പനാമ കനാലിലൂടെ കടന്നുപോകുന്ന അമേരിക്കന്‍ വാണിജ്യ-നാവിക കപ്പലുകള്‍ക്ക് അമിത ഫീസ് ഈടാക്കുന്ന നടപടി പിന്‍വലിച്ചില്ലെങ്കില്‍ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി. യുഎസ് കപ്പലുകള്‍ക്ക് അതിതഫീസ് ആണ് ഈടാക്കുന്നത്. ഒന്നുകില്‍ ഫീസ് കുറയ്ക്കണം. അല്ലെങ്കില്‍ കനാലിന്റെ നിയന്ത്രണം അമേരിക്കയ്ക്ക് വിട്ടുതരണം-ട്രംപ് ആവശ്യപ്പെട്ടു.
പനാമ ഈടാക്കുന്ന ഫീസ് പരിഹാസ്യവും അങ്ങേയറ്റം അന്യായവുമാണെന്ന് അദ്ദേഹം ഞായറാഴ്ച അരിസോണയില്‍ അനുയായികളോട് പറഞ്ഞു.
'നമ്മുടെ രാജ്യത്തെ ഈ സമ്പൂര്‍ണ്ണ തട്ടിപ്പ് ഉടന്‍ അവസാനിക്കും', അടുത്ത മാസം അധികാരമേല്‍ക്കുന്നതിനെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.
ട്രംപിന്റെ ഭീഷണിയോട് ഉടനടി പ്രതികരിച്ച് പനാമ പ്രസിഡന്റ് ജോസ് റൌള്‍ മുലിനോ രംഗത്തുവന്നു.
'കനാലിന്റെയും ചുറ്റുപാടുകളുടെയും 'ഓരോ ചതുരശ്ര മീറ്ററും' തന്റെ രാജ്യത്തിന്റേതാണെന്ന് പറഞ്ഞ പനാമ പ്രസിഡന്റ് പനാമയുടെ പരമാധികാരവും സ്വാതന്ത്ര്യവും വിലപേശാനാവാത്തതാണെന്നും കൂട്ടിച്ചേര്‍ത്തു.
2024 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കാര്യമായ പിന്തുണ നല്‍കിയ യാഥാസ്ഥിതിക ആക്ടിവിസ്റ്റ് ഗ്രൂപ്പായ ടേണിംഗ് പോയിന്റ് യുഎസ്എയുടെ അനുയായികളോടാണ് ട്രംപ് അഭിപ്രായങ്ങള്‍ പറഞ്ഞത്.
ഏതെങ്കിലും ഒരു രാജ്യത്തെ അവരുടെ ഉടമസ്ഥതയിലുള്ള പ്രദേശം കൈമാറാന്‍ പ്രേരിപ്പിക്കാന്‍ കഴിയുമെന്ന് ഒരു യുഎസ് നേതാവ് പറഞ്ഞതിന്റെ അപൂര്‍വ ഉദാഹരണമായിരുന്നു ട്രംപിന്റേത്. എന്നാല്‍ താന്‍ അത് എങ്ങനെ ചെയ്യുമെന്ന് അദ്ദേഹം വിശദീകരിച്ചില്ലെങ്കിലും-ജനുവരി 20 ന് ഉദ്ഘാടനത്തിന് ശേഷം വൈറ്റ് ഹൗസില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ അമേരിക്കന്‍ വിദേശനയവും നയതന്ത്രവും എങ്ങനെ മാറിയേക്കാം എന്നതിന്റെ അടയാളമാണിതെന്ന് വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.
പനാമ കനാല്‍ യുഎസിന് ഒരു 'സുപ്രധാന ദേശീയ സ്വത്ത്' ആണെന്ന് ഒരു ദിവസം മുമ്പ് സമാനമായ ഒരു പോസ്റ്റ് ഇട്ടതിന് ശേഷമാണ് ട്രംപിന്റെ അഭിപ്രായങ്ങള്‍.
ഷിപ്പിംഗ് നിരക്ക് കുറച്ചില്ലെങ്കില്‍, 'പനാമ കനാല്‍ പൂര്‍ണ്ണമായും വേഗത്തിലും ചോദ്യം ചെയ്യാതെയും ഞങ്ങള്‍ക്ക് തിരികെ നല്‍കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടും' എന്ന് ട്രംപ് ഞായറാഴ്ച പറഞ്ഞു.
മധ്യ അമേരിക്കന്‍ രാജ്യത്തിന് കുറുകെ കടന്ന് പോകുന്ന 51 മൈല്‍ (82 കിലോമീറ്റര്‍) നീളമുള്ള പനാമ കനാല്‍ അറ്റ്‌ലാന്റിക്, പസഫിക് സമുദ്രങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാണ്.
