നിങ്ങളുടെ മക്കള്‍ ഞങ്ങളുടെയും മക്കള്‍; യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരെന്ന് അംബാസിഡര്‍

നിങ്ങളുടെ മക്കള്‍ ഞങ്ങളുടെയും മക്കള്‍; യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരെന്ന് അംബാസിഡര്‍


വാഷിംഗ്ടണ്‍: യു.എസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സുരക്ഷിതരാണെന്ന് ഇന്ത്യയിലെ യു.എസ് അംബാസിഡര്‍ എറിക് ഗാര്‍സെറ്റി. ഈ വര്‍ഷം ആറോളം ഇന്ത്യന്‍, ഇന്ത്യന്‍ വംശജരായ വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ക്ഷേമത്തിനായി യു.എസ് എപ്പോഴും ശ്രദ്ധിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വിസ ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ട് പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദേശ പ്രകാരം പരിഹരിച്ചിട്ടുണ്ട്. മുമ്പ് ഒരു വര്‍ഷത്തിലേറെ വിദ്യാര്‍ഥികള്‍ക്ക് യു.എസ് വിസക്കായി കാത്തിരിക്കേണ്ടി വന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ ഒമ്പത് മാസം കൊണ്ട് വിദ്യാര്‍ഥികള്‍ക്ക് യു.എസ് വിസ ലഭിക്കുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു

വിദ്യാര്‍ഥികളുടെ ക്ഷേമത്തിനായാണ് യു.എസ് പ്രവര്‍ത്തിക്കുന്നത്. നിങ്ങളുടെ മക്കള്‍ ഞങ്ങളുടേയും കൂടി മക്കളാണെന്നാണ് രക്ഷിതാക്കളോട് പറയാനുള്ളത്. യു.എസിലെത്തുന്ന വിദ്യാര്‍ഥികള്‍ അവിടെ പഠിക്കുന്നവരുടെ സഹായത്തോടെ പ്രാദേശിക സാഹചര്യങ്ങള്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്ത ഏജന്‍സിയായ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗാര്‍സെറ്റിയുടെ പ്രതികരണം.

ഉന്നതവിദ്യാഭ്യാസത്തിനായി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ എപ്പോഴും തെരഞ്ഞെടുക്കുന്ന ഒരു സ്ഥലമാണ് യു.എസ്. എന്നാല്‍, ഈയടുത്ത് യു.എസില്‍ നടന്ന വിദ്യാര്‍ഥികളുടെ മരണം ആശങ്കക്കിടയാക്കിയിരുന്നു. ഇന്ത്യന്‍ എംബസിയുടെ കണക്ക് പ്രകാരം 2,68,923 വിദ്യാര്‍ഥികളാണ് 2022-23ല്‍ യു.എസിലുള്ളത്.