സ്‌കൂളില്‍ ക്രിസ്മസ് ആഘോഷിച്ചതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

സ്‌കൂളില്‍ ക്രിസ്മസ് ആഘോഷിച്ചതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ അറസ്റ്റില്‍


പാലക്കാട്: സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി കെ അനില്‍കുമാര്‍, ജില്ലാ സംയോജക് വി സുശാസനന്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ വേലായുധന്‍ എന്നിവരെയാണ് ചിറ്റൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ റിമാന്റ് ചെയ്തു. 

പാലക്കാട് നല്ലേപ്പിള്ളി ഗവണ്‍മെന്റ് യു പി സ്‌കൂളില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെ വിശ്വഹിന്ദു പരിഷത്ത് സംഘം അധ്യാപകരുടെയും വിദ്യാര്‍ഥികളുടേയും വസ്ത്രധാരണത്തെ കുറിച്ച് ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ വെച്ച് അധ്യാപകരെ അസഭ്യം പറയുകയും ചെയതു. ക്രിസ്മസ് ആഘോഷിക്കുന്നത് എന്തിനാണെന്നും ശ്രീകൃഷ്ണ ജയന്തി നിങ്ങള്‍ ഇത്തരത്തില്‍ ആഘോഷിക്കാറുണ്ടോ എന്നും സംഘം ചോദിച്ചതായി സ്‌കൂള്‍ അധികൃതരുട പരാതിയില്‍ പറയുന്നു.