ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനാപകടവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ മെക്കാനിക്കലായതോ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടതോ ആയ പ്രശ്‌നങ്ങള്‍ കണ്ടെത്തിയില്ലെന്ന് എയര്‍ലൈന്‍സ് സി ഇ ഒ.
എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ (എഎഐബി) പ്രാരംഭ റിപ്പോര്‍ട്ടില്‍ വിമാനാപകടത്തിന്റെ കാരണങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നാണ് എയര്‍ ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കാംബെല്‍ വിസണ്‍ പറഞ്ഞു.
ജീവനക്കാരെ അഭിസംബോധന ചെയ്ത കത്തില്‍ അദ്ദേഹം അപകടത്തെ 'യാത്രക്കാര്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍, വിശാലമായ സമൂഹം എന്നിവരെക്കുറിച്ച് ചിന്തിക്കാതെ ഒരു നിമിഷം പോലും കടന്നുപോയിട്ടില്ലാത്ത ഒരു കാലഘട്ടം' എന്നാണ് പറഞ്ഞത്.
പ്രാഥമിക റിപ്പോര്‍ട്ട് സംഭവിച്ചതിനെ കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുകയും വ്യക്തത നല്‍കുകയും കൂടുതല്‍ ചോദ്യങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അപകടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് 'മാധ്യമങ്ങളില്‍ പുതിയ ഊഹാപോഹങ്ങള്‍ക്ക് കാരണമായി' എന്ന് സിഇഒ പറഞ്ഞു.
വിമാനത്തിലോ എഞ്ചിനുകളിലോ മെക്കാനിക്കല്‍ അല്ലെങ്കില്‍ അറ്റകുറ്റപ്പണി പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും എല്ലാ നിര്‍ബന്ധിത അറ്റകുറ്റപ്പണികളും പൂര്‍ത്തിയാക്കിയതായും പറഞ്ഞ സി ഇ ഒ ഇന്ധനത്തിന്റെ ഗുണനിലവാരത്തില്‍ പ്രശ്‌നമോ ടേക്ക്-ഓഫ് റോളില്‍ അസാധാരണത്വമോ ഉണ്ടായിരുന്നില്ലെന്നും പൈലറ്റുമാര്‍ നിര്‍ബന്ധിത പ്രീ-ഫ്ളൈറ്റ് ബ്രെത്ത്അലൈസര്‍ പാസാവുകയും അവരുടെ മെഡിക്കല്‍ സ്റ്റാറ്റസ് സംബന്ധിച്ച് മറ്റ് നിരീക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും വില്‍സണ്‍ പറഞ്ഞു.
ജാഗ്രത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി എയര്‍ ഇന്ത്യയുടെ ഫ്ളീറ്റില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ബോയിംഗ് 787 വിമാനങ്ങളും അപകടം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ പരിശോധിച്ചുവെന്നും എല്ലാം സര്‍വീസിന് അനുയോജ്യമാണെന്ന് കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം അവസാനിച്ചിട്ടില്ലാത്തതിനാല്‍ നിഗമനങ്ങളില്‍ എത്തിച്ചേരുന്നത് ഒഴിവാക്കാന്‍ എല്ലാവരോടും സി ഇ ഒ അഭ്യര്‍ഥിക്കുകയും സമഗ്രമായ അന്വേഷണം നടത്താന്‍ ആവശ്യമായതെല്ലാം ഉണ്ടെന്ന് ഉറപ്പാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുന്നത് തുടരുമെന്നും അദ്ദേഹം വിശദമാക്കി.
അന്തിമ റിപ്പോര്‍ട്ടോ കാരണമോ പുറത്തുവരുന്നതുവരെ പുതിയ ഊഹാപോഹങ്ങളും കൂടുതല്‍ തലക്കെട്ടുകളും ഉണ്ടാകുമെന്നും കഴിഞ്ഞ മൂന്ന് വര്‍ഷമായി എയര്‍ ഇന്ത്യയുടെ യാത്രയ്ക്ക് കരുത്ത് പകരുന്ന സമഗ്രത, മികവ്, ഉപഭോക്തൃ ശ്രദ്ധ, നവീകരണം, ടീം വര്‍ക്ക് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ഗണനകളില്‍ നിന്ന് വ്യതിചലിക്കാതിരിക്കുകയും ദുഃഖിതര്‍ക്കും പരിക്കേറ്റവര്‍ക്കും ഒപ്പം നില്‍ക്കുകയും ടീമായി ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് സുരക്ഷിതവും വിശ്വസനീയവുമായ വിമാന യാത്രാ അനുഭവം നല്‍കണമെന്നും അദ്ദേഹം ഇമെയിലില്‍ പറഞ്ഞു.