ഇറ്റലിയിൽ ജനക്കൂട്ടത്തിനിടയിലേക്ക് കാർ പാഞ്ഞുകയറി; കത്തിയുമായി ഇറങ്ങിയ ഡ്രൈവറെ കീഴടക്കി നാട്ടുകാർ

ഇറ്റലിയിൽ ജനക്കൂട്ടത്തിനിടയിലേക്ക് കാർ പാഞ്ഞുകയറി; കത്തിയുമായി ഇറങ്ങിയ ഡ്രൈവറെ കീഴടക്കി നാട്ടുകാർ


മൊഡേന:  ഇറ്റലിയിലെ മൊഡേന നഗരത്തിൽ ജനക്കൂട്ടത്തിനിടയിലേക്ക് കാർ പാഞ്ഞുകയറി നിരവധി പേരെ പരിക്കേൽപ്പിച്ച സംഭവത്തിൽ, കത്തിയുമായി രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ നാല് നാട്ടുകാർ ചേർന്ന് കീഴടക്കി പൊലീസിന് കൈമാറി. ശനിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.

മൊഡേന നഗരമധ്യത്തിലെ തിരക്കേറിയ വിയ എമിലിയ റോഡിലേക്കാണ് കാർ അതിവേഗത്തിൽ പാഞ്ഞുകയറിയത്. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവരിൽ ഒരു സ്ത്രീയുടെ രണ്ട് കാലുകളും മുറിച്ചുമാറ്റേണ്ടിവന്നതായി പ്രോസിക്യൂട്ടർ വ്യക്തമാക്കി. മറ്റൊരു ഇരയും അതീവ ഗുരുതരാവസ്ഥയിലാണ്.

അപകടത്തിന് പിന്നാലെ കാറിൽ നിന്ന് പുറത്തിറങ്ങിയ ഡ്രൈവർ കത്തി വീശിക്കൊണ്ട് രക്ഷപ്പെടാൻ ശ്രമിച്ചു. ഇതോടെ സമീപത്തുണ്ടായിരുന്ന നാല് പേർ ചേർന്ന് ഇയാളെ പിന്തുടർന്ന് നിലത്തിട്ട് കീഴടക്കി. തടയാൻ ശ്രമിച്ച ഒരാൾക്ക് കത്തേറ്റെങ്കിലും പരുക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.

സംഭവസമയത്ത് പരിക്കേറ്റ സ്ത്രീയെ സഹായിക്കുകയായിരുന്ന ലൂക്ക സിഗ്‌നൊറേലി എന്നയാളും ചേർന്നാണ് ഡ്രൈവറെ പിന്തുടർന്ന് പിടികൂടിയത്. ഡ്രൈവർ കത്തിയുമായി ആക്രമിക്കാൻ ശ്രമിച്ചതായും താൻ അത് തടഞ്ഞതായും അദ്ദേഹം പറഞ്ഞു.

'അയാൾ കാറുകൾക്കിടയിലൂടെ ഓടി മറഞ്ഞു. പിന്നീട് കത്തിയുമായി തിരികെ വന്നു. ഞങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ നടന്നു. എന്നെ രണ്ടുതവണ കുത്താൻ ശ്രമിച്ചു,' എന്നാണ് ലൂക്കയുടെ വെളിപ്പെടുത്തൽ.

സംഭവത്തിൽ ജർമ്മനി, പോളണ്ട് സ്വദേശികളായ രണ്ട് വിനോദസഞ്ചാരികൾക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

31 വയസ്സുള്ള പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ബിസിനസ് അഡ്മിനിസ്‌ട്രേഷൻ ബിരുദധാരിയാണെന്നും ഇപ്പോൾ തൊഴിൽ രഹിതനാണെന്നും അധികൃതർ പറഞ്ഞു. 2022ൽ മാനസികാരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഇയാളെ ചികിത്സയ്ക്ക് അയച്ചിരുന്നുവെന്നും പിന്നീട് നിരീക്ഷണം നഷ്ടമായതായും അധികൃതർ വ്യക്തമാക്കി.

സംഭവത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം പരോഗമിക്കുകയാണ്. ജനക്കൂട്ടം കൂടുതലായിരുന്ന സമയത്താണ് ആക്രമണം നടന്നതെന്നും പൊതുസുരക്ഷയെ ലക്ഷ്യമിട്ട നീക്കമാണിതെന്നും പ്രോസിക്യൂട്ടർ പറഞ്ഞു.

സംഭവത്തിന് പിന്നാലെ നഗരമധ്യത്തിൽ ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടി ഐക്യദാർഢ്യ സമ്മേളനം നടത്തി. ആക്രമണത്തെ അപലപിച്ച ഇറ്റലി പ്രധാനമന്ത്രി ജിയോർജിയ മെലോണി ഗ്രീസ് സന്ദർശനം ചുരുക്കി മൊഡേനയിലെത്തി പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു.