സ്വീഡന്റെ പരമോന്നത ബഹുമതികളിൽ ഒന്ന് മോഡിക്ക്; പ്രധാനമന്ത്രി ക്രിസ്റ്റേഴ്‌സണുമായി നിർണായക ചർച്ച

സ്വീഡന്റെ പരമോന്നത ബഹുമതികളിൽ ഒന്ന് മോഡിക്ക്; പ്രധാനമന്ത്രി ക്രിസ്റ്റേഴ്‌സണുമായി നിർണായക ചർച്ച


ഗോതൻബർഗ്: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സ്വീഡന്റെ പ്രമുഖ സിവിലിയൻ ബഹുമതികളിലൊന്നായ 'റോയൽ ഓർഡർ ഓഫ് ദ പോളർ സ്റ്റാർ - കമാൻഡർ ഗ്രാൻഡ് ക്രോസ്' പുരസ്‌കാരം സമ്മാനിച്ചു. വിദേശ രാഷ്ട്രനേതാക്കൾക്കും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയ പ്രമുഖർക്കുമാണ് ഈ ബഹുമതി നൽകാറുള്ളത്.

അന്താരാഷ്ട്ര നയതന്ത്രം, സഹകരണം, ഉഭയകക്ഷി ബന്ധങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതിൽ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് മോഡിക്ക് ഈ പുരസ്‌കാരം. ഇതോടെ വിവിധ രാജ്യങ്ങളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമായി പ്രധാനമന്ത്രി മോഡിക്ക് ലഭിച്ച അന്താരാഷ്ട്ര ബഹുമതികളുടെ എണ്ണം 31 ആയി.

രണ്ടുദിവസത്തെ സ്വീഡൻ സന്ദർശനത്തിനിടെയാണ് ബഹുമതി സമ്മാനിച്ചത്. സന്ദർശനത്തിന്റെ ഭാഗമായി സ്വീഡൻ പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്‌സണുമായി മോഡി നിർണായക ചർച്ചയും നടത്തി. വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, ഹരിത വികസനം, നവീകരണം, പ്രതിരോധ സഹകരണം തുടങ്ങിയ മേഖലകളിൽ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായിരുന്നു ചർച്ചകൾ.

ഗോതൻബർഗിൽ നടന്ന പ്രതിനിധിതല ചർച്ചയിൽ ഭാവിയിലേക്കുള്ള തന്ത്രപ്രധാന മേഖലകളിൽ ഇന്ത്യ-സ്വീഡൻ സഹകരണം വികസിപ്പിക്കുന്നതിനുള്ള സാധ്യതകളും ഇരുനേതാക്കളും വിലയിരുത്തി.

സ്വീഡനിലെത്തിയ ശേഷം സാമൂഹിക മാധ്യമമായ എക്‌സിൽ പങ്കുവച്ച സന്ദേശത്തിൽ ഇന്ത്യ-സ്വീഡൻ സൗഹൃദം വ്യാപാരം, നിക്ഷേപം, പ്രതിരോധം, നവീകരണം തുടങ്ങിയ മേഖലകളിൽ കൂടുതൽ ശക്തിപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യമെന്ന് മോഡി പറഞ്ഞു. യൂറോപ്യൻ കമ്മിഷൻ അധ്യക്ഷ ഉർസുല വോൺ ഡെർ ലെയനോടും യൂറോപ്യൻ വ്യവസായ നേതാക്കളോടും കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, സ്വീഡൻ വ്യോമപരിധിയിൽ പ്രവേശിച്ചതിന് പിന്നാലെ ഗ്രിപൻ യുദ്ധവിമാനങ്ങൾ പ്രധാനമന്ത്രിയുടെ വിമാനത്തെ അനുഗമിച്ചു. ഗോതൻബർഗ് ലാൻഡ്വെറ്റർ വിമാനത്താവളത്തിൽ പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്‌സൺ നേരിട്ടെത്തിയാണ് മോഡിയെ സ്വീകരിച്ചത്.