ഡമാസ്‌കസ്: പൊതുജീവിതത്തില്‍ സ്ത്രീകളെ കൂടി ഉള്‍ക്കൊള്ളുന്ന ജനാധിപത്യ രാഷ്ട്രമാണ് വേണ്ടതെന്ന് ആവശ്യപ്പെട്ട് ഡമാസ്‌കസിലെ ഉമ്മയാദ് സ്‌ക്വയറില്‍ നൂറുകണക്കിനാളുകള്‍ പ്രകടനം നടത്തി.
സ്ത്രീകളും പുരുഷന്മാരും യുവാക്കളും മുതിര്‍ന്നവരും 'മത ഭരണം വേണ്ട', 'ദൈവം മതത്തിനും മാതൃഭൂമി എല്ലാവര്‍ക്കും', 'ഞങ്ങള്‍ക്ക് വേണ്ടത് ജനാധിപത്യമാണ്, മതരാഷ്ട്രമല്ല' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കി.
''വിപ്ലവത്തിന്റെ നേട്ടങ്ങള്‍ സംരക്ഷിക്കാന്‍ ഞങ്ങള്‍ ഇവിടെ സമാധാനപരമായ പ്രവര്‍ത്തനത്തിലാണ്, അത് പൂര്‍ണ സ്വാതന്ത്ര്യത്തോടെ ഇന്ന് ഇവിടെ നില്‍ക്കാന്‍ ഞങ്ങളെ അനുവദിച്ചു,'' 13 വര്‍ഷത്തിലേറെ നീണ്ട യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്തെ കൃത്രിമ അവയവ നിര്‍മ്മാതാവ് അയ്ഹാം ഹംഷോ (48) പറഞ്ഞു. '50 വര്‍ഷത്തിലേറെയായി, രാജ്യത്തെ പാര്‍ട്ടിയെയും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെയും തടഞ്ഞുനിര്‍ത്തിയ സ്വേച്ഛാധിപത്യ ഭരണത്തിന്‍ കീഴിലാണ് ഞങ്ങള്‍' എന്നും അദ്ദേഹം എ എഫ് പിയോട് പറഞ്ഞു.
ബാലറ്റ് ബോക്സില്‍ തീരുമാനിക്കുന്ന 'മതേതര, സിവില്‍, ജനാധിപത്യ രാഷ്ട്രം' കൈവരിക്കുന്നതിന് തങ്ങളുടെ കാര്യങ്ങള്‍ സംഘടിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ഹയാത്ത് തഹ്രീര്‍ അല്‍-ഷാമിന്റെ നേതൃത്വത്തിലുള്ള വിമതര്‍ ഡിസംബര്‍ എട്ടിന് തലസ്ഥാനം പിടിച്ചെടുക്കുകയും മിന്നല്‍ ആക്രമണത്തിന് ശേഷം അസദിനെ താഴെയിറക്കുകയും ചെയ്തതിന് ശേഷം ദിവസങ്ങളോളം സിറിയക്കാര്‍ ഉമ്മയാദ് സ്‌ക്വയറില്‍ ആഘോഷിച്ചു.
നിരവധി പാശ്ചാത്യ സര്‍ക്കാരുകള്‍ 'ഭീകര' സംഘടനയായി നിരോധിച്ച എച്ച് ടി എസ് രാജ്യത്തെ നിരവധി മതപരവും വംശീയവുമായ ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം ഉറപ്പുനല്‍കിയുള്ള പ്രഖ്യാപനം നടത്തിയിരുന്നു.
എന്നാല്‍ ഉറപ്പ് നല്‍കിയിട്ടും ന്യൂനപക്ഷ സമുദായങ്ങളെ പാര്‍ശ്വവത്കരിക്കുകയും പൊതുജീവിതത്തില്‍ നിന്ന് സ്ത്രീകളെ ഒഴിവാക്കുകയും ചെയ്യുന്ന മതഭരണത്തിലേക്ക് പുതിയ ഭരണകൂടം നീങ്ങുമെന്ന് പല സിറിയക്കാരും ഭയപ്പെടുന്നു.
ചില പ്രതിഷേധക്കാര്‍ 'സെക്കുലര്‍' എന്ന പദമുള്ള ബോര്‍ഡുകള്‍ ഉയര്‍ത്തിയിരുന്നു. ആളുകള്‍ 'സിറിയന്‍ ജനത ഒന്നാണ്' എന്ന് ഉറക്കെ വിളിച്ചിരുന്നു.
കെഫിയ സ്‌കാര്‍ഫും കറുത്ത കണ്ണടയും ധരിച്ച ഒരു യുവാവ്, 'സ്വാതന്ത്ര്യമുള്ള സ്ത്രീകളില്ലാതെ സ്വതന്ത്ര രാഷ്ട്രമില്ല' എന്ന് കൈകൊണ്ട് എഴുതിയ ബോര്‍ഡ് ഉയര്‍ത്തിയിരുന്നു. മറ്റൊരു പ്രകടനക്കാരന്റെ പ്ലക്കാര്‍ഡില്‍ 'സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇടയിലുള്ള സമത്വം നിയമാനുസൃതമായ ഇസ്ലാമികവും അന്തര്‍ദേശീയവുമായ അവകാശമാണ്'.
ജനക്കൂട്ടത്തിനിടയില്‍ സുഹൃത്തുക്കളോടൊപ്പം നിന്നുകൊണ്ട് നടി രഗ്ദ ഖതേബ് പറഞ്ഞത് 'സിറിയന്‍ സ്ത്രീകള്‍ തെരുവുകളിലും പ്രതിഷേധക്കാരെ സംരക്ഷിക്കുന്നതിലും പരിക്കേറ്റവരെ ശുശ്രൂഷിക്കുന്നതിലും ജയിലുകളിലും തടങ്കല്‍ കേന്ദ്രങ്ങളിലും സ്ഥിര പങ്കാളിയാണ്' എന്നായിരുന്നു.
രാജ്യത്ത് യാഥാസ്ഥിതിക ഭരണം സ്ഥാപിക്കാനുള്ള ശ്രമങ്ങളെ തടയുന്നതിനുള്ള 'പ്രതിരോധ' പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് പ്രകടനമെന്ന് അവര്‍ പറഞ്ഞു.