ബോയിംഗ് 787 വിമാനത്തിലെ ഇന്ധന സ്വിച്ചുകള്‍ ഉപയോഗിക്കുന്നതില്‍ ജാഗ്രത വേണമെന്ന് ഇത്തിഹാദും ദക്ഷിണ കൊറിയയും

ബോയിംഗ് 787 വിമാനത്തിലെ ഇന്ധന സ്വിച്ചുകള്‍ ഉപയോഗിക്കുന്നതില്‍ ജാഗ്രത വേണമെന്ന് ഇത്തിഹാദും ദക്ഷിണ കൊറിയയും


ദുബായ്: ബോയിംഗ് 787 വിമാനത്തിലെ ഇന്ധന സ്വിച്ചുകള്‍ ഉപയോഗിക്കുന്നതില്‍ 'ജാഗ്രത പാലിക്കാന്‍' ഇത്തിഹാദ് എയര്‍വേയ്‌സ് പൈലറ്റുമാരോട് ഉത്തരവിട്ടതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

ജൂണ്‍ 12ന് അഹമ്മദാബാദില്‍ നടന്ന എയര്‍ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്ന ദിവസമാണ് ഈ നിര്‍ദ്ദേശം നല്‍കിയത്. പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ എയര്‍ ഇന്ത്യ വിമാനത്തിലെ രണ്ട് ഇന്ധന സ്വിച്ചുകളും 'റണ്‍' സ്ഥാനങ്ങളില്‍ നിന്ന് 'കട്ട്ഓഫ്' സ്ഥാനങ്ങളിലേക്ക് മാറിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 

ബോയിംഗ് വിമാനങ്ങള്‍ ഉപയോഗിക്കുന്ന തങ്ങളുടെ വിമാനക്കമ്പനികള്‍ക്കും സമാനമായ നീക്കം നടത്താന്‍ ദക്ഷിണ കൊറിയ പദ്ധതിയിടുന്നുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ബോയിംഗ് വിമാനങ്ങള്‍ ഉപയോഗിക്കുന്ന എല്ലാ വിമാനക്കമ്പനികളും ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ പരിശോധിക്കാന്‍ ഒരുങ്ങുന്നുണ്ട്. അതേസമയം, സ്വിച്ചുകള്‍ ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കാന്‍ പൈലറ്റുമാരോട് നിര്‍ദ്ദേശിക്കുന്നതിനൊപ്പം ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ച് അന്വേഷണത്തിനും ഇത്തിഹാദ് എയര്‍വേയ്‌സ് ഉത്തരവിട്ടു.

787 ഉള്‍പ്പെടെയുള്ള വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ സുരക്ഷിതമല്ലെന്ന് യു എസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനും (എഫ്എഎ) ബോയിംഗും അറിയിച്ചതിനെ തുടര്‍ന്നാണ് ഇത്തിഹാദ് പൈലറ്റുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതും ദക്ഷിണ കൊറിയ തങ്ങളുടെ വിമാനക്കമ്പനികള്‍ക്ക് സമാനമായ നീക്കം നടത്താനുള്ള പദ്ധതി പ്രഖ്യാപനവും നടത്തിയത്. 

ലോക്കിംഗ് സവിശേഷത ഉള്‍പ്പെടെയുള്ള ഇന്ധന നിയന്ത്രണ സ്വിച്ച് രൂപകല്‍പ്പന വിവിധ ബോയിംഗ് വിമാന മോഡലുകളില്‍ സമാനമാണെങ്കിലും 787 ഉള്‍പ്പെടെയുള്ള ഏതെങ്കിലും ബോയിംഗ് വിമാന മോഡലുകളില്‍ എയര്‍വര്‍ത്തിനസ് ഡയറക്റ്റീവ് ആവശ്യപ്പെടുന്ന സുരക്ഷിതമല്ലാത്ത അവസ്ഥയായി എഫ് എ എ ഈ പ്രശ്നം കണക്കാക്കുന്നില്ലെന്നാണ് സിവില്‍ ഏവിയേഷന്‍ അതോറിറ്റികള്‍ക്കുള്ള അറിയിപ്പ് ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്. 

