ലീഗിന്റെ കടുത്ത നിലപാട് നിർണായകമായി - വി.ഡി. സതീശനിലേക്കുള്ള കോൺഗ്രസ് നീക്കത്തിന് പിന്നിൽ മലബാർ സമ്മർദ്ദ രാഷ്ട്രീയം

ലീഗിന്റെ കടുത്ത നിലപാട് നിർണായകമായി - വി.ഡി. സതീശനിലേക്കുള്ള കോൺഗ്രസ് നീക്കത്തിന് പിന്നിൽ മലബാർ സമ്മർദ്ദ രാഷ്ട്രീയം


കൊച്ചി: കേരള മുഖ്യമന്ത്രി തിരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റിയ അനിശ്ചിതത്വത്തിനൊടുവിൽ വി.ഡി സതീശൻ എന്ന ഒറ്റപ്പേരിലേക്കു കോൺഗ്രസ് ഹൈക്കമാൻഡ് എത്താൻ നിർണായകമായി പ്രവർത്തിച്ചതായി വിലയിരുത്തപ്പെടുന്നത് മുസ്ലിം ലീഗിന്റെ ശക്തമായ രാഷ്ട്രീയ സമ്മർദ്ദവും മലബാർ മേഖലയിലെ മുസ്ലിം ഭൂരിപക്ഷ ജനവിഭാഗങ്ങളുടെ പ്രതികരണങ്ങളുമാണെന്ന് റിപ്പോർട്ടുകൾ.

വയനാട് ലോക്‌സഭ മണ്ഡലം ഉൾപ്പെടുന്ന മലബാർ മേഖലയിൽ കോൺഗ്രസിന് വർഷങ്ങളായി ലഭിച്ചുവരുന്ന പിന്തുണ അവഗണിക്കാനാകില്ലെന്ന കടുത്ത സന്ദേശമാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചതെന്നാണ് ദേശീയ തലത്തിലെ ചർച്ചകളിൽ നിന്നുള്ള സൂചന. പ്രത്യേകിച്ച് രാഹുൽ ഗാന്ധിയെയും, പ്രിയങ്ക ഗാന്ധിയെയും വയനാട്ടിൽ നിന്ന് ലോക്‌സഭയിലേക്ക് വിജയിപ്പിക്കാൻ മുസ്ലിം ലീഗും മലബാറിലെ യു.ഡി.എഫ് പ്രവർത്തകരും നിർണായക പങ്കുവഹിച്ചുവെന്ന വാദമാണ് ശക്തമായി ഉയർന്നത്.

മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചുള്ള ചർച്ചകൾ നീണ്ടുപോയ സാഹചര്യത്തിൽ, ലീഗിന്റെ അഭിപ്രായങ്ങളെ അവഗണിക്കുന്ന നീക്കമുണ്ടായാൽ ഭാവിയിലെ നിയമസഭ-ലോക്‌സഭ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുകളും സാമൂഹികമാധ്യമങ്ങളിലടക്കം സജീവമായി. സതീശനെ അനുകൂലിക്കുന്ന വിവിധ ഗ്രൂപ്പുകൾ 'മലബാറിന്റെ രാഷ്ട്രീയ വികാരം മറികടക്കാൻ കഴിയില്ല' എന്ന നിലപാടാണ് ഉയർത്തിക്കാട്ടിയത്.

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ പത്ത് ദിവസം പിന്നിട്ടിട്ടും അന്തിമ തീരുമാനത്തിലേക്ക് എത്താതിരുന്നതോടെ മല്ലികാർജ്ജുൻ ഖാർഗെ അടക്കമുള്ള കോൺഗ്രസ് ദേശീയ നേതൃത്വം പലവട്ടം മുസ്ലിം ലീഗിന്റെയും മറ്റ് യു.ഡി.എഫ് ഘടകകക്ഷികളുടെയും അഭിപ്രായം തേടിയതായും റിപ്പോർട്ടുണ്ട്.

ഡൽഹിയിൽ നടന്ന നേതൃയോഗങ്ങളിൽ മലബാർ മേഖലയുടെ രാഷ്ട്രീയ യാഥാർത്ഥ്യവും മുസ്ലിം വോട്ട്ബാങ്കിന്റെ സ്വാധീനവും വിശദമായി ചർച്ചയായതായാണ് സൂചന. ഒടുവിൽ മുന്നണി ഐക്യവും സാമൂഹിക സമവാക്യവും തിരഞ്ഞെടുപ്പ് രാഷ്ട്രീയവും മുൻനിർത്തിയാണ് വി.ഡി. സതീശന്റെ പേരിലേക്ക് ഹൈക്കമാൻഡ് കൂടുതൽ അടുത്തത് എന്ന വിലയിരുത്തലാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശക്തമാകുന്നത്.