ഷാര്‍ജയില്‍ കാണാതാവുകയും പിന്നീട് മൃതദേഹം കണ്ടെത്തുകയും ചെയ്ത സ്മിതയുടെ മരണത്തിലെ ദുരൂഹത 19 വര്‍ഷം പിന്നിട്ടിട്ടും നീങ്ങിയില്ല

ഷാര്‍ജയില്‍ കാണാതാവുകയും പിന്നീട് മൃതദേഹം കണ്ടെത്തുകയും ചെയ്ത സ്മിതയുടെ മരണത്തിലെ ദുരൂഹത 19 വര്‍ഷം പിന്നിട്ടിട്ടും നീങ്ങിയില്ല


കൊച്ചി : ഷാര്‍ജയില്‍ നവവധുവിനെ കാണാതാകുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത സംഭവത്തിലെ ദുരൂഹത തുടരുന്നു. 19 വര്‍ഷം മുമ്പ് കാണാതായ ഇടപ്പള്ളി സ്വദേശി സ്മിത ജോര്‍ജിനെ പിന്നീട് കൊല്ലപ്പെട്ട നിലയില്‍ ഷാര്‍ജയിലെ മോര്‍ച്ചറിയില്‍ കണ്ടെത്തിയെങ്കിലും അവരുടെ തിരോധാത്തെക്കുറിച്ചോ കൊല്ലപ്പെടാനിടയായ സാഹചര്യത്തെക്കുറിച്ചോ ഉള്ള ദുരൂഹതകള്‍ ഇപ്പോഴും രൂക്ഷമായി തുടരുകയാണ്.
സ്മിതയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് സാബുവിന് പങ്കുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. സാബുവിനെതിരെ സ്മിതയുടെ പിതാവ് ഇടപ്പള്ളി അലസക്കോടത്ത് ജോര്‍ജ് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നെങ്കിലും ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും ഒടുവില്‍ സിബിഐയും നടത്തിയ അന്വേഷണങ്ങള്‍ക്കും കുറ്റപത്രസമര്‍പ്പണത്തിനും ശേഷം വിചാരണ നേരിട്ട ഭര്‍ത്താവിനെ കോടതി വിട്ടയച്ചു.
 തോപ്പുംപടി സ്വദേശി ആന്റണി (സാബു) യെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി കഴിഞ്ഞമാസമാണ് വിട്ടയച്ചത്.

വിവാഹിതയായി മാസങ്ങള്‍ക്കകം ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ വിദേശത്തുപോയതാണ് സ്മിത. ഷാര്‍ജയിലെത്തിയ സ്മിതയെ 2005 സെപ്റ്റംബര്‍ ഒന്നിന് ഭര്‍ത്താവ് ആന്റണിയാണ് വിമാനത്താവളത്തില്‍നിന്ന് വിളിച്ചുകൊണ്ടുപോയത്. രണ്ടാംദിവസം കാണാതായി. സ്മിത കത്തെഴുതിവെച്ച് മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടി എന്നാണു ഭര്‍ത്താവ് അറിയിച്ചത്.

കത്തിലെ കൈയക്ഷരം സ്മിതയുടെതല്ലെന്നും ഭര്‍ത്താവിന്റെതാണെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിന്റെ വിശ്വാസ്യത കോടതിയില്‍ തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ല. ഷാര്‍ജ പോലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന അജ്ഞാത മൃതദേഹം സ്മിതയുടേതാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. എന്നാല്‍ സ്മിത മരിച്ചത് എങ്ങനെയാണെന്നത് ഇനിയും കണ്ടെത്താനായിട്ടില്ല.

കേസില്‍ ക്രൈംബ്രാഞ്ചാണ് ആന്റണിയെ ആദ്യം അറസ്റ്റ് ചെയ്തത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് സി.ബി.ഐ. അന്വേഷണം പിന്നീട് ഏറ്റെടുത്തു. സി.ബി.ഐ. ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. 25 സാക്ഷികളെ വിസ്തരിച്ച കോടതി സി.ബി.ഐ. ഹാജരാക്കിയ അന്‍പതുരേഖകള്‍ പരിശോധിച്ചു.


