വര്‍ണ്ണ വിവേചനത്തിനെതിരെ ശബ്ദമുയര്‍ത്തിയ മുന്‍ മിസ് പുതുച്ചേരി മരിച്ച നിലയില്‍

വര്‍ണ്ണ വിവേചനത്തിനെതിരെ ശബ്ദമുയര്‍ത്തിയ മുന്‍ മിസ് പുതുച്ചേരി മരിച്ച നിലയില്‍


പോണ്ടിച്ചേരി: മുന്‍ മിസ് പുതുച്ചേരിയും ഫാഷന്‍ രംഗത്തെ വ്യത്യസ്തയുമായ സാന്‍ റേച്ചലിനെ (26) മരിച്ച നിലയില്‍ കണ്ടെത്തി. പുതുച്ചേരിയിലെ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലാണ് (ജിപ്മര്‍) അമിതമായി ഉറക്ക ഗുളികകള്‍ കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്നുള്ള ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെങ്കിലും സാന്‍ റേച്ചല്‍ ആത്മഹത്യ ചെയ്യാന്‍ കാരണമെന്താണെന്ന് വ്യ്ക്തമായിട്ടില്ല.് 

ചെറുപ്പത്തില്‍ തന്നെ അമ്മയെ നഷ്ടപ്പെട്ട റേച്ചലിനെ അച്ഛന്‍ ഗാന്ധിയാണ് വളര്‍ത്തിയത്. റേച്ചലിന്റെ മോഡലിംഗ് സ്വപ്‌നങ്ങള്‍ക്കും അച്ഛനായിരുന്നു പിന്തുണ.

ചര്‍മ്മത്തിന്റെ നിറവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ ധിക്കരിച്ചാണ് റേച്ചല്‍ മേഖലയില്‍ നിലയുറപ്പിച്ചത്. വര്‍ണ്ണ വിവേചനത്തിനെതിരായ ശക്തമായ ശബ്ദമായിരുന്നു റേച്ചല്‍. 'ഫെയര്‍ സ്‌കിന്‍' മാനദണ്ഡങ്ങളുടെ ആധിപത്യത്തെ വെല്ലുവിളിച്ചാണ് റേച്ചല്‍ രംഗത്ത് ആധിപത്യം ഉറപ്പിച്ചത്. 

ഗാന്ധി, ശങ്കരപ്രിയ എന്നിങ്ങനെ കൂടി അറിയപ്പെട്ടിരുന്ന റേച്ചല്‍ ഇന്ത്യക്കാരുടെ പരമ്പരാഗത സൗന്ദര്യ സങ്കല്‍പ്പങ്ങളെയെല്ലാം വെല്ലുവിളിച്ചു. 

2019ല്‍ മിസ് ഡാര്‍ക്ക് ക്വീന്‍ തമിഴ്‌നാട്, 2020- 21 വര്‍ഷത്തില്‍ മിസ് പോണ്ടിച്ചേരി എന്നീ സൗന്ദര്യ മത്സരങ്ങളില്‍ വിജയിച്ച റേച്ചല്‍ ഒട്ടേറെ ഫാഷന്‍ ഷോകളില്‍ റാംപ് മോഡലുമായിരുന്നു. ചില പരസ്യ ചിത്രങ്ങളിലും സാന്‍ റേച്ചല്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 

പ്രധാനപ്പെട്ട നാല് സൗന്ദര്യ മത്സരങ്ങളില്‍ വിജയിച്ച സാന്‍ നിരവധി പുരസ്‌ക്കാരങ്ങളും നേടിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 1,80,000ലേറെ ഫോളോവേഴ്‌സുള്ള സാന്‍ റേച്ചല്‍ നായകളെ സംരക്ഷിക്കാനുള്ള നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ റാഡോസ് ഗിഫ്റ്റ്, റോസ് നോയിര്‍ ഫാഷന്‍ ആന്റ് ഗ്രൂമിംഗ് ലിമിറ്റഡ് എന്നിവയുടെ സഹസ്ഥാപകയാണ്. അടുത്തിടെയാണ് വിവാഹിതയായത്.