ജോലിക്കിടെയുള്ള മദ്യപിക്കലും മദ്യം സൂക്ഷിക്കലും; കെ.എസ്.ആര്‍.ടി.സിയില്‍ കൂട്ടപിരിച്ചുവിടല്‍

ജോലിക്കിടെയുള്ള മദ്യപിക്കലും മദ്യം സൂക്ഷിക്കലും; കെ.എസ്.ആര്‍.ടി.സിയില്‍ കൂട്ടപിരിച്ചുവിടല്‍


തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ വ്യാപക നടപടിയുമായി ഗതാഗത വകുപ്പ്. ജോലിക്കിടെയുള്ള മദ്യപിക്കലും മദ്യം സൂക്ഷിക്കലുമാണ് നടപടിക്ക് കാരണം. 74 സ്ഥിരം ജീവനക്കാരെ സസ്പെന്റ് ചെയ്തു. 26 താത്ക്കാലിക ജീവനക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.

കെഎസ്ആര്‍ടിസിയുടെ 60 യൂണിറ്റുകളില്‍ വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് നടപടി. ഡ്യൂട്ടിക്ക് എത്തുന്ന വനിതകള്‍ ഒഴികെയുള്ള ജീവനക്കാരെ ബ്രത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിക്കണമെന്ന് കെഎസ്ആര്‍ടിസി സിഎംഡിയുടെ ഉത്തരവുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് പരിശോധനയും ജീവനക്കാരെ സസ്പെന്റ് ചെയ്യലും.

2024 ഏപ്രില്‍ ഒന്ന് മുതല്‍ 15 വരെ കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് സ്പെഷ്യല്‍ സര്‍പ്രൈസ് ഇന്‍വെസ്റ്റിഗേഷന്‍ പ്രോ?ഗ്രാമിന്റെ ഭാ?ഗമായാണ് നടപടി. വനിതകള്‍ ഒഴികെയുള്ള ജീവനക്കാരെ ബ്രെത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധ നടത്തി മാത്രമാണ് ഡ്യൂട്ടിക്ക് നിയോഗിക്കുവാന്‍ പാടുള്ളൂ എന്നാണ് നിലവിലെ ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക പരിശോധന നടത്തിയത്.

പരിശോധനയില്‍ ഒരു സ്റ്റേഷന്‍ മാസ്റ്റര്‍, രണ്ട് വെഹിക്കിള്‍ സൂപ്പര്‍വൈസര്‍, ഒരു സെക്യൂരിറ്റി സര്‍ജന്റ്, ഒന്‍പത് സ്ഥിര മെക്കാനിക്ക്, ഒരു ബദല്‍ മെക്കാനിക്ക്, 22 സ്ഥിരം കണ്ടക്ടര്‍മാര്‍, ഒന്‍പത് ബദല്‍ കണ്ടക്ടര്‍, ഒരു കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് കണ്ടക്ടര്‍, 39 സ്ഥിരം ഡ്രൈവര്‍മാര്‍, 10 ബദല്‍ ഡ്രൈവര്‍മാര്‍, അഞ്ച് സ്വിഫ്റ്റ് ഡ്രൈവര്‍ കം കണ്ടക്ടര്‍ എന്നിവരാണ് ഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയതായി കണ്ടെത്തിയത്.

ഏപ്രില്‍ ഒന്ന് മുതല്‍ 15 വരെ നടത്തിയ പരിശോധനയിലാണ് 100 ജീവനക്കാര്‍ക്കെതിരെ നടപടി എടുത്തത്. കെഎസ്ആര്‍ടിസി യിലെ 74 സ്ഥിരം ജീവനക്കാരെയാണ് സസ്‌പെന്റ് ചെയ്തത്. സ്വിഫ്റ്റിലെ താത്കാലിക ജീവനക്കാരും കെഎസ്ആര്‍ടിസിയിലെ ബദല്‍ ജീവനക്കാരും അടങ്ങുന്ന 26 പേരെ സര്‍വീസില്‍ നിന്ന് പുറത്താക്കി. വിജിലന്‍സ് വിഭാഗം നടത്തുന്ന പ്രത്യേക പരിശോധന വരും ദിവസങ്ങളിലും തുടരും. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെയും കെഎസ്ആര്‍ടിസി സിഎംഡിയുടെയും പ്രത്യേക നിര്‍ദേശപ്രകാരമാണ് പരിശോധനകള്‍ നടക്കുന്നത്.

തൊഴിലാളികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന ചെറുതും വലുതുമായ തെറ്റുകുറ്റങ്ങള്‍ ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്നതിനാലാണ് പ്രത്യേക പരിശോധനക്ക് ഉത്തരവ് നല്‍കിയിട്ടുള്ളത്. ഒരു ചെറിയ വിഭാഗം ജീവനക്കാര്‍ ഇപ്പോഴും ഇത്തരം മുന്നറിയിപ്പുകളെ അവഗണിച്ച് നിരുത്തരവാദപരമായ രീതി അനുവര്‍ത്തിച്ചു വരുന്നതായി കാണപ്പെടുന്നു. അത് ഒരുതരത്തിലും അനുവദിച്ചു നല്‍കുവാനാകില്ലെന്ന് കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റ് അറിയിച്ചു.