സ്മിതയെ കാണാതായശേഷം ദേവയാനിയെന്ന സ്ത്രീക്കൊപ്പം താമസമാക്കിയ ഭര്‍ത്താവ് ആന്റണിക്ക് തിരോധാനത്തില്‍ പങ്കുണ്ടെന്നു സ്മിതയുടെ വീട്ടുകാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. മജിസ്‌ട്രേറ്റ് മുന്‍പാകെ ദേവയാനി (36) കുറ്റസമ്മതമൊഴി നല്‍കിയെങ്കിലും അവര്‍ പിന്നീട് ആത്മഹത്യ ചെയ്തു.


ആരാണ് ദേവയാനി?

ദുബൈയിലേക്ക് താമസം മാറിയ കേരളത്തില്‍ നിന്നുള്ള വീട്ടുജോലിക്കാരിയായ ദേവയാനിയെ 2015 മെയ് മാസത്തില്‍ കസ്റ്റഡിയിലെടുത്തതിന് ശേഷം കേസില്‍ ഒരു പ്രധാന വ്യക്തിയായി ഉയര്‍ന്നുവന്നു. കൊച്ചിയിലെ മട്ടാഞ്ചേരിയിലെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ അവര്‍ സിആര്‍പിസി സെക്ഷന്‍ 164 പ്രകാരം മൊഴി രേഖപ്പെടുത്തി.

സ്മിതയുമായുള്ള വിവാഹത്തിന് മുമ്പ് രണ്ട് വര്‍ഷത്തോളം ദേവയാനിയും ആന്റണിയും ഒരുമിച്ച് താമസിച്ചിരുന്നതായി അവരുടെ പ്രസ്താവനയില്‍ പറയുന്നു. 2005 സെപ്റ്റംബറില്‍ സ്മിത ദുബായിലെത്തുന്നതിനുമുമ്പ്, ഒരു പുതിയ സ്ഥലം കണ്ടെത്തുന്നതുവരെ ദമ്പതികള്‍ക്കൊപ്പം താല്‍ക്കാലികമായി താമസം പങ്കിടാന്‍ കഴിയുമോ എന്ന് ആന്റണി ദേവയാനിയോട് ചോദിച്ചതായി ആരോപിക്കപ്പെടുന്നു.

ഒരു വ്യാഴാഴ്ചയാണ് സ്മിത തന്റെ ഫ്‌ളാറ്റില്‍ എത്തിയതെന്ന് ദേവയാനീ തന്റെ പ്രസ്താവനയില്‍ ഓര്‍ത്തെടുക്കുന്നു. (2005 സെപ്തംബര്‍ 1). മൂന്നാം ദിവസം (സെപ്റ്റംബര്‍ 3ന് സ്മിതയെ കാണാതായപ്പോള്‍) ജോലി കഴിഞ്ഞ് വൈകുന്നേരം ഫ്‌ലാറ്റില്‍ എത്തിയപ്പോള്‍ സ്മിതയുടെ നെറ്റിയില്‍ നിന്ന് രക്തം വാര്‍ന്ന നിലയില്‍ ദമ്പതികളെ മുറിയില്‍ കണ്ടെത്തിയതായി ദേവയാനി പറഞ്ഞു.

അപ്പോള്‍ ആന്റണിയുടെ കയ്യില്‍ ഒരു കത്തിയുണ്ടായിരുന്നുവെന്ന് പറയുന്ന ദേവയാനി ആന്റണി തന്നെ ഭീഷണിപ്പെടുത്തിയതായും മൊഴിയില്‍ പറയുന്നു. അന്ന് രാത്രി ആന്റണിയോടൊപ്പം മറ്റ് രണ്ട് പേരെ മുറിയില്‍ കണ്ടതായി അവര്‍ ആരോപിച്ചു. തന്നെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി അവര്‍ ആരോപിച്ചു, തുടര്‍ന്ന് അവരെല്ലാം പോലീസ് സ്റ്റേഷനില്‍ എത്തി.

