ന്യൂഡല്‍ഹി: ഇന്ത്യയുമായി വ്യാപാരകരാര്‍ അന്തിമമാക്കുന്നതിനായി ട്രംപ് ഭരണകൂടം അടുത്താഴ്ച വീണ്ടും ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുന്നു. ഡെപ്യൂട്ടി ട്രേഡ് റെപ്രസന്റേറ്റീവ് റിക് സ്വിറ്റ്‌സര്‍ നയിക്കുന്ന യുഎസ് ചര്‍ച്ചാസംഘം ഇന്ത്യയിലെത്തുമെന്ന് അമേരിക്കന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് ചുമത്തിയ 50 ശതമാനം ഉയര്‍ന്ന തീരുവ കുറയ്ക്കുക എന്നതാണ് ചര്‍ച്ചകളിലെ പ്രധാനലക്ഷ്യം. ഈ നികുതി ഇന്ത്യയുടെ പ്രധാന കയറ്റുമതി മേഖലകള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. ട്രംപ് ഭരണകൂടവുമായി പ്രാഥമിക വ്യാപാരകരാറിലെത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സര്‍ക്കാര്‍ ശ്രമം ശക്തമാക്കിയിരിക്കുകയാണ്.
'ഈ വര്‍ഷത്തിനുള്ളില്‍ തന്നെ ഒരു പരിഹാരത്തിലെത്താമെന്ന പ്രതീക്ഷയാണ്. പരസ്പര തീരുവ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന ഒരു ഫ്രെയിംവര്‍ക്ക് വ്യാപാരകരാര്‍ ആദ്യഘട്ടമായി ആവശ്യമാണ്,' കഴിഞ്ഞ ആഴ്ച നടന്ന വ്യവസായ സമ്മേളനത്തില്‍ വാണിജ്യ സെക്രട്ടറി രാജേഷ് അഗ്രവാള്‍ പറഞ്ഞു.
വാഷിംഗ്ടണും ന്യൂഡല്‍ഹിയും ഘട്ടംഘട്ടമായി നടപ്പാക്കുന്ന കരാറിലാണ് പ്രവര്‍ത്തിക്കുന്നത്. ആദ്യഘട്ടത്തില്‍ ഇന്ത്യയ്‌ക്കെതിരെ യുഎസ് ഏര്‍പ്പെടുത്തിയ പ്രതികാര തീരുവകളാണ് പരിഗണിക്കുന്നത്. റഷ്യയില്‍നിന്നുള്ള എണ്ണ വാങ്ങിയതിന്റെ പേരില്‍ യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്‌ക്കെതിരെ ചുമത്തിയ അധിക നികുതിയും ഇതിലുണ്ട്.
ഈ വര്‍ഷം തുടക്കത്തില്‍ ബന്ധം വഷളായെങ്കിലും, റഷ്യന്‍ എണ്ണ ഇറക്കുമതി കുറച്ച ഇന്ത്യയുടെ തീരുമാനത്തെ ട്രംപ് പിന്നീട് പ്രശംസിച്ചിരുന്നു. ഇതോടെ തീരുവ ഇളവുകള്‍ക്കുള്ള സാധ്യതയും തുറന്നു. കഴിഞ്ഞ മാസം ഇന്ത്യയുമായി കരാറിന്റെ അടുത്ത് എത്തിയതായി ട്രംപ് വ്യക്തമാക്കിയിരുന്നു.
അടുത്തിടെ ഇരുരാജ്യങ്ങളുടെയും ഉദ്യോഗസ്ഥര്‍ നിരവധി തവണ ചര്‍ച്ച നടത്തി. കരാര്‍ ഉടന്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ന്യൂഡല്‍ഹി. ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയാണ് യുഎസ്. ഉയര്‍ന്ന ഇറക്കുമതി നികുതികള്‍ ടെക്‌സ്റ്റൈല്‍സ്, ലെതര്‍, പാദരക്ഷകള്‍, ആഭരണങ്ങള്‍ ഉള്‍പ്പെടെയുള്ള തൊഴില്‍അധിഷ്ഠിത മേഖലകള്‍ക്ക് വലിയ തിരിച്ചടിയാകുന്ന സാഹചര്യത്തിലാണ് നിര്‍ണായക ചര്‍ച്ചകള്‍ മുന്നോട്ടുപോകുന്നത്.
അമേരിക്ക-ഇന്ത്യ വ്യാപാരകരാര്‍ ചര്‍ച്ചകള്‍ വീണ്ടും; അടുത്താഴ്ച ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥ സംഘം ഇന്ത്യയിലെത്തും
