ജറുസലേം: അമേരിക്കയും ഇസ്രയേലും വീണ്ടും ഇറാനെതിരെ സൈനിക നടപടി തുടങ്ങാൻ തയ്യാറെടുക്കുകയാണെന്ന റിപ്പോർട്ടുകൾക്കിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും നടത്തിയ ചർച്ച അന്താരാഷ്ട്ര തലത്തിൽ ആശങ്ക ഉയർത്തി. ഇറാനുമായുള്ള യുദ്ധസാഹചര്യവും പശ്ചിമേഷ്യയിലെ സുരക്ഷാവിഷയങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്തതായാണ് റിപ്പോർട്ടുകൾ.
ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ നടത്തിയ സംയുക്ത ആക്രമണങ്ങൾക്ക് പിന്നാലെ ആഗോള ഇന്ധന പ്രതിസന്ധി രൂക്ഷമായിരുന്നു. തുടർന്ന് വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ദീർഘകാല സമാധാനകരാർ സംബന്ധിച്ച ചർച്ചകൾ പുരോഗമിച്ചില്ല. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട തർക്കവും ഇപ്പോഴും നിലനിൽക്കുകയാണ്.
ഇതിനിടെയാണ് 'ഓപ്പറേഷൻ എപിക് ഫ്യൂറി' അവസാനിപ്പിച്ച അമേരിക്ക, പുതിയ പേരിൽ വീണ്ടും ആക്രമണത്തിന് തയ്യാറെടുക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. 'ഓപ്പറേഷൻ സ്ലെഡ്ജ്ഹാമർ' എന്ന പേരിൽ പുതിയ സൈനിക നീക്കങ്ങൾ ആലോചിക്കുന്നുവെന്നാണ് സൂചന.
ട്രംപുമായി നടത്തിയ ഫോൺചർച്ചയ്ക്ക് പിന്നാലെ നെതന്യാഹു ജറുസലേമിൽ അടിയന്തര സുരക്ഷാ യോഗം ചേർന്നു. വിദേശകാര്യമന്ത്രി ഗിഡിയോൺ സാർ, പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്‌സ്, ദേശീയ സുരക്ഷാമന്ത്രി ഇതാമർ ബെൻ ഗ്വിർ അടക്കമുള്ള പ്രമുഖർ യോഗത്തിൽ പങ്കെടുത്തു. 'ഇറാനെ കുറിച്ച് നമ്മളുടെ കണ്ണുകൾ തുറന്നിരിക്കുകയാണ്. എല്ലാ സാഹചര്യങ്ങൾക്കും നമ്മൾ തയ്യാറാണ്,' എന്ന് നെതന്യാഹു മന്ത്രിസഭാ യോഗത്തിൽ വ്യക്തമാക്കി.
അതേസമയം ട്രംപ് വീണ്ടും ഇറാനെതിരെ കടുത്ത മുന്നറിയിപ്പ് നൽകി. സമാധാന നിർദേശത്തിൽ ഉടൻ തീരുമാനമെടുക്കാത്ത പക്ഷം 'ഇറാനിൽ ഒന്നും അവശേഷിക്കില്ല' എന്നായിരുന്നു ട്രംപിന്റെ പരാമർശം. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്. കൂടാതെ ഈ ആഴ്ച തന്നെ പുതിയ ആക്രമണം ആരംഭിച്ചേക്കാമെന്ന റിപ്പോർട്ടുകളും അമേരിക്കൻ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
ഇറാനുമായുള്ള ചർച്ച പുനരാരംഭിക്കാൻ അമേരിക്ക മുന്നോട്ടുവച്ച പ്രധാന നിബന്ധനകളും പുറത്തുവന്നു. സമ്പുഷ്ടീകരിച്ച 400 കിലോ യുറേനിയം ഇറാൻ കൈമാറണം, ഒരു ആണവ കേന്ദ്രം മാത്രം പ്രവർത്തിപ്പിക്കണം, യുദ്ധനഷ്ടപരിഹാരം നൽകില്ല എന്നീ നിബന്ധനകളാണ് അമേരിക്ക ഉന്നയിച്ചതെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്നാൽ ഉപരോധങ്ങൾ പിൻവലിക്കണം, മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകണം, യുദ്ധനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണം, ഹോർമുസ് കടലിടുക്കിലെ അധികാരം അംഗീകരിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഇറാൻ മുന്നോട്ടുവച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളും നിലപാടിൽ ഇളവ് കാണിക്കാത്ത സാഹചര്യത്തിൽ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീഷണി ശക്തമാകുകയാണ്.
ട്രംപ്-നെതന്യാഹു ചർച്ചയ്ക്ക് പിന്നാലെ ആശങ്ക; ഇറാനെതിരെ വീണ്ടും യുദ്ധമോ?
