ശത്രുക്കളുടേതെന്ന് കരുതി സ്വന്തംവിമാനത്തിനു വെടിവെച്ച് യു.എസ്. നാവികസേന

ശത്രുക്കളുടേതെന്ന് കരുതി സ്വന്തംവിമാനത്തിനു വെടിവെച്ച് യു.എസ്. നാവികസേന


ദുബായ്: ശത്രുക്കളുടേതെന്ന് കരുതി സ്വന്തംവിമാനത്തിനു വെടിവെച്ച് യു.എസ്. നാവികസേന. ചെങ്കടലിനുമുകളിൽ ഞായറാഴ്ചയാണ് സംഭവം. വെടിവെപ്പിനെത്തുടർന്ന് കേടുപറ്റിയ വിമാനത്തിൽനിന്ന് കടലിൽച്ചാടിയ രണ്ട് പൈലറ്റുമാരും സുരക്ഷിതരാണ്. ഒരാൾക്ക് നിസ്സാരപരിക്കുണ്ട്.
യെമെനിലെ ഹൂതിവിമതരുടെ ചെങ്കടലിലെ ഭീഷണിനേരിടാനാണ് യു.എസ്. നാവികസേന ഇവിടെ തങ്ങുന്നത്. വിമാനവാഹിനിക്കപ്പലായ യു.എസ്.എസ്. ഹാരി എസ്. ട്രൂമാനിൽനിന്ന് പറന്നുയർന്ന എഫ്/എ18 വിമാനത്തെയാണ് യു.എസ്.എസ്. ഗെറ്റിസ്ബർഗിൽനിന്നയച്ച ക്രൂസ് മിസൈൽ വീഴ്ത്തിയതെന്ന് യു.എസ്. സെൻട്രൽ കമാൻഡ് അറിയിച്ചു. എങ്ങനെ ഇതു സംഭവിച്ചുവെന്ന് വ്യക്തമല്ല.

ഡിസംബർ 15ന് ട്രൂമാൻ പശ്ചിമേഷ്യയിൽ പ്രവേശിച്ചതായി സെൻട്രൽ കമാൻഡ് പറഞ്ഞെങ്കിലും അത് ചെങ്കടലിലാണെന്ന് വ്യക്തമാക്കിയിരുന്നില്ല. ട്രൂമാന്റെ വരവിനുശേഷം ഹൂതികളെ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണം യു.എസ്. ശക്തമാക്കിയിരുന്നു.