ദി ഹിന്ദു റിപ്പോര്‍ട്ട് പ്രകാരം എയര്‍ ഇന്ത്യ വിമാനാപകടത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തിറങ്ങിയ ജൂലൈ 12ന് പൈലറ്റുമാരോട് ഇന്ധന നിയന്ത്രണ സ്വിച്ചുകളോ അവരുടെ സമീപത്തുള്ള മറ്റേതെങ്കിലും സ്വിച്ചുകളോ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ബുള്ളറ്റിനാണ് ഇത്തിഹാദ് പുറത്തിറക്കിയത്. ഈ നടപടി 'വളരെയധികം ജാഗ്രതയോടെയാണ്' എടുക്കുന്നതെന്ന് എയര്‍ലൈന്‍ പറയുന്നു.

ഇത്തിഹാദിന്റെ ബോയിംഗ് 787 വിമാനത്തിലുടനീളം ഇന്ധന നിയന്ത്രണ ലോക്കിംഗ് സംവിധാനം പരിശോധിക്കണമെന്ന് പ്രത്യേക ബുള്ളറ്റിന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. കൂടാതെ എഞ്ചിനീയര്‍മാര്‍ക്ക് പരിശോധിക്കുന്നതിനായി വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

ആകസ്മികമായ ചലനങ്ങള്‍ ഒഴിവാക്കാന്‍ പൈലറ്റുമാര്‍ പീഠത്തില്‍ വസ്തുക്കള്‍ വയ്ക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ അസാധാരണമായ എന്തെങ്കിലുമുണ്ടായാല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വിമാനത്തിലെ ക്രൂവിനോട് ഉത്തരവിട്ടിട്ടുണ്ട്.

ദക്ഷിണ കൊറിയയിലെ ഭൂമി, അടിസ്ഥാന സൗകര്യ, ഗതാഗത മന്ത്രാലയം തങ്ങളുടെ വിമാനക്കമ്പനികള്‍ നടത്തുന്ന ബോയിംഗ് വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകളില്‍ പരിശോധനകള്‍ നിര്‍വഹിക്കുന്നുണ്ട്. എന്നാല്‍ ഇതിന് സമയപരിധി നിശ്ചയിച്ചിട്ടില്ല. 

ഇന്ധന സ്വിച്ചുകളുടെ ലോക്കിംഗ് സവിശേഷത പരിശോധിക്കാന്‍ ബോയിംഗ് മോഡല്‍ ഓപ്പറേറ്റര്‍മാരെ ശുപാര്‍ശ ചെയ്ത 2018ലെ എഫ് എ എ ഉപദേശക സമിതിയുടെ അടിസ്ഥാനത്തിലാണ് അവ വരുന്നത്. അടുത്തിടെ പുറത്തിറങ്ങിയ എയര്‍ ഇന്ത്യ ക്രാഷ് പ്രോബ് റിപ്പോര്‍ട്ടിലും ഇതേ ഉപദേശം ഉദ്ധരിച്ചിട്ടുണ്ട്.

അഹമ്മദാബാദില്‍ 241 പേര്‍ ഉള്‍പ്പെടെ 260 പേര്‍ കൊല്ലപ്പെട്ട എയര്‍ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ജൂലൈ 12നാണ് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എ എ ഐ ബി) പുറത്തിറക്കിയത്. 

എഞ്ചിനുകളിലേക്കുള്ള ഇന്ധന വിതരണം നിയന്ത്രിക്കുന്ന സ്വിച്ചുകള്‍ ഒരു സെക്കന്‍ഡിനുള്ളില്‍ 'റണ്‍' ല്‍ നിന്ന് 'കട്ട്ഓഫ്' ലേക്ക് മാറിയതായും പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്ക് ശേഷം വിമാനത്തിന്റെ രണ്ട് എഞ്ചിനുകളും ഓഫായതായും റിപ്പോര്‍ട്ടിന്റെ കണ്ടെത്തലുകള്‍ വെളിപ്പെടുത്തുന്നു. 

കോക്ക്പിറ്റിലെ രണ്ട് പൈലറ്റുമാര്‍ തമ്മിലുള്ള സംഭാഷണവും ഇത് രേഖപ്പെടുത്തുന്നുണ്ട്. അവരില്‍ ഒരാള്‍ 'നിങ്ങള്‍ എന്തിനാണ് കട്ട് ഓഫ് ചെയ്തത്?' എന്ന് ചോദിക്കുന്നതും മറ്റേയാള്‍ 'ഞാന്‍ കട്ട് ഓഫ് ചെയ്തില്ല' എന്ന് മറുപടി നല്‍കുന്നുമുണ്ട്.