ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ബോയിംഗ് 787-8 വിമാനം തകര്‍ന്നുവീണതിനെക്കുറിച്ചുള്ള എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ (എഎഐബി) പ്രാഥമിക റിപ്പോര്‍ട്ടില്‍ പൈലറ്റുമാരുടേയും പ്രതിനിധി സംഘടനകളുടേയും ശക്തമായ പ്രതികരണങ്ങള്‍ക്ക് കാരണമായി. എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ 260 പേര്‍ കൊല്ലപ്പെടുകയും 68 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
റിപ്പോര്‍ട്ട് ഉത്തരം നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുവെന്നും സാങ്കേതികമോ വ്യവസ്ഥാപരമോ ആയ പരാജയങ്ങളെ കുറച്ചുകാണുന്നതിനൊപ്പം വിമാന ജീവനക്കാരുടെ മേല്‍ കുറ്റം ചുമത്തുന്നതായി തോന്നുന്നുവെന്നും അവര്‍ വ്യക്തമാക്കുന്നു.
അഹമ്മദാബാദില്‍ നിന്ന് ലണ്ടന്‍ ഗാറ്റ്വിക്കിലേക്ക് പോകുന്ന വിമാനം പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ നടന്ന ദുരന്തത്തില്‍ 229 യാത്രക്കാരും 12 ക്രൂ അംഗങ്ങളും നിലത്തുണ്ടായിരുന്ന 19 പേരുമാണ് മരിച്ചത്.
വിമാനം പറന്നുയര്‍ന്നതിന് ശേഷം ഒന്നിലധികം കെട്ടിടങ്ങളില്‍ ഇടിക്കുകയും തീപിടിക്കുകയും വിമാനത്തിലുണ്ടായിരുന്ന ഒരാള്‍ ഒഴികെ എല്ലാവരും കൊല്ലപ്പെടുകയും ചെയ്തു.
കോക്ക്പിറ്റ് സംഭാഷണങ്ങളുടെ അവ്യക്തവും തെരഞ്ഞെടുത്തതുമായ അവതരണത്തിലൂടെ സംഭവത്തിന് പൈലറ്റുമാരെ ഉത്തരവാദികളായി ചിത്രീകരിക്കുന്നതായി എഎഐബി ആരോപിച്ചു.
ഒരു പൈലറ്റ് 'എന്തുകൊണ്ടാണ് നിങ്ങള്‍ ഇന്ധന സ്വിച്ച് വിച്ഛേദിച്ചത്?' എന്ന് ചോദിക്കുകയും മറ്റൊരാള്‍ 'ഞാന്‍ വിച്ഛേദിച്ചില്ല' എന്ന് മറുപടി നല്‍കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ഏത് പൈലറ്റ് എന്ത് പറഞ്ഞു എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. കോക്ക്പിറ്റ് സംഭാഷണത്തിന്റെ ചില ഭാഗങ്ങള്‍ മാത്രം ഉദ്ധരിക്കുന്നത് ഫ്ളൈറ്റ് ക്രൂവിന്റെ മേല്‍ കുറ്റം ചുമത്തുന്നതാണെന്ന് ഒരു മുതിര്‍ന്ന പൈലറ്റ് ആരോപിച്ചു. പൂര്‍ണ്ണ ട്രാന്‍സ്‌ക്രിപ്റ്റ് എന്തുകൊണ്ട് പുറത്തുവിടുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്ക് ശേഷം രണ്ട് എഞ്ചിന്‍ ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെയും അപ്രതീക്ഷിത ചലനമാണ് വിവാദത്തിന്റെ കേന്ദ്രബിന്ദു.
റിപ്പോര്‍ട്ട് ഇതിനെ 'ട്രാന്‍സിഷന്‍' എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ അവ്യക്തമായ കാര്യത്തെ ഇത്തരത്തില്‍ വിശേഷിപ്പിക്കുന്നതിനെ പൈലറ്റുമാരും വ്യോമയാന വിദഗ്ധരും വിമര്‍ശിക്കുന്നുണ്ട്.
തകര്‍ന്ന 787-8ല്‍ ഉപയോഗിച്ച സ്വിച്ച് മോഡല്‍ ഉള്‍പ്പെടെ യു എസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്റെ (എഫ് എ എ) 2018ലെ സ്പെഷ്യല്‍ എയര്‍വര്‍ത്തിനസ് ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ (എസ് എ ഐ ബി) റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇന്ധന നിയന്ത്രണ സ്വിച്ചുകളിലെ ലോക്കിംഗ് ഫീച്ചര്‍ ചില ബോയിംഗ് വിമാനങ്ങളില്‍ വേര്‍പെടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ ആ സമയത്ത് കൃത്യമായ നിര്‍ദ്ദേശം പുറപ്പെടുവിക്കാന്‍ പര്യാപ്തമായ ഒരു അവസ്ഥയായി എഫ് എ എ ഇതിനെ കണക്കാക്കിയിരുന്നില്ല.
ഈ കാര്യത്തെ കുറിച്ച് ചെറുതായി പരാമര്‍ശിക്കുകയും ക്രൂവിന്റെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നതിലൂടെ നിര്‍മ്മാണ പ്രശ്നങ്ങളില്‍ നിന്നും എയര്‍ ഇന്ത്യയുടെയും അറ്റകുറ്റപ്പണി പ്രവര്‍ത്തനങ്ങളുടേയും ഉത്തരവാദിത്തങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ശ്രദ്ധ തിരിക്കുന്നുവെന്ന് വിമര്‍ശകര്‍ വാദിക്കുന്നു.