പിറ്റേന്ന്, തന്റെ ഫ്‌ളാറ്റിലേക്ക് മടങ്ങിയെത്തിയപ്പോള്‍, അന്ന് ദുബായില്‍ ജോലി ചെയ്തിരുന്ന സ്മിതയെ കാണാന്‍ വന്ന സ്മിതയുടെ കസിന്‍ മാക്‌സണുമായി താന്‍ ഏറ്റുമുട്ടിയെന്ന് അവര്‍ പറഞ്ഞു. ആന്റണിയുടെ ജീവിതത്തില്‍ ദേവയാനിയുടെ പങ്കിനെ മാക്‌സണ്‍ ചോദ്യം ചെയ്തതാണ് ഏറ്റുമുട്ടലിലെത്തിയത്. തുടര്‍ന്ന് ഇരുവരും ഏതാനും മാസങ്ങള്‍ ജയിലില്‍ കഴിയുകയും ചെയ്തു.

കേരള പോലീസ് പറയുന്നതനുസരിച്ച്, 2006ല്‍ ജയിലില്‍ നിന്ന് മോചിതയായ ശേഷം ദേവയാനിയെ ഇന്ത്യയിലേക്ക് നാടുകടത്തി. കേരളത്തില്‍ തിരിച്ചെത്തിയ അവര്‍ ക്രിസ്തുമതം സ്വീകരിക്കുകയും പുതിയ പേരും പുതിയ പാസ്‌പോട്ടും സ്വീകരിക്കുകയും ആനി വര്‍ഗീസ് എന്ന പേരില്‍ കുവൈറ്റിലേക്ക് പറക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. കുവൈത്തില്‍ അനധികൃതമായി താമസിച്ചതിനെ തുടര്‍ന്ന് ദേവയാനിയെ വീണ്ടും നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിച്ചതായി അവര്‍ പറഞ്ഞു.

2013-ല്‍ ദേവയാനീ വീണ്ടും കുവൈറ്റിലേക്ക് പോയി, അവിടെ അവര്‍ ഒരു മെസ്സില്‍ ജോലി ചെയ്തു. കത്തില്‍ വ്യാജരേഖ ചമച്ച കേസില്‍ 2015ല്‍ കേരളത്തില്‍ ആന്റണിയെ അറസ്റ്റ് ചെയ്തതോടെ ഗള്‍ഫ് മാധ്യമങ്ങളില്‍ സ്മിത കേസ് വീണ്ടും ശ്രദ്ധയില്‍പ്പെട്ടതോടെ ഐഡന്റിറ്റി വെളിപ്പെടുത്തപ്പെട്ട ദേവയാനിയെ കേരളത്തിലേക്ക് തിരിച്ചയച്ചതായും അവിടെവെച്ച് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തതായും പോലീസ് പറഞ്ഞു.

2016ല്‍ സി. ബി. ഐ അന്വേഷണം ഏറ്റെടുത്തതിനുശേഷം, ദേവയാനീ ഒരു ലേയേര്‍ഡ് വോയ്‌സ് അനാലിസിസ് ടെസ്റ്റിന് വിധേയയായി. ജൂണ്‍ 16 ന്, ബ്രെയിന്‍ മാപ്പിംഗ് പരിശോധനയ്ക്കായി അഹമ്മദാബാദിലേക്ക് കൊണ്ടുപോകുമ്പോള്‍, ട്രെയിന്‍ സ്റ്റേഷനില്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ്, ദേവയാനി വാഷ്‌റൂം ഉപയോഗിക്കാന്‍ അനുമതി ചോദിക്കുകയും അവിടെവച്ച് കീടനാശിനി കഴിക്കുകയും ചെയ്തു. അഹമ്മദാബാദിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച അവര്‍ ജൂലൈ 9 ന് മരിച്ചു. അതോടെ, കേസിലെ ഒരു പ്രധാന ബന്ധം ഇല്ലാതായി.

ദേവയാനിയുടെ ലേയേര്‍ഡ് വോയ്‌സ് വിശകലനം 'സ്മിതയുടെ തിരോധാനത്തില്‍ സംശയിക്കപ്പെടുന്ന ദേവയാനിയ്ക്ക് പങ്കുണ്ടെന്ന് ' സൂചിപ്പിക്കുന്നുവെന്ന് കോടതി വിധിയില്‍ അഭിപ്രായപ്പെട്ടു.


