വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ഹിസ്ബുള്ളയെ വെച്ചുപൊറുപ്പിക്കില്ലെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി

വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ഹിസ്ബുള്ളയെ വെച്ചുപൊറുപ്പിക്കില്ലെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി


ടെല്‍ അവീവ്: ലബനോനിലെ ഹിസ്ബുള്ള വ്യവസ്ഥകള്‍ ലംഘിച്ചാല്‍ അവരെ വെച്ചു പൊറപ്പിക്കില്ലെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി കാറ്റ്‌സിന്റെ ഭീഷണി. ദക്ഷിണ ലബനോനിലെ ഒരു ഇസ്രായേല്‍ സൈനിക കേന്ദ്രം സന്ദര്‍ശിക്കുന്നതിനിടെയാണ് കാറ്റ്‌സ്  ഇക്കാര്യം പറഞ്ഞത്.

ഇതോടൊപ്പം, ഹിസ്ബുള്ള പ്രവര്‍ത്തകര്‍ ദക്ഷിണഗ്രാമങ്ങളിലേക്ക് മടങ്ങി ഭീകരതയെ വീണ്ടും സ്ഥാപിക്കാന്‍ ശ്രമിക്കുന്നതു അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

വടക്കന്‍ മേഖലയിലെ ആളുകള്‍ സുരക്ഷിതമായി വീട്ടിലേക്ക് മടങ്ങാനായുള്ള സാഹചര്യം ഇസ്രായേല്‍

ഉണ്ടാക്കുമെന്ന ഉറപ്പും മന്ത്രി നല്‍കി.

യുദ്ധകാലത്ത് ഹിസ്ബുള്ള സംഘവുമായി ബന്ധപ്പെടുകയും അവര്‍ക്കു വിവരങ്ങള്‍ കൈമാറുകയും ചെയ്തതിന് രണ്ടുപേരെ ഇസ്രായേല്‍ അറസ്റ്റ് ചെയ്തു. ജറുസലേം സ്വദേശികളായ അബ്ദുല്‍ സലാം ക്വാസാമയും താറ അസിലിയും ആണ് അറസ്റ്റ് ചെയ്യപ്പെട്ടത്.

'ഡയാന' എന്ന പേരില്‍ അറിയപ്പെട്ട ഒരു ഹിസ്ബുള്ള പ്രവര്‍ത്തകയുമായി വാട്‌സാപ്പ് ഗ്രൂപ്പിലൂടെയാണ് ഇവര്‍ ബന്ധപ്പെടുന്നതെന്നാണ് ആരോപണം. ഹിസ്ബുള്ള അംഗമാണെന്ന് അറിഞ്ഞിട്ടും ബന്ധം തുടര്‍ന്നു.

ക്വാസാമ ഹിസ്ബുള്ള പ്രവര്‍ത്തകയ്ക്ക് കേസേരിയയിലെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സ്വകാര്യ ഭവനത്തിന് സമീപമുള്ള ചിത്രങ്ങള്‍ കൈമാറി.

അസിലി ഇസ്രായേലിലെ വാര്‍ത്തകളും സുരക്ഷാവിവരങ്ങളും പങ്കുവച്ചു.

കൂടാതെ, ഹിസ്ബുള്ള ഇന്റലിജന്‍സ് ഓഫീസറുമായി സംസാരിക്കുകയും ചെയ്തു. ഫോട്ടോകള്‍ എടുക്കാന്‍ അഭ്യര്‍ഥിച്ചെങ്കിലും അസിലി അതില്‍ നിന്ന് പിന്തിരിഞ്ഞു.

ഇവര്‍ക്കെതിരെ 'വിദേശ ഏജന്റുമായി ബന്ധം' എന്ന കുറ്റവും 'ശത്രുവിലേക്ക് വിവരങ്ങള്‍ കൈമാറല്‍' എന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. ക്വാസാമെക്കെതിരെ ആയുധവ്യവഹാരത്തിന്റെയും കുറ്റം ചുമത്തിയിട്ടുണ്ട്.

നിയമനടപടികള്‍ അവസാനിക്കുന്നതുവരെ കസ്റ്റഡിയില്‍ തുടരാന്‍ ജറുസലേം ജില്ലാ കോടതിയോട് പ്രോസിക്യൂഷന്‍ അപേക്ഷിച്ചു.