണിക്കുകയോ മോശമായി കൈകാര്യം ചെയ്യുകയോ ചെയ്തെന്നും വിദ്യാര്‍ഥികള്‍ കുറ്റപ്പെടുത്തി. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ആന്തരിക കമ്മിറ്റി രൂപീകരിച്ചതായി റിപ്പോര്‍ട്ടുണ്ടെങ്കിലും അത് പക്ഷപാതപരമാണെന്നും സുതാര്യതയില്ലെന്നും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി.
പെണ്‍കുട്ടി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പരാതികളുമായി തന്നെ സമീപിച്ചിരുന്നുവെന്ന് കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. ശനിയാഴ്ച രാവിലെ 11 മണിയോടെ വിദ്യാര്‍ഥിനി വീണ്ടും തന്നെ കണ്ടു കടുത്ത വിഷമം പ്രകടിപ്പിക്കുകയും താന്‍ അധ്യാപകനെ വിളിച്ചുവരുത്തി ഇരു കക്ഷികളുമായും സംസാരിച്ചതായും എന്നാല്‍ ഓഫിസില്‍ നിന്നും പോയതിന് തൊട്ടുപിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ലൈംഗിക പീഡനത്തിന് വ്യക്തമായ തെളിവുകള്‍ ആഭ്യന്തര പരാതി കമ്മിറ്റിക്ക് ലഭിച്ചിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.
പ്രിന്‍സിപ്പലിന്റെ സസ്പെന്‍ഷന്‍ ഉത്തരവില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് കോളേജിന്റെ പ്രിന്‍സിപ്പല്‍ എന്ന നിലയില്‍ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു എന്ന് പ്രസ്താവിച്ചു. വിഷയം ശരിയായി കൈകാര്യം ചെയ്തില്ല എന്നും കൂട്ടിച്ചേര്‍ത്തു.
ജില്ലാ കളക്ടറുടെ അനുമതിയില്ലാതെ ബാല്‍സോര്‍ വിടുന്നതില്‍ നിന്ന് പ്രിന്‍സിപ്പലിനെ വിലക്കിയിട്ടുണ്ട്.
ആത്മഹത്യാ പ്രേരണ, ലൈംഗിക പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തി കുറ്റാരോപിതനായ ഫാക്കല്‍റ്റി അംഗത്തെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഡിഐജി സത്യജിത് നായിക് പറഞ്ഞു. ഫോറന്‍സിക് സംഘം സ്ഥലം സന്ദര്‍ശിച്ചു. വിശദമായ അന്വേഷണം നടന്നുവരികയാണെന്നും കോളേജ് കാമ്പസില്‍ ക്രമസമാധാനം കര്‍ശനമായി പാലിക്കുന്നുണ്ടെന്നും നായിക് പറഞ്ഞു.