വാഷിങ്ടൺ: ഇന്ത്യ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് 175 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്തുന്നുവെന്ന വിശ്വാസത്തിലായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് എന്ന് പുതിയ പുസ്തകത്തിലെ വെളിപ്പെടുത്തൽ. ന്യൂയോർക്ക് ടൈംസ് മാധ്യമപ്രവർത്തകരായ മാഗി ഹാബർമാനും ജോനാഥൻ സ്വാനും ചേർന്ന് രചിച്ച 'Regime Change: Inside the Imperial Presidency of Donald Trump' എന്ന പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നത്.
2025 മാർച്ച് 10ന് നടന്ന ഉന്നതതല യോഗത്തിനിടെയാണ് ട്രംപ് ഈ പരാമർശം നടത്തിയതെന്നാണ് പുസ്തകത്തിൽ പറയുന്നത്. യുഎസ് കൊമേഴ്സ് സെക്രട്ടറി ഹോവാർഡ് ലട്ട്നിക്, ടെസ്ല സിഇഒ ഇലോൺ മസ്ക്, ഇന്റൽ, ക്വാൽകോം, ഐബിഎം, ഡെൽ, എച്ച്പി തുടങ്ങിയ പ്രമുഖ ടെക് കമ്പനികളുടെ മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു.
അമേരിക്കയിലെ സെമികണ്ടക്ടർ നിർമ്മാണം ശക്തിപ്പെടുത്തുന്നതും ചിപ്പ് വിതരണ ശൃംഖല രാജ്യത്തേക്ക് തിരിച്ചുകൊണ്ടുവരുന്നതുമായിരുന്നു ചർച്ചാവിഷയം. ചിപ്പ് നിർമ്മാണത്തിൽ തായ്വാന്റെ ആധിപത്യത്തിൽ അസംതൃപ്തി പ്രകടിപ്പിച്ച ട്രംപ്, അമേരിക്കയ്ക്ക് അനീതിയാണ് സംഭവിക്കുന്നതെന്ന് യോഗത്തിൽ പറഞ്ഞതായാണ് പുസ്തകത്തിലെ പരാമർശം.
'അമേരിക്കയെ വളരെ അന്യായമായാണ് പരിഗണിക്കുന്നത്. ചൈന 150 മുതൽ 200 ശതമാനം വരെ തീരുവ ഈടാക്കുന്നു. ഇന്ത്യ 175 ശതമാനമാണ് ചുമത്തുന്നത്,' എന്ന് ട്രംപ് പറഞ്ഞതായി പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയുടെ തീരുവയെച്ചൊല്ലി ലട്ട്നിക്കുമായി വാക്കേറ്റം
മാർച്ച് 26ന് നടന്ന മറ്റൊരു സാമ്പത്തിക നയയോഗത്തിലും ഇന്ത്യയുടെ തീരുവ നിരക്കുകളെച്ചൊല്ലി ട്രംപ് കടുത്ത അസംതൃപ്തി പ്രകടിപ്പിച്ചതായി പുസ്തകം പറയുന്നു. അമേരിക്കൻ വ്യാപാര പ്രതിനിധി ഓഫീസിന്റെ (USTR) ഔദ്യോഗിക കണക്കുകൾ ലട്ട്നിക് അവതരിപ്പിച്ചപ്പോൾ, അവ തെറ്റായ വിവരങ്ങളാണെന്ന് ആരോപിച്ച് ട്രംപ് പ്രകോപിതനായെന്നും പുസ്തകത്തിൽ പറയുന്നു.
'ഇവ യഥാർഥ കണക്കുകളല്ല,' എന്ന് ട്രംപ് ആവർത്തിച്ച് പറഞ്ഞതായും ഔദ്യോഗിക ഡേറ്റ പോലും അദ്ദേഹം തള്ളിക്കളഞ്ഞതായും പുസ്തകം വെളിപ്പെടുത്തുന്നു.
വ്യാപാര ബന്ധങ്ങളിൽ സമ്മർദം
തുടർന്നാണ് ട്രംപിന്റെ 'ലിബറേഷൻ ഡേ' തീരുവ നടപടികൾ നടപ്പിലായത്. ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതികൾക്ക് ആദ്യം 25 ശതമാനം അധിക തീരുവ ചുമത്തുകയും പിന്നീട് റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് അത് 50 ശതമാനമായി ഉയർത്തുകയും ചെയ്തിരുന്നു.
അതേസമയം, ഇന്ത്യയും അമേരിക്കയും തമ്മിൽ ഉഭയകക്ഷി വ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾ തുടരുകയാണ്. 2025 ഫെബ്രുവരിയിൽ രൂപപ്പെടുത്തിയ കരട് ധാരണ പ്രകാരം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക നൽകുന്ന തീരുവ ഇളവുകൾ സംബന്ധിച്ച് ഇരു രാജ്യങ്ങളും ചർച്ച നടത്തിയിരുന്നു. പുതിയ സാഹചര്യത്തിൽ കരാർ അന്തിമരൂപം നൽകാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
ഇന്ത്യ 175% തീരുവ ഈടാക്കുന്നുവെന്ന് ട്രംപിന്റെ വിശ്വാസം; പുതിയ പുസ്തകത്തിൽ വെളിപ്പെടുത്തൽ
