ഡെമോക്രാറ്റിക് പാർട്ടിയെ 'അടിമുടി' മാറ്റാൻ ടെക് കോടീശ്വരന്റെ നീക്കം

ഡെമോക്രാറ്റിക് പാർട്ടിയെ 'അടിമുടി' മാറ്റാൻ ടെക് കോടീശ്വരന്റെ നീക്കം


സാൻഫ്രാൻസിസകോ: അമേരിക്കൻ രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ച് ടെക് ലോകത്തെ കോടീശ്വരനും മുൻ സ്‌ട്രൈപ്പ് എൻജിനീയറുമായ സൈകത് ചക്രബർത്തി. ഡെമോക്രാറ്റിക് പാർട്ടിയുടെ നിലവിലെ രാഷ്ട്രീയ സമീപനം പൂർണമായും മാറ്റിമറിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. പാർട്ടിക്കുള്ളിലെ പഴയ നേതൃത്വരീതികളെയും കോർപ്പറേറ്റ് സ്വാധീനങ്ങളെയും വെല്ലുവിളിച്ചാണ് സൈകത് പുതിയ രാഷ്ട്രീയ നീക്കങ്ങൾക്ക് തുടക്കമിടുന്നത്.

ഇന്ത്യൻ വംശജനായ സൈകത് ചക്രബർത്തി, ഓൺലൈൻ പേയ്‌മെന്റ് കമ്പനിയായ സ്‌ട്രൈപ്പിന്റെ സ്ഥാപക എൻജിനീയർമാരിൽ ഒരാളായാണ് ശ്രദ്ധ നേടിയത്. ടെക് മേഖലയിലൂടെ സമ്പാദിച്ച കോടികൾ ഇപ്പോൾ പുരോഗമന രാഷ്ട്രീയത്തിനായി വിനിയോഗിക്കാനാണ് തീരുമാനം. അമേരിക്കയിൽ സാമൂഹിക സമത്വം, തൊഴിലാളി അവകാശങ്ങൾ, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസ പരിഷ്‌കരണം തുടങ്ങിയ വിഷയങ്ങൾ മുൻനിർത്തിയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഇടപെടൽ.

ഡെമോക്രാറ്റിക് പാർട്ടി സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങളിൽ നിന്ന് അകന്നുവെന്നാണ് സൈകതിന്റെ വിമർശനം. വലിയ കമ്പനികളുടെയും സമ്പന്നരുടെയും താൽപര്യങ്ങൾക്കാണ് പാർട്ടി മുൻഗണന നൽകുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. പാർട്ടിക്കുള്ളിൽ പുതുതലമുറ നേതാക്കളെ ഉയർത്തിക്കൊണ്ടുവരാനും പുരോഗമന ആശയങ്ങളുള്ള സ്ഥാനാർഥികളെ വിജയിപ്പിക്കാനുമാണ് പുതിയ രാഷ്ട്രീയ ക്യാംപെയിൻ ലക്ഷ്യമിടുന്നത്.

ഇതിനായി വലിയ തോതിൽ സാമ്പത്തിക സഹായവും സംഘടനാപരമായ പിന്തുണയും നൽകാൻ സൈകത് തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കൻ രാഷ്ട്രീയത്തിൽ ടെക് മേഖലയിലെ സമ്പന്നരുടെ സ്വാധീനം വർധിക്കുന്ന സാഹചര്യത്തിൽ സൈകതിന്റെ നീക്കങ്ങൾ ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.