'മസ്‌കിന് പ്രസിഡന്റാകാന്‍ കഴിയില്ല ' ; ഡെമോക്രാറ്റുകള്‍ പരത്തുന്ന കിംവദന്തിക്ക് മറുപടി പറഞ്ഞ് ട്രംപ്

'മസ്‌കിന് പ്രസിഡന്റാകാന്‍ കഴിയില്ല ' ; ഡെമോക്രാറ്റുകള്‍ പരത്തുന്ന കിംവദന്തിക്ക് മറുപടി പറഞ്ഞ് ട്രംപ്


വാഷിംഗ്ടണ്‍: വൈറ്റ് ഹൗസിലേക്ക് എത്താനിരിക്കുന്ന ട്രംപിന്റെ ഭരണകൂടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ടെസ്‌ല സിഇഒ എലോണ്‍ മസ്‌ക് മിക്കവാറും അമേരിക്കയുടെ പ്രസിഡന്റ് പദവി ട്രംപില്‍ നിന്ന് ഏറ്റെടുക്കും എന്നൊരു പ്രചരണം ഉയര്‍ന്നിട്ടുണ്ട്. ട്രംപിന്റെ ഏറ്റവും വലിയ ചങ്ങാതിയായി കുറച്ചുനാളുകളായി നിഴല്‍പോലെ ട്രംപിനൊപ്പം മസ്‌കുമുണ്ട്. അദ്ദേഹം പോകുന്നയിടത്തെല്ലാം മസ്‌കും ഒപ്പം പോകുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് വാരിക്കോരി സഹായം നല്‍കുന്നു. നിര്‍ണായകമായ ചര്‍ച്ചകളില്‍ ട്രംപിനൊപ്പം അഭിപ്രായങ്ങളും നിലപാടുകളും പങ്കുവെയ്ക്കുന്നു. അങ്ങനെയെല്ലാം മസ്‌കിന് ലഭിച്ച വലിയ സ്വാധീനം സൂപ്പര്‍ പ്രസിഡന്റ് ആകാനുള്ള തുടക്കമാണെന്നാണ് ഡെമോക്രാറ്റ് ക്യാമ്പില്‍ നിന്ന് പ്രചരിക്കുന്നത്.
കേള്‍ക്കുന്നവര്‍ക്ക് ശരിയാകാമെന്ന് സംശയിക്കുന്ന ഈ പ്രചാരണം ഇപ്പോള്‍ പതുക്കെ റിപ്പബ്ലിക്കനാരിലും ശങ്കയുണ്ടാക്കിയിരിക്കുകയാണ്. ഇപ്പോഴല്ലെങ്കില്‍ പിന്നീട് എപ്പോഴെങ്കിലും മസ്‌ക് അമേരിക്കയുടെ പ്രസിഡന്റ് ആയോക്കുമോ എന്ന ചോദ്യം അവരും ചോദിക്കുന്നുണ്ട്. ഇതേ ചോദ്യം ട്രംപിന്റെ ചെവിയിലും എത്തിയെന്നാണ് അരിസോണയിലെ ഫീനിക്‌സില്‍ റിപ്പബ്ലിക്കന്‍ അനുകൂലികളുടെ സമ്മേളനത്തില്‍ പങ്കെടുത്ത നിയുക്ത പ്രസിഡന്റിന്റെ പ്രതികരണത്തിലൂടെ പുറത്തുവന്നിട്ടുള്ളത്.
മസ്‌കിന് ഒരിക്കലും യു.എസ് പ്രസിഡന്റ് ആകാന്‍ കഴിയില്ലെന്നാണ് ട്രംപ് പറയുന്നത്. കാരണം യു.എസ് നിയമങ്ങള്‍ത്തന്നെയാണ്. യു.എസില്‍ ജനിച്ചിട്ടില്ലാത്തതിനാലാണ് മസ്‌കിന് പ്രസിഡന്റാകാന്‍ കഴിയാത്തതെന്നും ട്രംപ് വിശദീകരിച്ചു.

ഡെമോക്രാറ്റുകള്‍ പ്രചരിപ്പിക്കുന്ന കുതന്ത്രം എന്നാണ് ട്രംപ് അതിനെ വിളിച്ചത്.

മസ്‌ക്  പ്രസിഡന്റാകാന്‍ പോകുന്നില്ല, അത് ഞാന്‍ നിങ്ങളോട് പറയാം. എന്തുകൊണ്ടാണ് അദ്ദേഹത്തിന് പ്രസിഡന്റ് ആകാന്‍ കഴിയാത്തതെന്ന് നിങ്ങള്‍ക്കറിയാമോ? അദ്ദേഹം ഈ രാജ്യത്തല്ല ജനിച്ചത്'' ദക്ഷിണാഫ്രിക്കയില്‍ ജനിച്ച ടെസ്ല, സ്പേസ് എക്‌സ് മേധാവിയെക്കുറിച്ച് ട്രംപ് പറഞ്ഞു.
 'ഇല്ല, അത് സംഭവിക്കില്ലെന്ന്  ട്രംപ് ജനക്കൂട്ടത്തിന് ഉറപ്പുനല്‍കി.

യു.എസില്‍ പ്രസിഡന്റാകണമെങ്കില്‍ യുഎസില്‍ ജനിച്ച പൗരനായിരിക്കണമെന്ന് യുഎസ് ഭരണഘടന ആവശ്യപ്പെടുന്നുണ്ട്. ഇക്കാരണത്താലാണ് മസ്‌കിന് ഒരിക്കലും ആ പദവി സ്വപ്നം കാണാനാകാത്തത്.

വരാനിരിക്കുന്ന ട്രംപ് ഭരണകൂടത്തില്‍ മസ്‌കിന്റെ സ്വാധീനം ഡെമോക്രാറ്റിക് ആക്രമണങ്ങളുടെ ഒരു കേന്ദ്രബിന്ദുവായി മാറിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടാത്ത ഒരു പൗരന് ഇത്രയധികം അധികാരം എങ്ങനെ കൈകാര്യം ചെയ്യാന്‍ കഴിയും എന്ന ചോദ്യങ്ങളാണ് ട്രംപ്-മസ്‌ക് വിമര്‍ശകര്‍ ഉയര്‍ത്തുന്നത്.