50 ദിവസത്തിനകം യുക്രെയ്‌നുമായി കാരാറായില്ലെങ്കില്‍ റഷ്യക്കെതിരെ കടുത്ത തീരൂവയെന്ന് ട്രംപ്

50 ദിവസത്തിനകം യുക്രെയ്‌നുമായി കാരാറായില്ലെങ്കില്‍ റഷ്യക്കെതിരെ കടുത്ത തീരൂവയെന്ന് ട്രംപ്


വാഷിംഗ്ടണ്‍: യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ 50 ദിവസത്തിനുള്ളില്‍ കരാറിലെത്തിയില്ലെങ്കില്‍ റഷ്യയ്ക്കെതിരെ 'വളരെ കഠിനമായ' തീരുവകള്‍ ചുമത്തുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. 

യുക്രെയ്നുമായി കരാറിലെത്തുന്നതില്‍ പരാജയപ്പെട്ടാല്‍ 100 ശതമാനം 'ദ്വിതീയ താരിഫുകള്‍' ചുമത്തുമെന്നാണ് ട്രംപ് മുന്നറിയിപ്പില്‍ പറയുന്നത്. 

നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെയുമായുള്ള ഓവല്‍ ഓഫീസ് കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

യുക്രെയ്‌നുമായി കരാര്‍ വൈകിക്കുന്നതില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനോടുള്ള തന്റെ നിരാശയും യു എസ് പ്രസിഡന്റ് പ്രകടിപ്പിച്ചു. മോസ്‌കോയോട് അദ്ദേഹം 'വളരെ വളരെ അസന്തുഷ്ടനാണ്' എന്നും നാറ്റോ വഴി യുക്രെയ്നിന് 'ഏറ്റവും ഉയര്‍ന്ന' ആയുധങ്ങള്‍ എത്തിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആഗോള സമ്പദ്വ്യവസ്ഥയില്‍ മോസ്‌കോയെ ഒറ്റപ്പെടുത്താന്‍ കഴിയുന്ന റഷ്യയുടെ വ്യാപാര പങ്കാളികളെ ലക്ഷ്യം വയ്ക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

റഷ്യയും യുക്രെയ്നുമായുള്ള യുദ്ധത്തിന് തങ്ങള്‍ ഏകദേശം 350 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചുവെന്നും അത് അവസാനിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നതായും പറഞ്ഞ ട്രംപ് ഇത് തന്റെ യുദ്ധമല്ലെന്നും ബൈഡന്റെ യുദ്ധമായിരുന്നുവെന്നും പറഞ്ഞു. രണ്ട് മാസം മുമ്പ് ഒരു കരാറുണ്ടാകുമെന്ന് കരുതിയെങ്കിലും അത് അവിടെ എത്തുന്നില്ലെന്നും  അതിനാല്‍ അതിന്റെ അടിസ്ഥാനത്തില്‍ 50 ദിവസത്തിനുള്ളില്‍ കരാറില്‍ എത്തിയില്ലെങ്കില്‍ ദ്വിതീയ താരിഫുകള്‍ നടപ്പിലാക്കാന്‍ പോകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യൂറോപ്യന്‍ സഖ്യകക്ഷികള്‍ യുക്രെയ്‌നിനായി യു എസ് ആയുധങ്ങള്‍ വാങ്ങുമെന്നും 'ബില്യണ്‍ കണക്കിന്' ഡോളറിന്റെ ഇടപാടുകള്‍ ഉണ്ടാകുമെന്നും യു എസ് പ്രസിഡന്റ് പറഞ്ഞു.

ജര്‍മ്മനി, ഫിന്‍ലാന്‍ഡ്, കാനഡ, നോര്‍വേ, സ്വീഡന്‍, യുണൈറ്റഡ് കിംഗ്ഡം, ഡെന്‍മാര്‍ക്ക് എന്നിവര്‍  വാങ്ങുന്നവരില്‍ ഉള്‍പ്പെടുന്നുവെന്നും കയറ്റുമതികള്‍ പുടിനെ സമാധാന കരാറിന്റെ ചര്‍ച്ചകള്‍ 'പുനപരിശോധിക്കാന്‍' പ്രേരിപ്പിക്കുമെന്നും നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി എപി റിപ്പോര്‍ട്ട് ചെയ്തു.

കീവില്‍ യുക്രെയ്‌നിലെ യു എസ് പ്രതിനിധി കീത്ത് കെല്ലോഗുമായി 'ഉത്പാദനക്ഷമമായ' ചര്‍ച്ചകള്‍ നടത്തിയതായി യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു. യുക്രേനിയന്‍ വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുക, യൂറോപ്യന്‍ രാജ്യങ്ങളുമായി ചേര്‍ന്ന് യു എസില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുക, സംയുക്ത ആയുധ നിര്‍മ്മാണം, റഷ്യയ്ക്കെതിരെ കര്‍ശനമായ അന്താരാഷ്ട്ര ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനുള്ള സാധ്യത എന്നിവ കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ചകള്‍.

യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ നേതൃത്വത്തിനായി തങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും കാരണം മോസ്‌കോ നിര്‍ത്തില്ലെന്ന് വ്യക്തമാണെന്നും സെലെന്‍സ്‌കി ടെലിഗ്രാമില്‍ പറഞ്ഞു.

50 ദിവസത്തിനകം യുക്രെയ്‌നുമായി കാരാറായില്ലെങ്കില്‍ റഷ്യക്കെതിരെ കടുത്ത തീരൂവയെന്ന് ട്രംപ്