ആന്റണി നിരപരാധിയെന്ന് വാദം; നഷ്ടങ്ങള്‍ക്ക് ആര് ഉത്തരം പറയും?

ആന്റണിക്കെതിരേയുള്ള ആരോപണങ്ങള്‍ സംശയാതീതമായി തെളിയിക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നാണ് കോടതി പ്രതിയെ വെറുതെവിട്ടത്. പ്രതിക്കുവേണ്ടി എം.ജെ. സന്തോഷ് ഹാജരായി.

'ആന്റണി നിരപരാധിയാണ്. അദ്ദേഹത്തില്‍ നടത്തിയ എല്ലാ പരിശോധനകളും-ബ്രെയിന്‍ മാപ്പിംഗ്, വോയ്‌സ് അനാലിസിസ് മുതലായവ അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് നല്‍കി. കാര്യമായ തെളിവുകളില്ലാതെയാണ് ക്രൈം ബ്രാഞ്ചും സി. ബി. ഐയും അദ്ദേഹത്തെ പിന്തുടര്‍ന്നത്. സി. ബി. ഐയുടെ ലെറ്റര്‍ റോഗേറ്ററിക്കുള്ള പ്രതികരണം എന്നനിലയില്‍ ദുബായില്‍ നിന്ന് റിപ്പോട്ട് ലഭിക്കുന്നതിന് മുമ്പ് സി. ബി. ഐ അദ്ദേഹത്തിനെതിരെ അന്തിമ റിപ്പോട്ട് ഫയല്‍ ചെയ്യാന്‍ പാടില്ലായിരുന്നു. അദ്ദേഹത്തിന്റെ കരിയറിന്റെ നഷ്ടത്തിന് ആരാണ് നഷ്ടപരിഹാരം നല്‍കുക? 2015ല്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ അദ്ദേഹം യുഎസില്‍ ജോലി ചെയ്യുകയായിരുന്നു എന്നും വക്കീല്‍ പറഞ്ഞു. അതേസമയം സ്മിതയുടെ തിരോധാനവും മരണവും ഇപ്പോഴും ഒരു രഹസ്യമായി തുടരുകയാണ്.


കുടുംബത്തിന്റെ കാത്തിരിപ്പ്

കൊച്ചിയിലെ ഇടപ്പള്ളിയില്‍, അലസക്കോടത്ത് കുടുംബത്തിന് മുന്നില്‍ കാലവും സമയവും നിശ്ചലമായിട്ട് രണ്ട് പതിറ്റാണ്ടാകുന്നു. കാണാതായി ഒരു പതിറ്റാണ്ടിലേറെക്കാലം, സ്മിതയുടെ പിതാവ് ജോര്‍ജ് വീട്ടിലെ ലാന്‍ഡ്‌ലൈന്‍ ഫോണ്‍ കൈമാറാന്‍ വിസമ്മതിച്ചു-കാരണം സ്മിതയ്ക്ക് അറിയാവുന്ന ഒരേയൊരു നമ്പറായിരുന്നു അത്. അവള്‍ എവിടെയെങ്കിലും നിന്ന് വിളിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു. 2017-ല്‍, മകളെ കണ്ടെത്താനുള്ള  പോരാട്ടത്തിന് ശേഷം, ഭാര്യയെയും മൂത്ത മകളെയും അനാഥരാക്കി ജോര്‍ജ് മരിച്ചു.

സ്മിതയ്ക്ക് എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്ക് അറിയില്ലെന്ന് സ്മിതയുടെ സഹോദീ ഭര്‍ത്താവ് അജയ് ജോര്‍ജ് പറഞ്ഞു. കോടതി വിധി ഞങ്ങള്‍ക്ക് ഒരു ആശ്വാസവും നല്‍കുന്നില്ല. അവളുടെ മൃതദേഹം 2006 ല്‍ മോര്‍ച്ചറിയില്‍ കണ്ടെത്തിയിരുന്നുവെങ്കില്‍, എന്തുകൊണ്ടാണ് ഒരു പതിറ്റാണ്ടായി അതിനെക്കുറിച്ച് ഞങ്ങളെ അറിയിക്കാതിരുന്നതെന്നും അജയ് ചോദിക്കുന്നു.