ബധിരനും മൂകനുമായ ഡീക്കന്‍ ജോസഫ് തേവര്‍മഠം വൈദിക പദവിയിലേക്ക്

ബധിരനും മൂകനുമായ ഡീക്കന്‍ ജോസഫ് തേവര്‍മഠം വൈദിക പദവിയിലേക്ക്


കൊച്ചി: ബധിരനും മൂകനുമായ ജോസഫ് തേവര്‍മഠം വൈദിക പദവിയിലേക്ക്. രാജ്യത്താദ്യമായാണ് കേള്‍ക്കാനും സംസാരിക്കാനും കഴിയാത്ത യുവാവ് വൈദികനാകുന്നത്. തൃശ്ശൂര്‍ പേരാമംഗലം സ്വദേശിയായ ബ്രദര്‍ ജോസഫ് തേര്‍മഠമാണ് ഹോളിക്രോസ് (സി.എസ്.എസ്.) എന്ന സന്ന്യാസ സഭയില്‍ ചേര്‍ന്ന് വൈദികനാകുന്നത്.  പുത്തന്‍പള്ളി ഇടവകാംഗമായ തേവര്‍മഠം തോമസ് -റോസി ദമ്പതികളുടെ രണ്ടാമത്തെ മകനായ ജോസഫ് തേവര്‍മഠം തമിഴ്നാട്ടിലെ യേര്‍ക്കാട് വെച്ച് 2020 ല്‍ ആദ്യപടിയായ പ്രഥമ വ്രതവാഗ്ദാനം സ്വീകരിച്ചതിനുശേഷം നാലുവര്‍ഷമായി നടത്തിയ ഒരുക്കങ്ങളുടെ പരിസമാപ്തിയായാണ് അന്തിമ മെയ് 2 വ്യാഴം ഉച്ചകഴിഞ്ഞ് 2 ന് ജോസഫിന് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ അനുഗ്രഹാശിസ്സുകളോടെ വൈദികപട്ടം സ്വീകരിക്കുക.

പൗരോഹിത്യം പഠനകാലത്തുതന്നെ ആഗ്രഹിച്ചിരുന്നെങ്കിലും പ്രായോഗികമാകുമോയെന്ന് സംശയിച്ചു. കാഴ്ചയില്ലാത്ത ഒരാള്‍ വൈദികനായ വാര്‍ത്തകേട്ടത് പ്രചോദനമായി. ഇതോടെയാണ് വൈദികനാകണമെന്നുള്ള ജോസഫിന്റെ മോഹം ആളി കത്തിയത്. തുടര്‍ന്ന് പൗരോഹിത്യം സ്വീകരിക്കുന്നതിന്റെ ഭാഗമായുള്ള പഠനത്തിന് ജോസഫ് അമേരിക്കയ്ക്ക് പോയി. അവിടെ ഡൊമിനിക്കന്‍ മിഷനറീസ് ഫോര്‍ ദി ഡെഫ് അപ്പൊസ്തലേറ്റിന്റെ കീഴില്‍ ദൈവശാസ്ത്രവും ഫിലോസഫിയും പഠിച്ചാണ് തിരിച്ചെത്തിയത്. ആംഗ്യഭാഷയിലൂടെ നന്നായി ആശയവിനിമയം നടത്താന്‍ കഴിയും.

ഹോളിക്രോസ് സന്ന്യാസസഭയ്ക്ക് ബധിര-മൂകര്‍ക്കായി പ്രത്യേകം മിനിസ്ട്രിയുണ്ട്. ഇതിന് നേതൃത്വം നല്‍കുന്ന ഫാ. ബിജു മൂലക്കരയെ ജോസഫ് തേര്‍മഠം സമീപിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ അര്‍പ്പണബോധം തിരിച്ചറിഞ്ഞതോടെ മിനിസ്ട്രിയിലേക്ക് താത്കാലികമായി ചേര്‍ത്തു. 2017-ലാണ് കോട്ടയം അയ്മനത്തുള്ള ഹോളിക്രോസ് ആസ്ഥാനത്ത് ചേര്‍ന്നത്. ഒരുവര്‍ഷം അവിടെയും ഒരുവര്‍ഷം പുണെയിലും പഠിച്ചു. തുടര്‍ന്ന് സന്ന്യാസഭയുടെ യേര്‍ക്കാട്ടുള്ള ആശ്രമത്തില്‍ ഒരുവര്‍ഷത്തെ നൊവീഷ്യേറ്റ് (ഗുരുകുല സമ്പ്രദായത്തിന് സമാനമായ പഠനം) പൂര്‍ത്തിയാക്കി പ്രഥമ വ്രതവാഗ്ദാനം സ്വീകരിച്ച് ളോഹയിട്ടു.

വൈദികനാകുന്നതോടെ സന്ന്യാസസഭയുടെ ബധിര-മൂകര്‍ക്കായുള്ള മിനിസ്ട്രിയില്‍ പ്രവര്‍ത്തിച്ചുതുടങ്ങുമെന്ന് ഫാ. ബിജു മൂലക്കര പറഞ്ഞു. പള്ളികളില്‍ ബധിര-മൂകര്‍ക്കായുള്ള കുര്‍ബാനകള്‍ അര്‍പ്പിക്കാം. സഹോദരനും ബാങ്കുദ്യോഗസ്ഥനുമായ സ്റ്റാലിന്‍ തേര്‍മഠവും ബധിര-മൂകനാണ്. ഇരുവരും മുംബൈയിലാണ് പഠിച്ചത്.