ന്യൂഡല്‍ഹി : യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ വധശിക്ഷ ഒഴിവാക്കാന്‍ സാധ്യമായതെല്ലാം ചെയ്തുവെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. വിദേശകാര്യ മന്ത്രാലയത്തിലെ ഗള്‍ഫ് മേഖലയുടെ ചുമതലയുള്ള ജോയിന്റ് സെക്രട്ടറി നിരന്തരം ഇടപെടുന്നുണ്ടെന്നും ഗള്‍ഫ് മേഖലയിലെ സ്വാധീനശക്തിയുള്ള ഷേഖുമാര്‍ ഉള്‍പ്പടെയുള്ളവര്‍ വഴി പരമാവധി പരിശ്രമം നടത്തുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു.
അതിനാല്‍ വധശിക്ഷ ഒഴിവാക്കാന്‍ കൂടുതലൊന്നും ചെയ്യാനില്ലെന്നും നിര്‍ഭാഗ്യകരമായ സാഹചര്യമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ വിശദീകരിച്ചു.
സെന്‍സിറ്റീവ് ആയ രാജ്യമാണ് യെമന്‍. അതിനാല്‍ ഹൂതി നിയന്ത്രണത്തിലുള്ള മേഖലയുമായി നയതന്ത്രബന്ധം ഇന്ത്യ അംഗീകരിച്ചിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞു. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള ദയാധനം(ബ്ലഡ് മണി) സ്വകാര്യമായ ഇടപാടാണെന്നും നയതന്ത്രത്തിന്റെ ഭാഗമല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു. അതേസമയം നിമിഷപ്രിയയുടെ മോചനത്തിനുള്ള ബ്ലഡ് മണി നല്‍കുന്നതിന് തയ്യാറാണെന്നും സാധ്യമായ എല്ലാ ബന്ധങ്ങളും ഉപയോഗിച്ച് ചര്‍ച്ച നടത്തണമെന്നും ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ മറുപടി ലഭിച്ചെങ്കിലും ഹര്‍ജി തീര്‍പ്പാക്കരുതെന്ന് ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയോട് അഭ്യര്‍ത്ഥിച്ചു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ഹര്‍ജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
യെമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദി കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. അബ്ദു മഹ്ദി ഉള്‍പ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും അതും ഫലവത്തായിരുന്നില്ല.
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ സാധ്യമായതെല്ലാം ചെയ്തുവെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
