മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡോ. ശൂരനാട് രാജശേഖരന്‍ അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡോ. ശൂരനാട് രാജശേഖരന്‍ അന്തരിച്ചു


കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡോ. ശൂരനാട് രാജശേഖരന്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ഏറെ നാളായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. കെപിസിസി രാഷ്ട്രീയകാര്യസമിതിയംഗവും വീക്ഷണം മാനേജിങ് എഡിറ്ററുമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

നിലവില്‍ എറണാകുളത്തെ ആശുപത്രിയില്‍ത്തന്നെയാണ് മൃതദേഹമുള്ളത്. രാവിലെ 11 മണിയോടെ ഭൗതികശരീരം സ്വന്തം നാടായ കൊല്ലം ചാത്തന്നൂരിലെത്തിക്കും. നേരത്തെ രാജശേഖരന്‍ നിര്‍ദേശിച്ചിരുന്നത് പ്രകാരം പൊതുദര്‍ശനം ഉണ്ടായിരിക്കില്ല.

കെപിസിസി ജനറല്‍ സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്റ്, കെപിസിസി മാധ്യമവിഭാഗം ചെയര്‍മാന്‍, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്, കൊല്ലം പ്രസ്‌ക്ലബ് മുന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.