തിരുവനന്തപുരം: സി പി എം സംസ്ഥാന കമ്മിറ്റി ആസ്ഥാനം എ കെ ജി സെന്ററിന്റെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണെന്നും ഏപ്രില്‍ 23ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അറിയിച്ചു. ഒന്‍പത് നിലകളുള്ള കെട്ടിടമാണ് പുതിയതായി പണിതിരിക്കുന്നത്.
സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം, സംസ്ഥാന കമ്മിറ്റി യോഗം, പ്രസ് ബ്രീഫിങ്, സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കുള്ള ഓഫിസ് മുറികള്‍ തുടങ്ങിയവ പുതിയ മന്ദിരത്തില്‍ ഉണ്ടാകും. വാസ്തുശില്‍പി എന്‍ മഹേഷാണ് കെട്ടിടം രൂപകല്‍പന ചെയ്തിരിക്കുന്നത്.
ഈ മാസം 31ന് കേരളം മാലിന്യമുക്തമെന്ന് പ്രഖ്യാപിക്കും. മുഴുവന്‍ പാര്‍ട്ടി ഘടകങ്ങളും പ്രവര്‍ത്തനത്തിന്റെ ഭാഗമാകും. ജനകീയ സംരംഭമാക്കി മാറ്റും. 25 മുതല്‍ 31 വരെ വാര്‍ഡ് അടിസ്ഥാന പരിപാടി നടത്തും. ബ്രാഞ്ച് തലം മുതല്‍ പരിപാടികള്‍ സംഘടിക്കും. പൊതു സ്ഥലങ്ങള്‍ മുഴുവന്‍ മാലിന്യ മുക്തമാക്കും. ലോക്കല്‍, ഏരിയ, ജില്ലാ കമ്മിറ്റികള്‍ ചേര്‍ന്ന് മാലിന്യ സംസ്‌കരണ രംഗത്ത് ജനകീയ മുന്നേറ്റം സൃഷ്ടിക്കുമെന്നും ഗോവിന്ദന്‍ അറിയിച്ചു. സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് എല്‍ ഡി എഫ് 14 ജില്ലകളിലും റാലി സംഘടിപ്പിക്കും. വലിയ ജന പങ്കാളിത്തതോടെയാകും റാലിയെന്നും അദ്ദേഹം പറഞ്ഞു.