വേദാന്ത ചെയര്‍മാന്‍ അനില്‍ അഗര്‍വാളിന്റെ മകന്‍ അഗ്‌നിവേഷ് അന്തരിച്ചു

വേദാന്ത ചെയര്‍മാന്‍ അനില്‍ അഗര്‍വാളിന്റെ മകന്‍ അഗ്‌നിവേഷ് അന്തരിച്ചു


ന്യൂയോര്‍ക്ക്: വേദാന്ത ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അഗര്‍വാളിന്റെ മകന്‍ അഗ്‌നിവേഷ് (49) അന്തരിച്ചു. അമേരിക്കയില്‍ സ്‌കീയിംഗ് ചെയ്യുന്നതിനിടെ സംഭവിച്ച അപകടത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. ന്യൂയോര്‍ക്കിലെ മൗണ്ട് സൈനായ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഗ്‌നിവേഷ് ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു.

അപകടത്തിന് ശേഷം ആരോഗ്യനില മെച്ചപ്പെടുന്നതായി കുടുംബം പ്രതീക്ഷിച്ചിരുന്നുവെന്ന് അനില്‍ അഗര്‍വാള്‍ വ്യക്തമാക്കി. എന്നാല്‍, അപ്രതീക്ഷിതമായി ഉണ്ടായ ഹൃദയാഘാതം എല്ലാം തകര്‍ത്തുവെന്നും അദ്ദേഹം പറഞ്ഞു. എക്‌സില്‍ പങ്കുവച്ച ഹൃദയസ്പര്‍ശിയായ കുറിപ്പില്‍, മകന്റെ വിയോഗം തന്റെ ജീവിതത്തിലെ 'ഏറ്റവും ഇരുണ്ട ദിനം' ആണെന്ന് അനില്‍ അഗര്‍വാള്‍ കുറിച്ചു.

ആരോഗ്യവാനും ജീവിതസന്തോഷം നിറഞ്ഞവനും സ്വപ്‌നങ്ങളുള്ളവനുമായ മകന്‍ ഇത്ര വേഗം നമ്മെ വിട്ടുപോകുമെന്ന് കരുതിയില്ല. ഒരു പിതാവിന് തന്റെ മകനെ അടക്കം ചെയ്യേണ്ടിവരുന്നത് വിവരിക്കാന്‍ കഴിയാത്ത വേദനയാണ്. ഈ നഷ്ടം ഞങ്ങളുടെ കുടുംബത്തെ പൂര്‍ണമായി തകര്‍ത്തിരിക്കുന്നു'-അനില്‍ അഗര്‍വാള്‍ കുറിച്ചു.
വേദാന്ത ഗ്രൂപ്പിലും വ്യവസായ ലോകത്തും അഗ്‌നിവേഷിന്റെ വിയോഗവാര്‍ത്ത ആഴത്തിലുള്ള ദുഃഖം സൃഷ്ടിച്ചിട്ടുണ്ട്.