കശ്യപുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുന്നുവെന്ന് സൈന നേവാള്‍; സാമൂഹിക മാധ്യമത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ്

കശ്യപുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുന്നുവെന്ന് സൈന നേവാള്‍; സാമൂഹിക മാധ്യമത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ്


ഇന്ത്യയുടെ മുന്‍ ബാഡ്മിന്റണ്‍ താരങ്ങളായ സൈന നേവാളും ഭര്‍ത്താവ് പി. കശ്യപും വിവാഹബന്ധം വേര്‍പെടുത്തുന്നു. കശ്യപുമായി പരസ്പര സമ്മതത്തോടെ വേര്‍പിരിയാന്‍ തീരുമാനിച്ചതായി സൈന ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ആരാധകരെ അറിയിച്ചത്.

ജീവിതം ചിലപ്പോള്‍ നമ്മളെ വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകുന്നു. വളരെയധികം ആലോചിച്ച ശേഷം കശ്യപും ഞാനും വേര്‍പിരിയാന്‍ തീരുമാനിച്ചു. ഞങ്ങള്‍ പരസ്പരം സമാധാനവും വളര്‍ച്ചയും ശാന്തിയും തിരഞ്ഞെടുക്കുകയാണ്. ആ ഓര്‍മ്മകള്‍ക്ക് ഞാന്‍ നന്ദിയുള്ളവളാണ്. ഭാവിയില്‍ നിങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നു. ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യത മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്തതിന് നന്ദി. സൈന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വേര്‍പിരിയലിനെക്കുറിച്ച് കശ്യപ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഏഴുവര്‍ഷം മുന്‍പ് 2018ലായിരുന്നു ഇവര്‍ വിവാഹിതരായത്. ഹൈദരാബാദിലെ പുല്ലേല ഗോപിചന്ദ് അക്കാദമിയിലാണ് സൈനയും കശ്യപ് പരുപ്പള്ളിയും പരിശീലനം നേടിയത്. പരിശീലനത്തിനിടെയുള്ള സൗഹൃദം പ്രണയമായി വളരുന്നതിനൊടുവിലായിരുന്നു വിവാഹിതരാകാന്‍ തീരുമാനിച്ചത്. വിവാഹത്തിനു പിന്നാലെ ഇരുവരും അക്കാദമി വിട്ടിരുന്നു. ഒളിമ്പിക്‌സിലെ തന്റെ മികച്ച പ്രകടനത്തിലൂടെയും വെങ്കല മെഡലിലൂടെയും സൈന വാര്‍ത്തകളില്‍ ഇടം നേടിയപ്പോള്‍, 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണ മെഡല്‍ നേടി പരുപ്പള്ളിയും പ്രശസ്തി നേടി.

ഹരിയാന സ്വദേശിയായ സൈന നേവാള്‍ 2008ല്‍ ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് വിജയിച്ചതോടെയാണ് ലോകശ്രദ്ധ ആകര്‍ഷിച്ചത്. അതേവര്‍ഷം ഒളിമ്പിക്‌സില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. 2009ല്‍ അര്‍ജുന അവാര്‍ഡും 2010ല്‍ രാജീവ് ഗാന്ധി ഖേല്‍രത്‌ന അവാര്‍ഡും നേടി. ബാഡ്മിന്റണില്‍ ലോക ഒന്നാം റാങ്കിങ് നേടിയ ഒരേയൊരു ഇന്ത്യക്കാരിയും, കര്‍ണ്ണം മല്ലേശ്വരിക്ക് ശേഷം ഒളിമ്പിക് മെഡല്‍ നേടിയ രണ്ടാമത്തെ ഇന്ത്യന്‍ വനിതയും കൂടിയായിരുന്നു സൈന.

ബാഡ്മിന്റണ്‍ കളിക്കാരനെന്ന നിലയില്‍ കശ്യപിന്റേതും ഒരു മികച്ച കരിയറായിരുന്നു. 2012ല്‍ ലണ്ടന്‍ ഗെയിംസില്‍, ഒളിമ്പിക് ബാഡ്മിന്റണില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരനായി അദ്ദേഹം മാറി. ഒരു വര്‍ഷത്തിനുശേഷം കരിയറിലെ ഏറ്റവും മികച്ച ലോക റാങ്കിംഗായ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. തുടര്‍ന്ന് 2014ല്‍, കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണം നേടി ചരിത്രത്തില്‍ തന്റെ പേര് രേഖപ്പെടുത്തി. 32 വര്‍ഷത്തിനിടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ ബാഡ്മിന്റണ്‍ കളിക്കാരനായി. 2024ല്‍ വിരമിച്ച കശ്യപ് പിന്നീട് പരിശീലകനായി മാറി.