കുവൈത്ത് സിറ്റി: രണ്ട് ദിവസത്തെ കുവൈത്ത് സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ 'ദി ഓര്‍ഡര്‍ ഓഫ് മുബാറക് അല്‍ കബീര്‍' സമ്മാനിച്ചു.
പ്രധാനമന്ത്രി മോഡിക്ക് ലഭിക്കുന്ന 20-ാമത് അന്താരാഷ്ട്ര പുരസ്‌ക്കാരമാണിത്. രാഷ്ട്രത്തലവന്മാര്‍ക്കും വിദേശ പരമാധികാരികള്‍ക്കും വിദേശ രാജകുടുംബങ്ങളിലെ അംഗങ്ങള്‍ക്കും സൗഹൃദത്തിന്റെ അടയാളമായാണ് കുവൈത്ത് ഓര്‍ഡര്‍ ഓഫ് മുബാറക് അല്‍ കബീര്‍ നല്‍കുന്നത്.
പ്രധാനമന്ത്രി മോഡിക്ക് ബയാന്‍ കൊട്ടാരത്തില്‍ ആചാരപരമായ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.
ഇന്ത്യയുടെ ഊര്‍ജം, സുരക്ഷ, വ്യാപാരം എന്നിവയുടെ പ്രധാന പങ്കാളിയായ കുവൈത്തുമായി ബന്ധം ശക്തമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ സന്ദര്‍ശനം.
ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തിക്കൊണ്ട് കുവൈത്ത് കിരീടാവകാശി സബാഹ് അല്‍ ഖാലിദ് അല്‍ സബാഹുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി ധാരണാപത്രത്തില്‍ ഒപ്പുവെക്കും.
ശൈഖ് സാദ് അല്‍ അബ്ദുല്ല ഇന്‍ഡോര്‍ സ്പോര്‍ട്സ് കോംപ്ലക്സില്‍ നടന്ന 'ഹലാ മോഡി' പരിപാടിയില്‍ അദ്ദേഹം ഇന്ത്യന്‍ ജനസമൂഹത്തോട് സംസാരിച്ചു. കുവൈത്തിന്റെ വികസനത്തിന് അവര്‍ നല്‍കിയ സംഭാവനകളെ പ്രശംസിച്ചു. അവരുടെ പ്രയത്‌നത്തിനും അര്‍പ്പണബോധത്തിനും മോഡി നന്ദി പറഞ്ഞു.
ഭൂമി- ചന്ദ്ര ദൂരത്തിന്റെ എട്ട് മടങ്ങ് ദൂരത്തില്‍ വ്യാപിച്ചുകിടക്കുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്വര്‍ക്കുകള്‍ പോലെ, ഇന്ത്യയുടെ സാങ്കേതിക നേട്ടങ്ങളില്‍ അദ്ദേഹം ശക്തമായ നിലപാട് ഉറപ്പിച്ചു.
ഇന്ത്യന്‍ ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും അറബിയിലേക്ക് വിവര്‍ത്തനം ചെയ്ത രണ്ട് കുവൈത്ത് പൗരന്മാരെയും 101കാരനായ മുന്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഉദ്യോഗസ്ഥനെയും പ്രധാനമന്ത്രി കണ്ടു. തനിക്കും ഇന്ത്യന്‍ സമൂഹത്തിനും നല്‍കിയ ഊഷ്മളമായ ആതിഥ്യത്തിന് അമീര്‍ ശൈഖ് മിഷാല്‍ അല്‍-അഹമ്മദ് അല്‍-ജാബര്‍ അല്‍-സബാഹിനോട് അദ്ദേഹം നന്ദി രേഖപ്പെടുത്തി.