കൊച്ചി: നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ നടന്‍ ദിലീപ് കുറ്റവിമുക്തനായി. എട്ടാം പ്രതിയായ ദിലീപിനെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വ്യക്തമാക്കി. അതേസമയം, ഒന്നാം പ്രതി എന്‍.എസ്. സുനില്‍ (പള്‍സര്‍ സുനി) ഉള്‍പ്പെടെ ഒന്നുമുതല്‍ ആറുവരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസ് ചൊവ്വാഴ്ചയാണ് എട്ടുവര്‍ഷം നീണ്ടുനിന്ന വിചാരണയ്ക്കുശേഷം വിധി പ്രസ്താവിച്ചത്. 2017 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം. ഷൂട്ടിങ്ങിന് ശേഷം തൃശ്ശൂരില്‍നിന്ന് എറണാകുളത്തേക്ക് യാത്ര ചെയ്യവെ, ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് പ്രോസിക്യൂഷന്റെ കേസ്.
രാജ്യവ്യാപക ശ്രദ്ധ നേടിയ കേസില്‍ പത്ത് പ്രതികളാണ് ഉണ്ടായിരുന്നത്. മാനഭംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായ തടങ്കല്‍, ബലപ്രയോഗം, തെളിവ് നശിപ്പിക്കല്‍, അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കല്‍ തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയത്.
2018 മാര്‍ച്ചിലാണ് വിചാരണ ആരംഭിച്ചത്. കോവിഡ് ലോക്ഡൗണ്‍ മൂലം ദീര്‍ഘകാലം വിചാരണ തടസ്സപ്പെട്ടു. രഹസ്യവിചാരണയാണ് നടന്നത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ െ്രെകംബ്രാഞ്ച് തുടരന്വേഷണം നടത്തി രണ്ടാം കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു.
മലയാള സിനിമാമേഖലയെ ആഴത്തില്‍ കുലുക്കിയ ഈ കേസാണ് 'വിമെന്‍ ഇന്‍ സിനിമ കളക്ടീവ്' പോലുള്ള സംഘടനകള്‍ക്ക് വഴിവെച്ചതും സിനിമമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ ദേശീയ ചര്‍ച്ചയായതും.
എട്ടുവര്‍ഷത്തിന് ശേഷം വിധി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് മോചനം; പള്‍സര്‍ സുനി അടക്കം ആറുപേര്‍ പ്രതികള്‍