1900 കളുടെ തുടക്കത്തിലാണ് കനാല്‍ നിര്‍മ്മിച്ചത്. 1977 വരെ കനാല്‍ മേഖലയുടെ നിയന്ത്രണം യുഎസിനായിരുന്നു. ഉടമ്പടികള്‍ പ്രകാരം ക്രമേണ ഭൂമി പനാമയ്ക്ക് തിരികെ നല്‍കി. ഒരു കാലയളവില്‍ സംയുക്ത നിയന്ത്രണത്തിന് ശേഷം 1999ല്‍ നിയന്ത്രണം പനാമയ്ക്കുമാത്രമായി.
കാറുകള്‍, പ്രകൃതിവാതകം, മറ്റ് ചരക്കുകള്‍, സൈനിക കപ്പലുകള്‍ എന്നിവ വഹിക്കുന്ന കണ്ടെയ്‌നര്‍ കപ്പലുകള്‍ ഉള്‍പ്പെടെ പ്രതിവര്‍ഷം 14,000 കപ്പലുകള്‍ വരെ കനാല്‍ കടക്കുന്നു.
പനാമയ്‌ക്കൊപ്പം, ട്രംപ് കാനഡയെയും മെക്‌സിക്കോയെയും അന്യായമായ വ്യാപാര രീതികള്‍ തുടരുന്നവര്‍ എന്ന് കുറ്റപ്പെടുത്തി. മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബൌമിനെ 'അത്ഭുതകരമായ സ്ത്രീ' എന്ന് വിളിച്ചെങ്കിലും അവര്‍ യുഎസിലേക്ക് മയക്കുമരുന്നും കുടിയേറ്റവും അനുവദിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യത്തെ യാഥാസ്ഥിതിക പ്രവര്‍ത്തകരുടെ ഏറ്റവും വലിയ ഒത്തുചേരലുകളിലൊന്നായ ടേണിംഗ് പോയിന്റിന്റെ വാര്‍ഷിക സമ്മേളനത്തില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് മുന്നില്‍വെച്ചാണ് ട്രംപ് തന്റെ പരാമര്‍ശം നടത്തിയത്.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ട്രംപിനെയും മറ്റ് റിപ്പബ്ലിക്കന്‍മാരെയും ശക്തിപ്പെടുത്തുന്നതിനായി രൂപകല്‍പ്പന ചെയ്ത സ്വിംഗ് സ്റ്റേറ്റുകളില്‍ വോട്ടുചെയ്യാനുള്ള ശ്രമങ്ങളില്‍ ടേണിംഗ് പോയിന്റ് വലിയ വിഭവങ്ങള്‍ പകര്‍ന്നിരുന്നു.
രാജ്യത്തിന്റെ കടപരിധി വര്‍ദ്ധിപ്പിക്കുമായിരുന്ന ഒന്ന് ഉള്‍പ്പെടെ നിരവധി വ്യവസ്ഥകള്‍ നീക്കം ചെയ്തതിന് ശേഷം യുഎസ് സര്‍ക്കാരിന്റെ അടച്ചുപൂട്ടല്‍ ഒഴിവാക്കാനായി ഈ ആഴ്ച കോണ്‍ഗ്രസ് ഒരു കരാര്‍ പാസാക്കിയതിന് ശേഷമുള്ള ട്രംപിന്റെ ആദ്യ പ്രസംഗമായിരുന്നു ഇത്.
യുഎസ് സര്‍ക്കാരിന് വായ്പയെടുക്കാന്‍ കഴിയുന്ന തുക നിയന്ത്രിക്കുന്ന കടപരിധി ഉയര്‍ത്തുന്നതിനെ ട്രംപ് പിന്തുണച്ചിരുന്നു.
എന്നാല്‍ ഞായറാഴ്ചത്തെ അദ്ദേഹത്തിന്റെ പ്രസംഗം ആ വിഷയം പൂര്‍ണ്ണമായും ഒഴിവാക്കി, പകരം തന്റെ തിരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ ആവര്‍ത്തിക്കുകയും കുടിയേറ്റം, കുറ്റകൃത്യങ്ങള്‍, വിദേശ വ്യാപാരം എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ തന്റെ പ്രചാരണത്തിന്റെ പ്രധാന ഘടകങ്ങളായി ഉയര്‍ത്തുകയും ചെയ്തു.
പനാമ കനാലിന്റെ നിയന്ത്രണം തിരിച്ചുപിടിക്കുമെന്ന് ട്രംപ്; നടക്കില്ലെന്ന് പനാമ പ്രസിഡന്റ്