വി.ഡി. സതീശൻ സർക്കാർ അധികാരത്തിലേക്ക്; സെൻട്രൽ സ്റ്റേഡിയത്തിൽ വമ്പൻ സത്യപ്രതിജ്ഞാ ഒരുക്കങ്ങൾ

വി.ഡി. സതീശൻ സർക്കാർ അധികാരത്തിലേക്ക്; സെൻട്രൽ സ്റ്റേഡിയത്തിൽ വമ്പൻ സത്യപ്രതിജ്ഞാ ഒരുക്കങ്ങൾ


തിരുവനന്തപുരം: പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം യുഡിഎഫ് വീണ്ടും അധികാരത്തിലേക്ക് എത്തുന്ന വി.ഡി. സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കായി തലസ്ഥാന നഗരം ഒരുങ്ങി. ഇന്ന് രാവിലെ 10ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് ചടങ്ങ് നടക്കുക. കാലാവസ്ഥ പരിഗണിച്ച് മൂന്ന് വലിയ പന്തലുകളും 15,000ത്തിലധികം ഇരിപ്പിടങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് യുഡിഎഫ് പ്രവർത്തകരാണ് ഇന്നലെ മുതൽ തിരുവനന്തപുരത്തെത്തിയത്. ചടങ്ങ് നേരിട്ട് കാണാൻ സാധിക്കാത്തവർക്കായി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ കൂറ്റൻ എൽഇഡി സ്‌ക്രീനുകളും സ്ഥാപിച്ചിട്ടുണ്ട്. പ്രമുഖ നേതാക്കൾ രാവിലെ ഒമ്പതിന് വേദിയിലെത്തും.

മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള 21 അംഗ മന്ത്രിസഭയാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. ഇതിൽ മുഖ്യമന്ത്രിയുൾപ്പെടെ 14 പേർ ആദ്യമായാണ് മന്ത്രിസ്ഥാനത്തെത്തുന്നത്. മന്ത്രിമാരുടെ പട്ടിക ഇന്നലെ ഗവർണർക്ക് കൈമാറിയിരുന്നു. വകുപ്പുവിഭജനം സംബന്ധിച്ച അന്തിമ തീരുമാനം സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവർണറെ അറിയിക്കും.

മന്ത്രിസഭയിൽ രണ്ട് വനിതാ മന്ത്രിമാരുമുണ്ട്. മുഖ്യമന്ത്രിയുൾപ്പെടെ 12 മന്ത്രിമാരാണ് കോൺഗ്രസിനുള്ളത്. രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, സണ്ണി ജോസഫ്, കെ. മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, സി.പി. ജോൺ, എ.പി. അനിൽകുമാർ, എൻ. ഷംസുദ്ദീൻ, പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ, ബിന്ദു കൃഷ്ണ, എം. ലിജു, ടി. സിദ്ദിഖ്, കെ.എം. ഷാജി, പി.കെ. ബഷീർ, വി.ഇ. അബ്ദുൽ ഗഫൂർ, കെ.എ. തുളസി, ഒ.ജെ. ജനീഷ് എന്നിവരാണ് മന്ത്രിസഭയിലെ അംഗങ്ങൾ.

മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറാകും. ഷാനിമോൾ ഉസ്മാനാണ് ഡെപ്യൂട്ടി സ്പീക്കർ. ചീഫ് വിപ്പ് പദവി കേരള കോൺഗ്രസിന് നൽകിയിട്ടുണ്ട്. അപു ജോൺ ജോസഫാകും ചീഫ് വിപ്പ്.

മുസ്‌ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനം ലഭിച്ചിട്ടുണ്ട്. കേരള കോൺഗ്രസ്, ആർഎസ്പി, സിഎംപി, കേരള കോൺഗ്രസ് (ജേക്കബ്) എന്നീ ഘടകകക്ഷികൾക്ക് ഓരോ മന്ത്രി വീതമാണ് ലഭിച്ചത്. കോൺഗ്രസിലും മുസ്‌ലിം ലീഗിലും ഓരോ മന്ത്രിസ്ഥാനം രണ്ടര വർഷത്തിന് ശേഷം പാർട്ടിക്കുള്ളിൽ പങ്കിടും.

ഏകാംഗ കക്ഷികളിൽ അനൂപ് ജേക്കബും മാണി സി. കാപ്പനും തമ്മിൽ മന്ത്രിസ്ഥാനം പങ്കിടുന്നതിലും ധാരണയായി. ആദ്യ ടേം അനൂപ് ജേക്കബിനാണ്. മുഴുവൻ കാലാവധിയും മന്ത്രിസ്ഥാനം വേണമെന്ന നിലപാടിലാണ് അനൂപ് തുടരുന്നത്.

യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഒ.ജെ. ജനീഷ് ഉൾപ്പെടെ ആറു പുതുമുഖ എംഎൽഎമാർ മന്ത്രിസഭയിലെത്തുന്നുവെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും വർക്കിങ് പ്രസിഡന്റുമാരായ എ.പി. അനിൽകുമാറും പി.സി. വിഷ്ണുനാഥും മന്ത്രിസ്ഥാനത്തെത്തുന്നുണ്ട്.