എയര്‍ ഇന്ത്യ അപകടം; അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് കൂടുതല്‍ ഉത്തരങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് ബന്ധുക്കള്‍

എയര്‍ ഇന്ത്യ അപകടം; അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് കൂടുതല്‍ ഉത്തരങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് ബന്ധുക്കള്‍


ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ അപകടത്തിന് കാരണം വിമാനത്തിലെ ഇന്ധന സ്വിച്ചുകള്‍ വിച്ഛേദിക്കപ്പെട്ടതാണെന്ന റിപ്പോര്‍ട്ട് സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്. അതോടൊപ്പം അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് കൂടുതല്‍ ഉത്തരങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. 

ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറന്നുയര്‍ന്ന ഉടന്‍ തന്നെ വിമാനത്തിന്റെ രണ്ട് ഇന്ധന സ്വിച്ചുകളും കട്ട്-ഓഫ് സ്ഥാനത്തേക്ക് നീങ്ങി എഞ്ചിനുകളിലേക്കുള്ള ഇന്ധന വിതരണം നിന്നുവെന്നാണ് പറയുന്നത്. അതോടൊപ്പം കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡിംഗില്‍ പൈലറ്റുമാരില്‍ ഒരാള്‍ മറ്റേയാളോട് എന്തിനാണ് സ്വിച്ച് വിച്ഛേദിച്ചതെന്ന് ചോദിക്കുന്നതും മറ്റേ പൈലറ്റ് താന്‍ അങ്ങനെ ചെയ്തില്ലെന്ന് മറുപടി നല്‍കുന്നതും കേള്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

റിപ്പോര്‍ട്ടില്‍ താന്‍ തൃപ്തനല്ലെന്നാണ് അപകടത്തില്‍ മരിച്ച സഹോദരിമാരുടെ ബന്ധു പറഞ്ഞത്. മുത്തശ്ശിയുടെ പിറന്നാളിന് സര്‍പ്രൈസ് നല്‍കിയാണ് സഹോദരിമാരായ ധീര്‍, ഹീര്‍ ബക്‌സി എന്നിവര്‍ ലണ്ടനിലേക്ക് വിമാനത്തില്‍ മടങ്ങിയത്. 

ഭാവിയില്‍ ഉണ്ടാകാവുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ സാധ്യമായ കൂടുതല്‍ സുതാര്യവും സത്യസന്ധവുമായ അന്വേഷണം തങ്ങള്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. എന്താണ് സംഭവിച്ചതെന്നും ആരാണ് ഉത്തരവാദിയെന്നും അന്തിമ റിപ്പോര്‍ട്ട് പൂര്‍ണ്ണ വ്യക്തത കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞു. അതോടൊപ്പം ഇനിയൊരിക്കലും ഇത്തരമൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ യഥാര്‍ഥ മാറ്റങ്ങള്‍ക്കും പ്രേരണ നല്‍കണമെന്നും ആവശ്യപ്പെട്ടു.

തങ്ങളുടെ കുടുംബം ഇപ്പോഴും നഷ്ടത്തിന്റെ ഭാരം മറികടക്കാന്‍ പരിശ്രമിക്കുകയാണെന്നാണ് അപകടത്തില്‍ മരിച്ച അകീല്‍ നാനബാവ, ഭാര്യ ഹന്ന വോറാജി, അവരുടെ നാല് വയസ്സുള്ള മകള്‍ സാറ നാനബാവ എന്നിവരുടെ ബന്ധുക്കള്‍ പറഞ്ഞത്. സത്യസന്ധതയും സുതാര്യതയും പൂര്‍ണ്ണ സത്യം കണ്ടെത്തുന്നതിനുള്ള പ്രതിബദ്ധതയും തങ്ങള്‍ക്ക് ആവശ്യമാണെന്നും അവര്‍ പറഞ്ഞു.

തങ്ങള്‍ നീതിയും ഉത്തരങ്ങളും തേടുന്നുവെന്നും ദൈവത്തിന്റെ വിധി അംഗീകരിക്കുന്നുവെങ്കിലും  എന്താണ് സംഭവിച്ചതെന്ന് അറിയുന്നത് തങ്ങളെ ആശ്വസിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. 

അപകടത്തില്‍പ്പെട്ട ചില കുടുംബങ്ങളുടെ അഭിഭാഷകന്‍ പറഞ്ഞത് കണ്ടെത്തലുകള്‍ വളരെയധികം ആശങ്കാജനകമാണെന്നാണ്. 

അന്വേഷണത്തില്‍ തനിക്ക് വിശ്വാസമുണ്ടെന്ന് യു കെ ഗതാഗത സെക്രട്ടറി ഹെയ്ഡി അലക്‌സാണ്ടര്‍ പറഞ്ഞു. ഇന്ത്യന്‍ അധികാരികള്‍ ആവശ്യപ്പെട്ടാല്‍ അവരെ സഹായിക്കാന്‍ തയ്യാറാണെന്നും അവര്‍ പറഞ്ഞു.

റെഗുലേറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ള പങ്കാളികളുമായി അടുത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അന്വേഷണം പുരോഗമിക്കുമ്പോള്‍ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുമായും മറ്റ് അതോറിറ്റികളുമായും പൂര്‍ണ്ണമായി സഹകരിക്കുന്നത് തുടരുമെന്നും എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു.