കുത്തിയതോട് (ആലപ്പുഴ) : രാഷ്ട്രീയ സ്വാധീനത്തിന്റെ അടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്ന സർക്കാർ പ്രോസിക്യൂട്ടർമാരുടെ പ്രവർത്തനശൈലിയെ രൂക്ഷമായി വിമർശിച്ച് കേരള പൊലീസിൽ നിന്ന് അടുത്തിടെ വിരമിച്ച മുൻ ഡിവൈഎസ്പി വി.എസ് നവാസ്. താൻ അന്വേഷിച്ച കൊലക്കേസിന്റെ വിചാരണയ്ക്കിടെ ഉണ്ടായ അനുഭവം ചൂണ്ടിക്കാട്ടിയാണ് കുത്തിയതോട് പാട്ടുകുളങ്ങര നിവാസിയായ നവാസ് സാമൂഹിക മാധ്യമത്തിൽ ദീർഘ കുറിപ്പ് പങ്കുവെച്ചത്. നീതിതേടിയെത്തുന്ന സാധാരണക്കാർക്ക് നിലവിലെ സംവിധാനത്തിൽ നീതി ലഭിക്കുമോയെന്ന ആശങ്കയും അദ്ദേഹം ഉയർത്തുന്നു.
2012ൽ തമിഴ്‌നാട്ടിലെ നാഗപട്ടണം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ അന്വേഷണം നടത്തി 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ച കൊലക്കേസാണ് 2025ൽ വിചാരണയ്ക്ക് എത്തിയതെന്ന് നവാസ് കുറിക്കുന്നു. എന്നാൽ കേസ് കൈകാര്യം ചെയ്ത പ്രോസിക്യൂട്ടർ സാക്ഷികളെ ശരിയായി തയ്യാറാക്കാതിരുന്നതും ഭാഷാപ്രശ്‌നം പോലും പരിഗണിക്കാതിരുന്നതും കേസ് ദുർബലമാക്കിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
'സാക്ഷികൾ തമിഴരാണ്, ഒന്നും മനസ്സിലാകുന്നില്ല' എന്ന നിലപാടാണ് പ്രോസിക്യൂട്ടർ സ്വീകരിച്ചതെന്നും, ഒരു ട്രാൻസ്ലേറ്ററെ പോലും ഏർപ്പെടുത്തി കേസ് പഠിപ്പിക്കാൻ ശ്രമിച്ചില്ലെന്നും അദ്ദേഹം പറയുന്നു. 'സാക്ഷികൾ മൊഴി പറഞ്ഞില്ലെന്നല്ല, അവരെ കേസ് പഠിപ്പിക്കാതിരുന്നതാണ് യഥാർത്ഥ പ്രശ്‌നം' എന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.
ജില്ലാ കോടതികളിലും ഹൈക്കോടതിയിലും സർക്കാർ പ്രോസിക്യൂട്ടർമാരെ നിയമിക്കാൻ പി.എസ്.സി പോലുള്ള സ്ഥിരം സംവിധാനം ഇല്ലാത്തതും രാഷ്ട്രീയ നിയമനങ്ങളുമാണ് ഇത്തരം അവസ്ഥയ്ക്ക് കാരണമെന്നും നവാസ് ചൂണ്ടിക്കാട്ടുന്നു. ഭരണം മാറമ്പോൾ പാർട്ടിക്ക് വേണ്ടപ്പെട്ടവരെ നിയമിക്കുന്ന രീതിയാണ് തുടരുന്നതെന്നും, അതിലൂടെ കേസ് നടത്താൻ പരിചയമില്ലാത്തവർ പോലും പ്രധാന പദവികളിലെത്തുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
തന്റെ സർവീസ് കാലത്ത് മികച്ച പ്രോസിക്യൂട്ടർമാരെയും കണ്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയ നവാസ്, എല്ലാവരെയും ഒരപോലെ കുറ്റപ്പെടുത്താനല്ല ഈ കുറിപ്പെന്ന് പറയുന്നു. എന്നാൽ നീതിവ്യവസ്ഥയിൽ സാധാരണക്കാർക്ക് വിശ്വാസം നിലനിർത്തണമെങ്കിൽ സർക്കാർ നിയമനങ്ങളിൽ കൂടുതൽ സുതാര്യതയും യോഗ്യതാപരമായ മാനദണ്ഡങ്ങളും വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
പോലീസ് സേനയിലെ പി.എസ്.ഒ ഡ്യൂട്ടി സംവിധാനത്തെയും കുറിപ്പിൽ അദ്ദേഹം വിമർശിക്കുന്നുണ്ട്. വർഷങ്ങളോളം സ്റ്റേഷൻ ജോലിയിൽ നിന്ന് അകന്ന് സുരക്ഷാ ചുമതലകളിൽ തുടരുന്ന ചില പൊലീസുകാർക്ക് അടിസ്ഥാന അന്വേഷണ പരിചയം പോലും നഷ്ടമാകുന്ന സാഹചര്യമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അവസാനത്തിൽ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനും പുതിയ മന്ത്രിസഭയ്ക്കും ആശംസകൾ നേർന്ന നവാസ്, സംവിധാനങ്ങളിലെ ഇത്തരം പോരായ്മകൾ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയും പങ്കുവെക്കുന്നു.
'കൊലക്കേസ് പോലും സെറ്റിൽഡ് കേസ് പോലെ'; പ്രോസിക്യൂട്ടർമാരുടെ അനാസ്ഥ തുറന്നുകാട്ടി മുൻ ഡിവൈഎസ്പിയുടെ കുറിപ്പ്
