തിരുവനന്തപുരം: ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകളെ അറസ്റ്റു ചെയ്ത സംഭവത്തില്‍ ഇടപെടല്‍ നടത്തുന്ന ബി ജെ പിക്കെതിരെ വിമര്‍ശനവുമായി ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ സംവിധായകന്‍ പ്രവീണ്‍ നാരായണന്‍. ഇരട്ടത്താപ്പിന് മറ്റൊരു പേരുണ്ടെങ്കില്‍ അതാണ് ഭാരതീയ ജനതാ പാര്‍ട്ടി ഓഫ് കേരള എന്നും അദ്ദേഹം വിമര്‍ശിച്ചു.
കന്യാസ്ത്രീകള്‍ക്ക് നീതി നേടിക്കൊടുക്കാന്‍ ഏതറ്റം വരെയും പോകുമെന്നും കലാപരമായ വിഷയത്തില്‍ പാര്‍ട്ടി ഇടപെട്ടില്ലെങ്കിലും മതപരമായ വിഷയത്തില്‍ മികച്ച ഇടപെടല്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാണ് സര്‍ നിങ്ങളൊക്കെ, ഞങ്ങളെ മനുഷ്യരായി കാണാന്‍ തുടങ്ങുന്നതെന്നും പ്രവീണ്‍ നാരയണന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.
ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഇരട്ടത്താപ്പിന് മറ്റൊരു പേരുണ്ടെങ്കില്‍ അതാണ് ഭാരതീയ ജനതാ പാര്‍ട്ടി ഓഫ് കേരള. kന്യാസ്ത്രീകള്‍ക്ക് നീതി നേടി കൊടുക്കുവാനായിട്ട് ഏതറ്റം വരെയും പോകും.
കഴിഞ്ഞ ഒരു മണിക്കൂറിനുള്ളില്‍ സംസ്ഥാന പ്രസിഡന്റിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ നിന്നും കന്യാസ്ത്രീ വിഷയത്തില്‍ വന്ന പോസ്റ്റുകളുടെ എണ്ണം അഞ്ചോ അതിലേറെയോ ആണ്.
നല്ലതാണ് സര്‍, ഈ കഴിഞ്ഞ മാസം ഞങ്ങളുടെ സിനിമയുമായി ബന്ധപ്പെട്ട സെന്‍സര്‍ ബോര്‍ഡ് വിഷയത്തില്‍, വിവാദം തുടങ്ങി രണ്ട് ദിവസം കഴിഞ്ഞ് ബിജെപി സംസ്ഥാന പ്രസിഡന്റിനോട് ഈ വിഷയത്തിലെ അഭിപ്രായം ചോദിച്ചപ്പോള്‍ അങ്ങിനൊരു വിഷയം ഉണ്ടോ?
ഞാന്‍ അറിഞ്ഞിട്ടില്ല..!
പഠിച്ചിട്ട് പ്രതികരിക്കാം....
പിന്നെ പറഞ്ഞു സിനിമയുടെ കാര്യത്തില്‍ പാര്‍ട്ടി ഇടപെടുന്നത് ശരിയല്ലെന്ന്.
പാര്‍ട്ടിക്ക് കലാപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ പറ്റില്ല, പക്ഷേ മതത്തിന്റെ കാര്യത്തില്‍ ഇടപെടാം.
ഒരൊറ്റ മണിക്കൂര്‍ കൊണ്ട് അനൂപ് ആന്റണിയെ ഛത്തീസ്ഗഡിലേക്ക് അയക്കാനും മാത്രം കേരള ബിജെപിയെ അള്‍ത്താരയില്‍ കുമ്പിട്ടിരുത്തുന്നത് എന്താണ് ?
ഈ നാട്ടില്‍ നടക്കുന്ന മുള്ളു മുരിക്കു കോടാലി വെക്കുന്ന സകല കാര്യങ്ങളിലും ഇടപെടുന്ന രാജ്യം ഭരിക്കുന്ന പാര്‍ട്ടി എന്തുകൊണ്ടാണ് ജാനകി വി വേഴ്‌സസ് സെന്‍സര്‍ ബോര്‍ഡ് വിഷയത്തില്‍ നിന്നും മാറി നിന്നത് ?
ഈ നാട്ടില്‍ ജനിച്ചു പോയി എന്നൊരു തെറ്റ് കൊണ്ട് ജീവിക്കേണ്ടി വരുന്ന ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ മനുഷ്യനായി ജീവിക്കാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചു പോവുകയാണ് സര്‍
എന്നാണ് സര്‍ നിങ്ങളൊക്കെ, ഞങ്ങളെ മനുഷ്യരായി കാണാന്‍ തുടങ്ങുന്നത്.
ദീപസ്തംഭം മഹാശ്ചര്യം നമുക്കും വേണം പത്ത് വോട്ട്.
ജെ എസ് കെയില്‍ അഡ്വ. ഡവിഡ് ആബേല്‍ പറയുന്നത് പോലെ
വോട്ട് ചെയ്യുന്ന ജനം എല്ലാം കാണുന്നുണ്ട്.