സൂറത്ത്: ഗുജറാത്തില്‍ പതിറ്റാണ്ടുകളായി മദ്യനിരോധനം നിലവിലുണ്ടെങ്കിലും അനധികൃത മദ്യവില്‍പ്പന തകൃതിയാണെന്നതിന് പുതിയൊരു തെളിവു കൂടി പുറത്തുവന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സൂറത്ത്- ബാങ്കോക്ക് റൂട്ടിലെ ആദ്യ വിമാന യാത്രയില്‍ സഞ്ചാരികള്‍ കുടിച്ചു തീര്‍ത്തത് 1.8 ലക്ഷം രൂപയുടെ മദ്യമാണെന്നാണ് പറയുന്നത്. നാല് മണിക്കൂര്‍ യാത്രക്കിടയിലാണ് ഇത്രയും മദ്യം യാത്രക്കാര്‍ വയറ്റിലാക്കിയത്. മാത്രമല്ല, ആദ്യ യാത്രയിലെ യാത്രക്കാരുടെ കോപ്രായങ്ങളും സാമൂഹ്യ മാധ്യമങ്ങള്‍ വൈറലായി.
പൂര്‍ണ്ണമായും സീറ്റുകള്‍ വിറ്റുപോയ വിമാനത്തില്‍ യാത്രക്കാര്‍ പ്രീമിയം ലഹരി പാനീയങ്ങള്‍ ഉള്‍പ്പെടെയാണ് കുടിച്ചു തീര്‍ത്ത.് ഷിവാസ് റീഗല്‍, ബക്കാര്‍ഡി ബിയര്‍ എന്നിവ ഉള്‍പ്പെടെ 15 ലിറ്റര്‍ ടോപ്പ് ഷെല്‍ഫ് മദ്യമാണ് തീര്‍ന്നത്. ഒടുവില്‍ വിമാന ജീവനക്കാര്‍ മദ്യം തീര്‍ന്നതായി അറിയിക്കുകയായിരുന്നു.
മദ്യം മാത്രമല്ല പരമ്പരാഗത ഗുജറാത്തി ലഘുഭക്ഷണങ്ങളായ തേപ്ലയും ഖമാനും പിസ്സയും ഉള്‍പ്പെടെ പലഹാരങ്ങളും തീര്‍ത്തു.
എന്നാല്‍ ഇത്തരം വിവരങ്ങള്‍ പുറത്തു വന്നതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് പ്രത്യക്ഷപ്പെട്ടത്. എയര്‍ ബസ്സിലോ ബോയിംഗ് 737ല്‍ പോലുമോ 300 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നാണ് ഒരാള്‍ ചൂണ്ടിക്കാട്ടിയത്. പരമാവധി ശേഷി ഏകദേശം 176 യാത്രക്കാരായിരിക്കുമെന്നും ഇത്ര ആളുകളുണ്ടായാല്‍ പോലും യാത്രക്കാരന് ശരാശരി 85 മില്ലിലിറ്റര്‍ മദ്യമാണ് നാലു മണിക്കൂറിനകം ലഭിക്കുകയെന്നാണ് ഒരാളുടെ അഭിപ്രായം.
ഗുജറാത്തിന്റെ ദീര്‍ഘകാലമായി നിലവിലുള്ള മദ്യ നിരോധന നയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും ഈ സംഭവം തുടക്കമിട്ടു. ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവ് അഭിപ്രായപ്പെട്ടത് 'ഗുജറാത്ത് നിവാസികള്‍ക്ക് മദ്യം കഴിക്കാന്‍ കഴിയുമെന്നതിന്റെ വ്യക്തമായ സൂചനയാണ് വിമാന യാത്രയില്‍ കിട്ടുന്നതെന്നും സംസ്ഥാനം നിരോധന നയം അവലോകനം ചെയ്ത് നിയന്ത്രിത മദ്യവില്‍പ്പനയിലൂടെ വരുമാനം നേടാനും ശ്രമിക്കണമെന്നായിരുന്നു.