ദേവസ്വം ബോർഡിനെ അഴിമതിമുക്തമാക്കുമെന്ന് കെ മുരളീധരൻ

ദേവസ്വം ബോർഡിനെ അഴിമതിമുക്തമാക്കുമെന്ന് കെ മുരളീധരൻ


തിരുവനന്തപുരം: എല്ലാവരെയും വിശ്വാസത്തിൽ എടുത്ത് പ്രവർത്തിക്കുമെന്നും ഉദ്യോഗസ്ഥരുടെ പൂർണ സഹകരണം ഉറപ്പാക്കുമെന്നും നിയുക്ത മന്ത്രി കെ മുരളീധരൻ പറഞ്ഞു. ദേവസ്വം ബോർഡിനെ അഴിമതിമുക്തമാക്കുക എന്നത് പ്രധാന ലക്ഷ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. സത്യപ്രതിജ്ഞയ്ക്ക് മന്നോടിയായി പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് പ്രതികരണം.

മന്ത്രിസഭയിൽ ആദ്യം വൈദ്യുതി വകുപ്പ് ലഭിച്ചതിൽ മുരളീധരൻ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വൈദ്യുതി വകുപ്പ് മാത്രമെങ്കിൽ ചുമതലയേൽക്കില്ലെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചിരുന്നു. തുടർന്ന് നടന്ന ചർച്ചകൾക്കൊടുവിലാണ് ആരോഗ്യ- ദേവസ്വം വകുപ്പുകൾ അദ്ദേഹത്തിന് നൽകാൻ തീരുമാനമായത്.

അതേസമയം മന്ത്രിസഭയിൽ അംഗമായതിൽ സന്തോഷമുണ്ടെന്ന് നിയുക്ത മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ഏത് വകുപ്പ് നൽകണമെന്നത് മുഖ്യമന്ത്രിയുടെ തീരുമാനമാണെന്നും ടീം യുഡിഎഫ് ശക്തമായ സംഘമാണെന്നും അദ്ദേഹം പറഞ്ഞു. ലഭിക്കുന്ന ഏത് വകുപ്പിലും മികച്ച രീതിയിൽ പ്രവർത്തിക്കാമെന്ന ആത്മവിശ്വാസവും അനൂപ് ജേക്കബ് പ്രകടിപ്പിച്ചു.

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും സത്യപ്രതിജ്ഞയ്ക്ക് മുൻപായി പാളയം പള്ളിയിലെത്തി പ്രാർഥനയിൽ പങ്കെടുത്തു. ഒരു ടീമായി ഒന്നിച്ചാണ് മന്നോട്ടപോകുന്നതെന്നും മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. പുനഃസംഘടനയുമായി ബന്ധപ്പെട്ട അതൃപ്തികൾക്ക് പരിഹാരം കാണാനാകുമെന്നും പാർട്ടിയിൽ ഇത്രയും ഐക്യം ഉണ്ടായ കാലം അടുത്തിടെ ഉണ്ടായിട്ടില്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.