കൊച്ചി: കേരള ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളില്‍ താത്ക്കാലിക വി സിമാരെ നിയമിച്ച വിഷയത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് തിരിച്ചടി. ഗവര്‍ണറുടെ അപ്പീല്‍ ഹൈക്കോടതി തള്ളി. ഈ രണ്ട് സര്‍വകലാശാലകളിലും സര്‍ക്കാര്‍ പാനലില്‍ നിന്നല്ലാതെ താത്ക്കാലിക വി സിമാരെ നിയമിച്ച ഗവര്‍ണറുടെ നടപടി നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഇതു ശരിവച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, പി വി ബാലകൃഷ്ണന്‍ എന്നിവരുടെ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
കേരള സാങ്കേതിക സര്‍വകലാശാല താത്ക്കാലിക വൈസ് ചാന്‍സലറായി ഡോ. കെ ശിവപ്രസാദിനെയും ഡിജിറ്റല്‍ സര്‍വകലാശാലയില്‍ താത്ക്കാലിക വി സിയായി ഡോ. സിസ തോമസിനെയും നിയമിച്ചതിനെതിരെ സര്‍ക്കാരായിരുന്നു സിംഗിള്‍ ബെഞ്ചിനെ സമീപിച്ചത്. ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായിരുന്നപ്പോഴായിരുന്നു ഈ നിയമനം. ഇരു സര്‍വകലാശാലകളിലും പുതിയ വൈസ് ചാന്‍സലറെ കണ്ടെത്താന്‍ സര്‍ക്കാര്‍ പാനല്‍ നല്‍കിയെങ്കിലും ഗവര്‍ണര്‍ ഡോ. ശിവപ്രസാദിനെയും ഡോ. സിസ തോമസിനേയും നിയമിക്കുകയായിരുന്നു. സര്‍ക്കാര്‍ നല്‍കിയ പാനലിന് പുറത്തുനിന്നായിരുന്നു ചാന്‍സലറുടെ താത്ക്കാലിക വി സി നിയമനമെന്നും ഇത് സര്‍വകലാശാല നിയമങ്ങളുടെ ലംഘനമാണ് എന്നുമാണ് സര്‍ക്കാര്‍ വാദിച്ചത്.
2023 ഫെബ്രുവരിയില്‍ ഡോ. സിസ തോമസ് കേസില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച വിധി മറികടക്കുന്നതാണ് ചാന്‍സലറുടെ നടപടിയെന്നുമുള്ള സര്‍ക്കാര്‍ വാദം അംഗീകരിച്ചുകൊണ്ടായിരുന്നു അന്ന് ജസ്റ്റിസ് പി ഗോപിനാഥ് ഉത്തരവിട്ടത്. ഈ ഉത്തരവിനെതിരെ നിലവിലെ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറാണ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. യു ജി സി ചട്ടങ്ങള്‍ പ്രകാരം ചാന്‍സലര്‍ക്കാണ് വി സിമാരുടെ നിയമനാധികാരമെന്നും യു ജി സി ചട്ടങ്ങളിലെ വ്യവസ്ഥകള്‍ സംബന്ധിച്ച് തര്‍ക്കത്തിനു വ്യക്തത വരുത്തേണ്ടത് യു ജി സിയാണെന്നും എന്നാല്‍ യു ജി സിയെ കേട്ടിട്ടില്ലെന്നുമുള്ള വാദങ്ങളാണ് ഗവര്‍ണര്‍ മുന്നോട്ടു വച്ചത്. എന്നാല്‍ ഇത് തള്ളി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു.
സര്‍ക്കാരിന്റെ ശുപാര്‍ശ പരിഗണിച്ചു മാത്രമേ പുതിയ നിയമനം നടത്താവൂ എന്നായിരുന്നു സിംഗിള്‍ ബെഞ്ച് വിധി. താത്ക്കാലിക വി സിയാണെങ്കിലും യു ജി സി ചട്ടങ്ങള്‍ക്ക് അനുസൃതമായ മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണമെന്നും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ഇക്കാര്യം ശരിവച്ചാണ് സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടേണ്ട സാഹചര്യമില്ല എന്നു വ്യക്തമാക്കി ഗവര്‍ണറുടെ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളിയിരിക്കുന്നത്. സ്ഥിരം വി സി നിയമനത്തിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും ക്രിയാത്മകമായി ഇടപെടാനും സിംഗിള്‍ ബെഞ്ചിനെപ്പോലെ ഡിവിഷന്‍ ബെഞ്ചും നിര്‍ദേശിച്ചിട്ടുണ്ട്.